
വൈദ്യുത വാഹനങ്ങളുടെ വിൽപ്പനയിലെ കാലതാമസം ചൂണ്ടിക്കാട്ടി പോർഷെ എജിയും അതിന്റെ മാതൃ കമ്പനിയായ ഫോക്‌സ്‌വാഗൺ എജിയും വരുമാന ലക്ഷ്യങ്ങൾ കുറച്ചു. 2025 ലെ വിൽപ്പനയിൽ നിന്നുള്ള പ്രവർത്തന വരുമാനം രണ്ട് ശതമാനം കവിയില്ലെന്ന് പോർഷെ പറഞ്ഞു. മുൻ ലക്ഷ്യം അഞ്ച് ശതമാനം മുതൽ ഏഴ് ശതമാനം വരെയായിരുന്നു. ഈ വർഷം നാലാം തവണയാണ് കമ്പനി മാർഗ്ഗനിർദ്ദേശം വെട്ടിക്കുറയ്ക്കുന്നത്. പ്രഖ്യാപനത്തെത്തുടർന്ന് കമ്പനിയുടെ അമേരിക്കൻ ഡിപോസിറ്ററി റെസിറ്റ് (എഡിആർ) 6.4% കുറഞ്ഞു.
പുതിയ ഇലക്ട്രിക് വാഹന ലോഞ്ചുകൾ മാറ്റിവച്ചതിലൂടെ പ്രവർത്തന ലാഭത്തിന് 1.8 ബില്യൺ യൂറോ (2.2 ബില്യൺ ഡോളർ) നഷ്ടമുണ്ടായതായി കമ്പനി വെളിപ്പെടുത്തി. പോർഷെ കയെന്നിന് മുകളിൽ ലോഞ്ച് ചെയ്യേണ്ടിയരുന്ന ഒരു പൂർണ്ണ-ഇലക്ട്രിക് എസ്‌യുവിയുടെ പദ്ധതികൾ ഉപേക്ഷിക്കുന്നത് ഒരു പ്രധാന മാറ്റമാണ്. പകരം, കംബസ്റ്റൻ, ഹൈബ്രിഡ് പവർട്രെയിനുകൾ മാത്രമേ ഈ മോഡൽ വാഗ്ദാനം ചെയ്യൂ. പ്രതീക്ഷിച്ചതിലും ദുർബലമായ ഇവി ഡിമാൻഡ് ചൂണ്ടിക്കാട്ടി പോർഷെ സ്വന്തം ബാറ്ററികൾ നിർമ്മിക്കാനുള്ള പദ്ധതിയും ഉപേക്ഷിച്ചു.
വർഷങ്ങളായി വൻ നിക്ഷേപം നടത്തിയിട്ടും യൂറോപ്യൻ കാർ നിർമ്മാതാക്കൾ ഇലക്ട്രിക് വാഹന വിൽപ്പനയിലെ മാന്ദ്യവുമായി മല്ലിടുന്ന സാഹചര്യത്തിൽ, വ്യവസായ മേഖലയിലെ വിശാലമായ വെല്ലുവിളികളെ ഈ പിൻവാങ്ങൽ ഉയർത്തിക്കാട്ടുന്നു. ചൈനയിലെ മന്ദഗതിയിലുള്ള ഡിമാൻഡും യുഎസിലെ താരിഫുകളും പോർഷെയുടെ പ്രശ്‌നങ്ങൾ കൂടുതൽ വഷളാക്കി.
അതേസമയം പോർഷെ കൂടുതൽ കംബസ്റ്റൻ-എഞ്ചിൻ, പ്ലഗ്-ഇൻ ഹൈബ്രിഡ് മോഡലുകൾ പ്രോത്സാഹിപ്പിക്കുന്നു. പിരിച്ചുവിടലുകളിലൂടെ ചെലവ് കുറയ്ക്കാനും നേതൃത്വത്തെ നവീകരിക്കാനുമാണ് കമ്പനിയുടെ നീക്കം. നിരവധി എക്സിക്യൂട്ടീവുകളെ ഇതിനകം മാറ്റി, ഫോക്സ്‌വാഗന്റെ തലവനായ സിഇഒ ഒലിവർ ബ്ലൂം, പോർഷെ റോളിൽ നിന്ന് മാറിനിൽക്കാൻ നിക്ഷേപകരിൽ നിന്ന് വർദ്ധിച്ചുവരുന്ന സമ്മർദ്ദം നേരിടുന്നു. പോർഷെ പുതിയ നേതാവിനെ തിരയാൻ തുടങ്ങിയെന്ന് കഴിഞ്ഞ മാസം ബ്ലൂംബർഗ് റിപ്പോർട്ട് ചെയ്തു.
ഫോക്‌സ്‌വാഗൺ വിൽപ്പനയിൽ നിന്നുള്ള പ്രവർത്തന വരുമാനം സംബന്ധിച്ച പ്രവചനം അഞ്ച് ശതമാനത്തിൽ നിന്ന് രണ്ട് മുതൽ മൂന്ന് ശതമാനം ആയി കുറച്ചു. പോർഷെയുടെ പുനഃസംഘടനയുമായി ബന്ധപ്പെട്ട ഏകദേശം മൂന്ന് ബില്യൺ യൂറോയുടെ നോൺ-ക്യാഷ് ഇംപാർട്ടിയെക്കുറിച്ച് മുന്നറിയിപ്പ് നൽകി. പ്രവർത്തന വരുമാന ലക്ഷ്യങ്ങൾ വെട്ടിക്കുറച്ചതിന് ശേഷം ഫോക്‌സ്‌വാഗന്റെ യുഎസിൽ ലിസ്റ്റുചെയ്ത ഓഹരികൾ 4.5 ശതമാനം ഇടിഞ്ഞു.