ഇലക്ട്രിക്ക് സൈക്കിളുകളുമായി പോര്‍ഷെ

By Web TeamFirst Published Mar 10, 2021, 4:00 PM IST
Highlights

പോര്‍ഷ ടൈകാന്‍ ഓള്‍ ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ട്ടി സ്വഭാവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇരുമോഡലുകളും നിര്‍മ്മിച്ചത്.

ജര്‍മ്മന്‍ ആഡംബര സൂപ്പര്‍ കാര്‍ നിര്‍മ്മാതാക്കാളായ പോര്‍ഷെ ഇലക്ട്രിക്ക് സൈക്കിള്‍ നിര്‍മ്മാണത്തിലേക്ക് കടക്കുന്നു. രണ്ടു പുതിയ ഇലക്ട്രിക് ബൈസിക്കിളുകളെ കമ്പനി വിപണിയില്‍ അവതരിപ്പിച്ചു. പോര്‍ഷ ഇ ബൈക്ക് സ്‌പോര്‍ട്ട്, പോര്‍ഷ ഇ ബൈക്ക് ക്രോസ് എന്നീ രണ്ടു മോഡലുകളാണ് കമ്പനി അവതരിപ്പിച്ചതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു.

പോര്‍ഷ ടൈകാന്‍ ഓള്‍ ഇലക്ട്രിക് കാറിന്റെ സ്‌പോര്‍ട്ടി സ്വഭാവത്തില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഇരുമോഡലുകളും നിര്‍മ്മിച്ചത്. ഇലക്ട്രിക് ബൈക്ക് വിദഗ്ധരായ റോട്ട്‌വൈല്‍ഡുമായി സഹകരിച്ച് വികസിപ്പിച്ച രണ്ട് മോഡലുകളും ജര്‍മനിയിലെ ഡീബര്‍ഗിലാണ് നിര്‍മിച്ചിരിക്കുന്നത്.

മികച്ച പെര്‍ഫോമന്‍സ് ഉറപ്പുവരുത്തുന്നതിന് ഫുള്‍ സസ്‌പെന്‍ഷന്‍ കാര്‍ബണ്‍ ഫ്രെയിം, കരുത്തുറ്റതും പുതു തലമുറയില്‍പ്പെട്ടതുമായ ‘ഷിമാനോ’ മോട്ടോര്‍, ‘മഗൂറ’ ഹൈ പെര്‍ഫോമന്‍സ് ബ്രേക്കുകള്‍ എന്നിവ ഇലക്ട്രിക് ബൈക്കുകളുടെ സവിശേഷതകളാണെന്ന് കമ്പനി പറയുന്നു.  ദൈനംദിന സവാരികള്‍ക്ക് അനുയോജ്യമാണ് പോര്‍ഷ ഇ ബൈക്ക് സ്‌പോര്‍ട്ട്.

ഷിമാനോ ഇപി8 മോട്ടോറാണ് ഇ ബൈക്ക് സ്‌പോര്‍ട്ടിന്‍റെ ഹൃദയം. മണിക്കൂറില്‍ 25 കിലോമീറ്ററാണ് ഏറ്റവും ഉയര്‍ന്ന വേഗത. പരമാവധി പെര്‍ഫോമന്‍സ് ഉറപ്പുനല്‍കുന്നതാണ് ഷിമാനോ ഇലക്ട്രോണിക് ഗിയര്‍ ഷിഫ്റ്റിംഗ് സിസ്റ്റം. സവിശേഷ ഡിസൈന്‍ ലഭിച്ചതാണ് കോക്പിറ്റ്. ‘സൂപ്പര്‍നോവ’യുടെ എം99 എല്‍ഇഡി ലൈറ്റുകള്‍ നല്‍കി. ഉന്നത നിലവാരമുള്ള മഗൂറ അപ്‌സൈഡ് ഡൗണ്‍ (യുഎസ്‍ഡി) ഫോര്‍ക്കുകള്‍, പിറകില്‍ ‘ഫോക്‌സ്’ ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് സസ്‌പെന്‍ഷന്‍ നിര്‍വഹിക്കുന്നത്. അസ്ഫാല്‍റ്റിലും അത്ര ദുഷ്‌കരമല്ലാത്ത ഭൂപ്രതലങ്ങളിലും സുഗമമായി ഓടുന്ന ടയറുകള്‍ നല്‍കി. നഗര വീഥികളിലും ഗ്രാമ പ്രദേശങ്ങളിലും ജോലിക്കുപോകുമ്പോഴും ഒഴിവുസമയങ്ങള്‍ ചെലവഴിക്കാനും പോര്‍ഷ ഇ ബൈക്ക് സ്‌പോര്‍ട്ട് ഉപയോഗിക്കാം.

നാട്ടിന്‍പുറത്തെ വീടുകളിലും തകര്‍ന്ന പാതകളിലും മറ്റും ഉപയോഗിക്കാന്‍ കഴിയുന്നതാണ് പോര്‍ഷ ഇ ബൈക്ക് ക്രോസ്. ഷിമാനോ പുതുതായി വികസിപ്പിച്ച കരുത്തുറ്റ മോട്ടോറാണ് ഈ സൈക്കിളിന്‍റെ ഹൃദയം. ദുഷ്‌കരമായ ഭൂപ്രതലങ്ങളില്‍ മുഴുവന്‍ ശേഷിയും പുറത്തെടുക്കുന്ന ഇലക്ട്രിക് ബൈക്ക്, പരമാവധി പെര്‍ഫോമന്‍സ് കാഴ്ച്ചവെയ്ക്കുകയും ചെയ്യും. റൈഡറുടെ ആവശ്യങ്ങള്‍ക്കും ഭൂപ്രതലങ്ങള്‍ക്കും അനുസൃതമായി അതിവേഗ ഗിയര്‍ ഷിഫ്റ്റുകള്‍ നടത്തുന്നതാണ് ഷിമാനോ എക്‌സ്ടി 12 ഫോള്‍ഡ് ഷിഫ്റ്റിംഗ് സിസ്റ്റം. ക്രാങ്ക്ബ്രദേഴ്‌സ് ഹൈലൈന്‍ സീറ്റ് അനുയോജ്യമായ പൊസിഷന്‍ സ്വീകരിക്കുന്നതിന് അതിവേഗം ക്രമീകരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.  വളരെ വലുതും ചൂടിനെ പ്രതിരോധിക്കുന്ന ഡിസ്‌ക്കുകള്‍ നല്‍കിയതുമാണ് ‘മഗൂറ എംടി ട്രയല്‍’ ഹൈ പെര്‍ഫോമന്‍സ് ബ്രേക്കുകള്‍ എന്നും കമ്പനി അവകാശപ്പെടുന്നു.

എപ്പോഴും പൂര്‍ണ നിയന്ത്രണം ലഭിക്കും വിധമാണ് ഹാന്‍ഡില്‍ബാറുകള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. ഇലക്ട്രിക് ബൈക്കിന്റെ വേഗത, ദൂരം, തല്‍സമയ റേഞ്ച് എന്നിവ കാണിക്കുന്നതാണ് ഷിമാനോ കളര്‍ ഡിസ്‌പ്ലേ. അഡ്വഞ്ചര്‍, സ്റ്റൈല്‍ എന്നിവ ഒരുമിപ്പിച്ചിരിക്കുന്നതാണ് ഫുള്‍ സസ്‌പെന്‍ഷന്‍ കാര്‍ബണ്‍ ഫ്രെയിം. തല്‍ക്കാലം യൂറോപ്പില്‍ മാത്രമായിരിക്കും ഈ ഇലക്ട്രിക് ബൈക്കുകള്‍ ലഭിക്കുക എന്നായിരിക്കും റിപ്പോര്‍ട്ടുകള്‍. 
 

click me!