ഇന്ത്യൻ സൈന്യത്തിനായി ഒരു വീരനെ ദില്ലിയില്‍ സമ്മാനിച്ച് പ്രവൈഗ്

By Web TeamFirst Published Jan 16, 2023, 11:16 AM IST
Highlights

2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്സ്. 

മെയിഡ് ഇൻ ഇന്ത്യ, പ്രവൈഗ് വീർ ഇലക്ട്രിക് മിലിട്ടറി എസ്‌യുവി നടന്നുകൊണ്ടിരിക്കുന്ന 2023 ദില്ലി ഓട്ടോ എക്‌സ്‌പോയിൽ അവതരിപ്പിച്ച് ബെംഗളൂരു ആസ്ഥാനമായുള്ള ഇവി സ്റ്റാര്‍ട്ട്-അപ്പ് കമ്പനിയായ പ്രവൈഗ് ഡൈനാമിക്സ്. പാസഞ്ചർ വാഹന വിഭാഗത്തിലേക്കുള്ള പ്രവൈഗ് ഡെഫി ഇലക്ട്രിക് എസ്‌യുവിയ്‌ക്കൊപ്പമാണ് മോഡൽ പ്രദർശിപ്പിച്ചത്. വാതിലുകളില്ലാതെയും കൃത്യമായ ഹാർഡ് ടോപ്പില്ലാതെയും പോരാട്ട തീം ഉള്ള വീർ എസ്‍യുവി പ്രതിരോധം, സാഹസികത, ഓഫ് റോഡിംഗ് ആവശ്യങ്ങൾക്ക് വേണ്ടിയുള്ളതാണ്. മോഡൽ ഇപ്പോൾ അതിന്റെ പ്രാരംഭ വികസന ഘട്ടത്തിലാണ്. ഡെഫിക്ക് സമാനമായി, വീർ മിലിട്ടറി എസ്‌യുവിയിൽ ഡ്യുവൽ-മോട്ടോറും AWD (ഓൾ-വീൽ ഡ്രൈവ്) സംവിധാനവും ഉള്ള 90kWh ബാറ്ററി പായ്ക്ക് ഉപയോഗിക്കുന്നു.

വീര്‍ ഇവിയുടെ ബാറ്ററിക്ക് 10 ലക്ഷം കിലോമീറ്ററിലധികം ലൈഫ് ഉണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു. ഇത് പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഉദ്ദേശിച്ചിട്ടുള്ള ഒരു കാറിന് മികച്ച സവിശേഷതയായിരിക്കും. സായുധ സേനയുടെ ഉപയോഗം ലക്ഷ്യമിട്ടുള്ള വീര്‍ ഇവി നിര്‍മാതാക്കളായ പ്രവൈഗ് ഇതിനോടകം തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഡിഫി എസ്‌യുവിയെ അടിസ്ഥാനമാക്കി, നേക്കഡ് ബോണ്‍ ഘടനയുള്ള വീറിന് റോള്‍ബാര്‍, ബോണറ്റ്, ഫെന്‍ഡറുകള്‍, ബൂട്ട് എന്നിവ പോലുള്ള അവശ്യ സാധനങ്ങള്‍ മാത്രമേ സ്റ്റാന്‍ഡേര്‍ഡായി ലഭിക്കുന്നുള്ളൂ.

വാഹനത്തിലെ എഞ്ചിൻ പരമാവധി 402 ബിഎച്ച്പി കരുത്തും 620 എൻഎം ടോർക്കും നൽകുന്നു. ഒറ്റ ചാർജിൽ 500 കിലോമീറ്ററില്‍ അധികം സഞ്ചരിക്കാൻ മിലിട്ടറി എസ്‌യുവിക്ക് കഴിയുമെന്ന് കാർ നിർമ്മാതാക്കൾ പറയുന്നു. ഇതിന്റെ ബാറ്ററി ലൈഫ് 2,50,000 കിലോമീറ്ററാണ്. ഫാസ്റ്റ് ചാർജർ ഉപയോഗിക്കുന്നതിലൂടെ, വെറും 30 മിനിറ്റിനുള്ളിൽ പൂജ്യം മുതൽ 80 ശതമാനം വരെ ബാറ്ററി ചാർജ് ചെയ്യാൻ കഴിയും. ഇലക്ട്രിക് എസ്‌യുവി 4.9 സെക്കൻഡിനുള്ളിൽ പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും മണിക്കൂറിൽ 210 കിലോമീറ്റർ വേഗത കൈവരിക്കുമെന്നും പറയപ്പെടുന്നു. ഇതിന് 234 എംഎം ഗ്രൗണ്ട് ക്ലിയറൻസും 900 എംഎം വരെ വാട്ടർ വേഡിംഗ് ശേഷിയുമുണ്ട്.

പ്രവൈഗ് വീറിന് മികച്ച ഡിസൈൻ ഉണ്ട്. അതിന്റെ ജാക്ക്-അപ്പ് ബമ്പറുകൾ വാഹനത്തെ വേറിട്ടതാക്കുന്നു. മെറ്റലിലേക്ക് ബോൾട്ട് ചെയ്‍ത പ്രൊജക്ടർ ഹെഡ്‌ലാമ്പ് സജ്ജീകരണത്തോടെയാണ് ഇത് വരുന്നത്. ഇലക്ട്രിക് എസ്‌യുവിക്ക് ഡ്യുവൽ സ്‌ക്രീൻ സജ്ജീകരണമുണ്ട്. ഒന്ന് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനും (പൂർണ്ണമായി ഡിജിറ്റൽ) മറ്റൊന്ന് ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തിനും.

സ്റ്റിയറിംഗ് വീലിന് നിയന്ത്രണ ബട്ടണുകൾ ഇല്ല. പ്രദർശിപ്പിച്ച മോഡലിന് പരമ്പരാഗത കീഹോൾ സജ്ജീകരണമുണ്ടെങ്കിലും അവസാന പതിപ്പിന് എഞ്ചിൻ സ്റ്റാർട്ട്-സ്റ്റോപ്പ് ബട്ടൺ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുതിയ പ്രവൈഗ് മിലിട്ടറി എസ്‌യുവിയിൽ റിമോട്ട് സർവീസിംഗ് സഹായവും അപ്‌ഗ്രേഡബിൾ സോഫ്‌റ്റ്‌വെയറും ഹാർഡ്‌വെയറും ഉണ്ട്.

കൂടാതെ എല്ലാ കണ്‍ട്രോളുകള്‍ക്കും കേന്ദ്രീകൃതമായി ഘടിപ്പിച്ച ടച്ച്സ്‌ക്രീന്‍ മാത്രമേ ലഭിക്കൂ. സൈന്യത്തിന് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് വീറിന്റെ ഇന്റീരിയര്‍ ലേഔട്ട് ഇഷ്ടാനുസൃതമാക്കാനും ക്രമീകരിക്കാനും കഴിയുമെന്ന് പ്രവൈഗ് അവകാശപ്പെടുന്നു. ഈ അടിസ്ഥാന ഇന്റീരിയറും എക്സ്റ്റീരിയര്‍ ലേഔട്ടും ഉണ്ടായിരുന്നിട്ടും, വീറില്‍ ആറ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ടയര്‍ പ്രഷര്‍ മോണിറ്ററിംഗ് സിസ്റ്റം, 12 അള്‍ട്രാ സോണിക് സെന്‍സറുകളുള്ള 360 ഡിഗ്രി ക്യാമറ, അഡാപ്റ്റീവ് എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, 77GHz റഡാര്‍ എന്നിവയും ഇതിന് ലഭിക്കുന്നു.

വീറിന് റണ്‍-ഫ്‌ലാറ്റ് ടയറുകള്‍ ലഭിക്കുന്നു, ഇത് ടയറുകള്‍ പഞ്ചറാകുമ്പോള്‍ പോലും അത് കൈകാര്യം ചെയ്യാന്‍ അനുവദിക്കുന്നു. വീര്‍ ഇവിക്ക് 4,940 എംഎം നീളവും 1,950 എംഎം വീതിയും 1,650 എംഎം ഉയരവുമുണ്ട്. 3,030 എംഎം വീല്‍ബേസാണ് ഇലക്ട്രിക് ഓഫ് റോഡര്‍ വാഗ്ദാനം ചെയ്യുന്നത്. ഇതിന് നാല് സീറ്റുകളുണ്ട്, ഉപകരണങ്ങള്‍ പായ്ക്ക് ചെയ്യാനും ശരിയായി സുരക്ഷിതമാക്കാനും ധാരാളം സ്ഥലമുണ്ട്. വീറിന് 1,870 കിലോഗ്രാം ഭാരമുണ്ട്, 2,500 കിലോഗ്രാം വലിക്കാനും 690 കിലോഗ്രാം ചരക്ക് വഹിക്കാൻ സാധിക്കുമെന്നും പ്രവൈഗ് അവകാശപ്പെടുന്നു.

click me!