140 കിമീ വേഗതയില്‍ നിയന്ത്രണം പോയി, കാര്‍ നിര്‍ത്തിയത് പൊലീസ്!

Published : Mar 14, 2019, 06:00 PM IST
140 കിമീ വേഗതയില്‍ നിയന്ത്രണം പോയി, കാര്‍ നിര്‍ത്തിയത് പൊലീസ്!

Synopsis

മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്‍ടപ്പെട്ടു. പൊലീസിന്‍റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി.

മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്നതിനിടെ കാറിന്‍റെ നിയന്ത്രണം നഷ്‍ടപ്പെട്ടു. പൊലീസിന്‍റെ സമയോചിതമായ ഇടപടലിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. യുഎഇഇലെ റാസല്‍ഖൈമ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം

ഡ്രൈവർ ആക്സിലേറ്റർ അമർത്താതെ തന്നെ വാഹനം നിശ്ചിത വേഗത്തിൽ സഞ്ചരിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയായ ക്രൂസ് കൺട്രോളിൽ‌ 140 കിലോമീറ്റര്‍ വേഗത്തിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ഈ സംവിധാനത്തില്‍ എത്രവേഗത്തിലാണ് വാഹനം ഓടേണ്ടത് എന്ന് ഡ്രൈവർക്ക് തീരുമാനിക്കാം. ക്രൂസ് കൺട്രോൾ പ്രവർത്തിപ്പിച്ചാൽ പിന്നെ ആക്സിലറേറ്ററിൽ അമർത്തേണ്ട കാര്യമില്ല. ബ്രേക്ക് അമർത്തിയാൽ ക്രൂസ് കൺട്രോൾ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്യും. 

ഈ ക്രൂസ് കണ്‍ട്രോള്‍ അപ്രതീക്ഷിതമായി തകരാറിലായതാണ് റാസല്‍ഖൈമയിലെ അപകടത്തിന്‍റെ കാരണം. വേഗത കുറയ്ക്കാന്‍ നോക്കിയപ്പോഴാണ് വാഹനത്തിന്‍റെ ബ്രേക്ക് തകരാറിലായ കാര്യം സ്വദേശി പൗരനായ ഡ്രൈവര്‍ തിരിച്ചറിയുന്നത്. ഇതോടെ വാഹനത്തിന്‍റെ വേഗം കുറയ്ക്കാനോ ബ്രേക്കു ചെയ്യാനോ ഡ്രൈവർക്ക് കഴിയാതെ വന്നു. ഇതേ തുടർന്ന്  ഉടന്‍തന്നെ പൊലീസിനെ ഫോണില്‍ വിവരമറിയിച്ചു. ഡ്രൈവറെ സമാധാനിപ്പിച്ച അധികൃതര്‍ മനഃസാന്നിദ്ധ്യം കൈവിടാതെ വാഹനം നിയന്ത്രിക്കാനും സഹായത്തിന് ഉടന്‍ പൊലീസ് എത്തുമെന്നും അദ്ദേഹത്തോട് പറഞ്ഞു. തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ നിന്ന് പൊലീസ് പട്രോള്‍ വാഹനങ്ങള്‍ അപകടത്തിലായ കാറിനെ തേടി പാഞ്ഞു.

സാഹസികമായിട്ടായിരുന്നു പൊലീസിന്‍റെ ഇടപെടല്‍. മുന്നിലുള്ള റോഡില്‍ നിന്നു മറ്റു വാഹനങ്ങളെ നിയന്ത്രിച്ച ശേഷം ഒരു പൊലീസ് പട്രോള്‍ കാര്‍ തകരാറിലായ വാഹനത്തിന്‍റെ നേരെ മുന്നിലെത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവാഹനങ്ങളും തമ്മില്‍ കൂട്ടിമുട്ടിയതിന് ശേഷം വേഗത കുറച്ചു കൊണ്ടുവന്ന് സുരക്ഷിതമായി നിര്‍ത്തുകയായിരുന്നു. 

അടുത്തിടെ ഇതേ റോഡില്‍ മറ്റൊരു സ്വദേശി യുവതി ഓടിച്ചിരുന്ന കാറിനും ഇതേ തരത്തില്‍ തകരാര്‍ സംഭവിച്ചിരുന്നു. പൊലീസാണ് അന്നും വാഹനം നിര്‍ത്തി ഡ്രൈവറെ രക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം അബുദാബി-അല്‍ഐന്‍ റോഡില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കവെ സമാന രീതിയില്‍ തകരാറിലായ മറ്റൊരു വാഹനത്തെ 15ഓളം പൊലീസ് പട്രോള്‍ വാഹനങ്ങള്‍ അണിനിരന്നാണ്  രക്ഷിച്ചത്. മുമ്പ് ചൈനയിലും സമാനമായ അപകടം നടന്നിരുന്നു. അന്നും 120 കിലോമീറ്റർ വേഗത്തിൽ സഞ്ചരിച്ച കാർ പൊലീസിന്‍റെ സഹായത്തോടെയാണ് നിർത്തിയത്.
 

PREV
click me!

Recommended Stories

വില 6.25 ലക്ഷം, മൈലേജ് 31 കിലോമീറ്റർ; എതിരാളികൾ ഈ ജനപ്രിയനേക്കാൾ ബഹുദൂരം പിന്നിൽ!
ഫാര്‍മ സപ്ലൈ ചെയിന്‍ ശക്തമാക്കാൻ റീമ ട്രാന്‍സ്‌പോര്‍ട്ടിന് ടാറ്റ മോട്ടോഴ്‌സ് കൊമേഴ്ഷ്യല്‍ വാഹനങ്ങൾ