Latest Videos

മോഹവിലയില്‍ ആ കൊമ്പന്‍ എത്താന്‍ ഇനി ദിവസങ്ങള്‍ മാത്രം, ആവേശത്തില്‍ ബുള്ളറ്റ് പ്രേമികള്‍!

By Web TeamFirst Published Aug 14, 2021, 10:38 AM IST
Highlights

ഇപ്പോഴിതാ ബുള്ളറ്റ് ആരാധകരുടെ കാത്തിരിപ്പുകൾക്ക്​ വിരാമമിട്ട്​ ക്ലാസിക്കിന്‍റെ അവതരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്​ റോയൽ എൻഫീൽഡ്​​. 

റോയൽ എൻഫീൽഡ്​ ക്ലാസിക്​ 350യുടെ പരിഷ്​കരണ വാർത്ത ഏറെ നാളായി പറഞ്ഞുകേൾക്കുന്ന ഒന്നാണ്. വാഹനത്തിന്‍റെ ചിത്രങ്ങൾ പലതവണ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നിട്ടുണ്ട്​. ഇപ്പോഴിതാ ബുള്ളറ്റ് ആരാധകരുടെ കാത്തിരിപ്പുകൾക്ക്​ വിരാമമിട്ട്​ ക്ലാസിക്കിന്‍റെ അവതരണ തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്​ റോയൽ എൻഫീൽഡ്​​. ഓഗസ്​റ്റ്​ 27ന്​ വാഹനം പുറത്തിറങ്ങുമെന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. 

പൂർണമായും നിർമാണം പൂർത്തിയായ പുത്തന്‍ ക്ലാസിക്ക് 350ന്‍റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. രണ്ട് നിറങ്ങളിലുള്ള ക്ലാസിക്കുകളുടെ ചിത്രങ്ങളാണ് പുറത്തുവന്നത്. പച്ച നിറത്തിലുള്ള മോട്ടോർ‌സൈക്കിളി​ന്‍റെ ടാങ്കിൽ‌ സ്വർ‌ണ്ണ നിറത്തിലുള്ള ഫിനിഷാണ്​ നൽകിയിരിക്കുന്നത്​.‌ ക്രോം ഫിനിഷിലുള്ള ഹെഡ്‌ലൈറ്റ് ക്യാപ്പും ബ്രൗൺ സീറ്റും ആകർഷകമായ കോമ്പിനേഷനാണ്​.  നാവിഗേഷൻ ഇല്ലാത്ത ഒരു വകഭേദവും മോഡലിനുണ്ടായിരിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്​. പുതിയ നിറങ്ങളും ഗ്രാഫിക്സും ഉൾപ്പെടുത്തിയതും പ്രത്യേകതയാണ്​. 

ചിത്രങ്ങൾ അനുസരിച്ച് ക്ലാസിക്ക് 350യിൽ മീറ്റിയോറി​ന്‍റെ റെട്രോ സ്വിച്ച് ഗിയറും ഉൾപ്പെടുത്തിയിട്ടുണ്ട്​. ഹെഡ്‌ലൈറ്റ് ബിനാക്കിളിലാണ്​ ട്രിപ്പർ നാവിഗേഷൻ പോഡ് സംയോജിപ്പിച്ചിരിക്കുന്നത്​. പുതിയ ചിത്രങ്ങളിലെ ബൈക്കിൽ ട്രിപ്പർ നാവിഗേഷൻ കാണാനില്ല. പകരം അവിടെ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ലോഗോ ആണ്​ ഉള്‍പ്പെടുത്തിയിരിക്കുന്നത്​. ട്രിപ്പർ നാവിഗേഷൻ ഇല്ലാത്ത വിലകുറഞ്ഞ ഒരു വകഭേദവും ബൈക്കിന്​ ഉണ്ടാകുമെന്നാണ്​ ഇതു സൂചിപ്പിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  മീറ്റിയോർ 350യിലെ അതേ എഞ്ചിനാണ്​ ക്ലാസിക്കിന്‍റെ ഹൃദയം. 

മീറ്റിയോർ 350 പതിപ്പിനായി ഉപയോഗിച്ച പുതിയ ജെ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും പുതുതലമുറ ക്ലാസിക് 350 ഒരുങ്ങുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഡബിൾ ക്രാഡിൾ ചാസിയെ അടിസ്ഥാനാക്കി ഒരുങ്ങുന്ന പുത്തൻ ക്ലാസിക്കിനെ ക്ലാസിക് ബ്ലാക്ക്, ക്രോം ബ്ലാക്ക്, സ്റ്റെല്‍ത്ത് ബ്ലാക്ക്, സ്റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ, ഗണ്‍മെറ്റല്‍ ഗ്രേ എന്നീ ആറ് കളര്‍ ഓപ്ഷനുകളില്‍ തെരഞ്ഞെടുക്കാൻ സാധിക്കും എന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 1.80 ലക്ഷം രൂപയ്ക്ക് അടുത്താണ് 2021 റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ എക്‌സ്-ഷോറൂം വില പ്രതീക്ഷിക്കുന്നത്.

2020ന്‍റെ തുടക്കത്തിലാണ് റോയൽ എൻഫീൽഡ് ക്ലാസിക് 350യുടെ ബിഎസ്6 പതിപ്പ് വിപണിയില്‍ എത്തിച്ചത്. പരിഷ്‍കരിച്ച എൻജിനൊപ്പം അലോയ് വീലുകൾ, ട്യൂബ് ലെസ് ടയറുകൾ, പുതിയ നിറങ്ങൾ എന്നിവയുമായെത്തിയ ആണ് 2020 ക്ലാസിക് 350 എത്തിയത്. ഇതിന്റെ പുതിയ പതിപ്പാണ് എത്താന്‍ ഒരുങ്ങുന്നത്.  

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ചു നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona  

click me!