Latest Videos

ഹോണടിച്ച് കാതടപ്പിക്കരുതെന്ന് പറഞ്ഞ പൊലീസിന്‍റെ വായടപ്പിച്ച് ജനം!

By Web TeamFirst Published Aug 1, 2019, 2:50 PM IST
Highlights

അനുവദനീയമായതില്‍ കൂടുതല്‍ ശബ്‍ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നുമായിരുന്നു പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. എന്നാല്‍ പോസ്റ്റിനടിയില്‍ കമന്‍റുകള്‍ കൊണ്ട് പൊങ്കാലയിടുകയാണ് പ്രതിഷേധക്കാര്‍

തിരുവനന്തപുരം: അനുവദനീയമായതില്‍ കൂടുതല്‍ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് ഇനി മുതല്‍ പിഴ ഈടാക്കുമെന്ന് കേരള പൊലീസ് കഴിഞ്ഞ ദിവസമാണ് വ്യക്തമാക്കിയത്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.  അമിതമായി ഹോണടിച്ച് ബഹളമുണ്ടാക്കുന്നത് ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുമെന്നും ഇനി മുതല്‍ അനുവദനീയമായതില്‍ കൂടുതല്‍ ശബ്‍ദമുള്ള ഹോണുകള്‍ ഉപയോഗിക്കുന്നവരില്‍ നിന്ന് 1000 രൂപ വരെ പിഴ ഈടാക്കുമെന്നുമായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.

എന്നാല്‍ ഈ പോസ്റ്റിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. പൊലീസിന്‍റെ പോസ്റ്റിനടിയില്‍ കമന്‍റുകള്‍ കൊണ്ട് പൊങ്കാലയിടുകയാണ് പ്രതിഷേധക്കാര്‍. ജനപ്രതിനിധികളുടെയും മറ്റും വാഹനങ്ങളില്‍ 120 ഡസിബല്ലിനു മുകളിലുള്ള ഹോണുകൾ ഉപയോഗിക്കുന്നില്ലേയെന്നും ഇതിന് പൈലറ്റ്‌ പോകുന്ന പൊലീസ്‌ വണ്ടികള്‍ക്കും ഇതേ ഡെസിബല്ലിലുള്ള ഹോണ്‍ ഉപയോഗിക്കുന്നില്ലേയെന്നുമാണ് പ്രധാന കമന്‍റുകളിലൊന്ന്. 

മന്ത്രിമാരുടെ വണ്ടികളുടെ മുമ്പിലും പിന്നിലും ഓകെ ഇതേ പോലെ ഹോണ്‍ അടിച്ചു പോകുന്ന വെളുത്ത നിറത്തിലുള്ള ബൊലേറോകൾക്കും ഇതു ബാധകം ആണോ, ഒരു മന്ത്രിയുടെ വാഹനം കടന്നുപോകുമ്പോൾ മിനിമം മൂന്ന് എസ്കോർട്ട് വണ്ടികളെങ്കിലും കാണാം അവർ എല്ലാവരും ഒരേ പോലെ ഹോണടിച്ചു തന്നെയാണ് പോകാറ് എന്നിങ്ങനെ കമന്‍റുകള്‍ നീളുന്നു. 

മിക്ക കമന്‍റുകള്‍ക്കും മറുപടി പറയുന്ന പൊലീസ് ഈ കമന്‍റുകള്‍ക്ക് എന്താണ് ഉത്തരം തരാത്തതെന്നും പലരും ചോദിക്കുന്നുണ്ട്. സെലക്ടീവ് ചോദ്യങ്ങള്‍ക്ക് മാത്രമേ പൊലീസ് മറുപടി നല്‍കുകയുള്ളോ എന്നും ട്രാൻസ്‍ഫർ ഭയന്നിട്ടാണോ എന്നുമൊക്കെയാണ് ചിലരുടെ ചോദ്യം. 

എന്നാല്‍ പോസ്റ്റിനെ അനുകൂലിച്ചും ഇത്തരം കമന്‍റുകള്‍ക്ക് മറുപടി പറഞ്ഞും മറ്റും ചിലരും രംഗത്തെത്തിയിട്ടുണ്ട്. അവബോധം ലക്ഷ്യമാക്കിയുള്ള പോസ്റ്റായി ഇതിനെ കാണണമെന്നും ഒരാളെങ്കിലും പോസ്റ്റിന്റെ ഉള്ളടക്കം നല്ല മനസിൽ എടുത്താൽ അത് വിജയമാണെന്നുമാണ് ഒരു കമന്‍റ്.  

പൊലീസിന്‍റെ ഉത്തരം മുട്ടിച്ച കമന്‍റുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. ഒരാളോട് തെറ്റ് ചെയ്യരുതെന്ന് പറഞ്ഞാൽ അയാള്‍ ചെയ്യുന്നല്ലോ പിന്നെ എന്താണ് കുഴപ്പം എന്നു ചോദിക്കുന്നതു കൊണ്ടാണ് നാട് നന്നാവാത്തതെന്നാണ് ഒരു കമന്‍റ്.  മന്ത്രിമാരും മറ്റും ഏതെങ്കിലും സ്ഥലത്തു വൈകിയെത്തിയാൽ ഇവർ തന്നെ എന്തിനാ വൈകിയതെന്നു ചോദിക്കുമെന്നും കമന്‍റുകളുണ്ട്. 

എന്തായാലും വൈറലായ പൊലീസിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം വായിക്കാം

ട്രാഫിക് സിഗ്‌നൽ കാത്തു കിടക്കുന്നവർ, റെയിൽവെ ഗേറ്റിൽ, ട്രാഫിക് ബ്ലോക്കിൽ കാത്തുകിടക്കുന്ന വാഹനങ്ങൾ എന്നിവയെ കടത്തിവിട്ടാലേ മുന്നോട്ട് പോകാൻ കഴിയൂ. അതുറപ്പാക്കിയിട്ടും അനാവശ്യമായി ഹോൺ മുഴക്കുന്ന ഡ്രൈവർമാരെ നാം കാണാറുണ്ട്.

മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്കു മുന്നറിയിപ്പു നൽകാനാണു സാധാരണ ഹോൺ ഉപയോഗിക്കുന്നത്. പല രാജ്യങ്ങളിലും ഡ്രൈവർമാർ ഹോൺ ഉപയോഗിക്കുന്നത് അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമാണ്. എന്നാൽ ദേഷ്യം, നിരാശ, അക്ഷമ എന്നിവ പ്രകടിപ്പിക്കാൻ ചിലർ തുടർച്ചയായി ഹോൺ മുഴക്കുന്നു.

തുടർച്ചയായി മുഴങ്ങുന്ന ഹോൺ മൂലം വാഹനമോടിക്കുന്ന പ്രായമുള്ളവരിൽ പെട്ടെന്ന് എന്ത് ചെയ്യണം എന്ന ആശയക്കുഴപ്പം ഉണ്ടാകുന്നു. അത് അപകട സാധ്യത കൂട്ടുന്നു. റോഡിന്റെ നിയന്ത്രണം തനിക്കാണെന്ന അഹംഭാവം കൂടി തുടർച്ചയായി ഹോൺ മുഴക്കുന്നതിന്റെ പിന്നിലുണ്ട്. വലിയ വാഹനങ്ങൾ ഓടിക്കുന്നവർ ചെറിയ വാഹനങ്ങളെയും. ഇരുചക്രവാഹനയാത്രികർ കാൽനടയാത്രക്കാരെയും ഹോണടിച്ചു പേടിപ്പിക്കാൻ ശ്രമിക്കുന്നതും കാണാം.

60 മുതൽ 70 ഡെസിബല്ലിൽ കൂടുതലുള്ള ശബ്‌ദം കേൾവിക്കു തകരാർ ഉണ്ടാക്കുമെന്നു പഠനങ്ങൾ പറയുന്നു. . ഇതു 120 ഡെസിബല്ലിനു മുകളിലാണെങ്കിൽ താൽക്കാലികമായി ചെവി കേൾക്കാതെയാകും. സാവധാനത്തിൽ കേൾവി ശക്തി നഷ്ടപ്പെടുകയാണ് അമിത ശബ്ദം സ്ഥിരമായി കേൾക്കുന്നതിന്റെ ദൂഷ്യഫലം.

അമിത ശബ്ദത്തിൽ ഹോൺ മുഴക്കി പോകുന്ന വലിയ വാഹനത്തിലെ ഡ്രൈവർമാർ ഈ വസ്തുത മനസ്സിലാക്കുന്നില്ല. ദീർഘ നേരം അമിത ഹോൺ ചെവിയിൽ മുഴങ്ങുന്നതു പെട്ടെന്നു തീരുമാനമെടുക്കാനുള്ള ശേഷിയേയും ബാധിക്കും. ഇതു അപകടം ഉണ്ടാക്കാനും കാരണമായേക്കാം.

എയർ ഹോണുകൾ, അമിതമായി ഹോണടിച്ചു ബഹളമുണ്ടാക്കുന്ന വാഹനങ്ങൾ, ശബ്‌ദവ്യത്യാസം വരുത്തിയ വാഹനങ്ങൾ തുടങ്ങിയ ഡ്രൈവര്മാക്ക് തങ്ങൾ ഉപയോഗിക്കുന്ന ഹോൺ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെപ്പറ്റി ധരണയുണ്ടാകണം.

സാധാരണ സംസാരിക്കുമ്പോൾ കേൾക്കുന്ന ശബ്‌ദം 30-40 ഡെസിബല്ലും ഉച്ചത്തിൽ സംസാരിക്കുമ്പോൾ 50 ഡെസിബെലുമാണ് കേൾക്കുന്നത്. ഇനി സാധാരണ ഹോണാണെങ്കിൽ 70 ഡെസിബൽ വരെ ശബ്ദമുണ്ടാകും. നിരോധിത എയർ ഹോണുകൾ മുഴക്കുമ്പോൾ 90-100 ഡെസിബൽ വരെ ശബ്ദമാണുണ്ടാകുന്നത്.

അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഹോണുകള്‍ ഉപയോഗിച്ചാൽ 1000 രൂപ വരെയാണ് പിഴ#keralapolice

click me!