പുത്തന്‍ വാഹന നിയമം, ഒരു പൈസയുടെ പോലും നേട്ടം കേന്ദ്രത്തിനല്ലെന്ന് മന്ത്രി!

By Web TeamFirst Published Aug 1, 2019, 12:23 PM IST
Highlights

രാജ്യത്തെ മോട്ടോര്‍ വാഹന നിയമത്തില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാക്കുന്ന പുതിയ ഭേദഗതി ബില്ലില്‍ ലോക് സഭക്ക് പിന്നാലെ രാജ്യസഭയിലും നടന്നത് ചൂടന്‍ ചര്‍ച്ചകള്‍

ദില്ലി: രാജ്യത്തെ മോട്ടോര്‍ വാഹന നിയമത്തില്‍ വമ്പന്‍ മാറ്റങ്ങളുണ്ടാക്കുന്ന പുതിയ ഭേദഗതി ബില്ലില്‍ ലോക് സഭക്ക് പിന്നാലെ രാജ്യസഭയിലും ചൂടന്‍ ചര്‍ച്ചകളാണ് നടന്നത്. ഏറെ നേരത്തെ വാദപ്രതിവാദങ്ങള്‍ക്കാണ് ഇരു സഭകളും സാക്ഷ്യം വഹിച്ചത്. 

ജൂലൈ 23നാണ് ലോക്‌സഭ ബില്‍ പാസാക്കിയത്. എന്നാല്‍ ലോക് സഭ പാസാക്കിയ ബില്ലിൽ മാറ്റം വരുത്തിയാണ് രാജ്യസഭയിൽ കൊണ്ടുവന്നതെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആരോപണം. രാജ്യസഭയെ കബളിപ്പിക്കുകയാണ് സർക്കാർ ചെയ്‍തതെന്നും കോൺഗ്രസ് അംഗം ബി കെ ഹരിപ്രസാദ് ആരോപിച്ചു. എന്നാൽ ലോക്‌സഭ പാസാക്കിയ അതേ ബില്ല് തന്നെയാണ് രാജ്യസഭയിലും അവതരിപ്പിച്ചതെന്ന് ബിൽ അവതരിപ്പിച്ച മന്ത്രി നിതിൻ ഗഡ്‍കരി മറുപടി പ്രസംഗത്തിൽ പറഞ്ഞു. 

മാത്രമല്ല ഭേദഗതിവഴി കേന്ദ്രത്തിന് ഒരു പൈസയുടെപോലും നേട്ടമില്ലെന്നും സംസ്ഥാനങ്ങളുടെ വരുമാനമാണ് കൂടാൻ പോകുന്നതെന്നും ഗഡ്‍കരി വ്യക്തമാക്കി. ബില്ലിൽ പ്രതിപക്ഷത്തിന് എതിരഭിപ്രായമുണ്ടെങ്കിൽ തന്നെ സമീപിക്കാമെന്നും ചട്ടങ്ങളിൽ അവ ഉൾപ്പെടുത്തി പരിഷ്കരിക്കാവുന്നതാണെന്നും ലോകത്ത് ഏറ്റവുമധികം വാഹനാപകടങ്ങൾ ഇന്ത്യയിലാണെന്നും പ്രതിവർഷം ഏകദേശം ഒന്നരലക്ഷം പേരാണു മരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. 

നേരത്തെ ലോക് സഭയില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി ബില്ലില്‍ ഭേദഗതികള്‍ ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു. പ്രായപൂർത്തിയാകാത്തവർ വാഹനമോടിച്ച് അപകടമുണ്ടാക്കുമ്പോള്‍ രക്ഷിതാക്കളെ ശിക്ഷിക്കുന്ന വ്യവസ്ഥയ്‍ക്കെതിരെ ആഞ്ഞടിച്ച പ്രേമചന്ദ്രൻ എം പിക്ക് രക്ഷിതാക്കൾ കുട്ടികൾക്ക് വാഹനത്തിന്‍റെ താക്കോൽ നൽകാതിരുന്നാല്‍ മതിയല്ലോ എന്ന നിതിൻ ഗഡ്‍കരിയുടെ അന്നത്തെ മറുപടിയും ഏറെ ചര്‍ച്ചയായിരുന്നു. 

ലോക്സഭയിൽ മോട്ടോർ വാഹന നിയമ ഭേദഗതി ബിൽ അവതരിപ്പിച്ചപ്പോൾ തന്നെ കേരളം ഇതിനെതിരെ രംഗത്തെത്തിയതാണ്. കേന്ദ്രസര്‍ക്കാരിന്‍റെ നീക്കം കോര്‍പ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇരകൾക്കുള്ള നഷ്ടപരിഹാരം വാഹന ഉടമയാണോ ഇൻഷുറൻസ് കമ്പനിയാണോ നൽകേണ്ടതെന്ന് ബില്ലിൽ വ്യക്തമാക്കണമെന്നും ഗതാഗത മന്ത്രി  എ കെ ശശീന്ദ്രൻ അഭിപ്രായപ്പെട്ടിരുന്നു.

മോട്ടോർ വാഹന ഭേദഗതി ബിൽ ഫെഡറൽ സംവിധാനങ്ങൾക്ക് മേലുള്ള കൈകടത്തലാണെന്നും വിഷയത്തിൽ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം തേടണമായിരുന്നുവെന്നും എ കെ ശശീന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. 

മോട്ടോര്‍ വാഹന നിയമം സംസ്ഥാനത്തിന്‍റെ കൂടി അധികാരത്തിലുള്ള വിഷയമായതിനാല്‍ കേന്ദ്രത്തിന്‍റെ ഭേദഗതികള്‍ സംസ്ഥാനങ്ങള്‍ നിര്‍ബന്ധമായും പാലിക്കേണ്ടതില്ലെന്ന് കേന്ദ്ര റോഡ്-ഗതാഗത മന്ത്രി നിതിന്‍ ഗഡ്‍കരിയും പറഞ്ഞിരുന്നു.  ഭേദഗതികൾ നടപ്പാക്കണമോ വേണ്ടയോ എന്നത് സംസ്ഥാനങ്ങൾക്ക് വിടാനായിരുന്നെങ്കിൽ ബിൽ അവതരിപ്പിച്ചത് എന്തിനാണെന്നും മന്ത്രി ചോദിച്ചിരുന്നു. 

ബില്ലില്‍ എന്‍ കെ പ്രേമചന്ദ്രന്‍ അവതരിപ്പിച്ച 17 ഭേദഗതികളാണ് നേരത്തെ ലോക് സഭ വോട്ടിനിട്ട് തള്ളിയത്. ബില്ലിലെ വ്യവസ്ഥകള്‍ സര്‍ക്കാര്‍ - പൊതുഗതാഗത സംവിധാനത്തെ തകര്‍ക്കുമെന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ വിമര്‍ശനം. പുതിയ നിയമഭേദഗതികള്‍ സംസ്ഥാന സർക്കാരുകളുടെ വരുമാനത്തിൽ വൻതോതിൽ കുറവുണ്ടാകുമെന്നും വാഹനങ്ങളുടെ രജിസ്‌ട്രേഷൻ, ലൈസൻസ്, അന്തഃസംസ്ഥാന സർവീസുകൾ എന്നിവ സ്വകാര്യകുത്തകകൾക്ക് തീറെഴുതുകയാണെന്നുമായിരുന്നു കോണ്‍ഗ്രസ് എം പി ആന്‍റോ ആന്‍റണിയുടെ ആരോപണം. ഗതാഗതമേഖലയിൽ പൊതു-സ്വകാര്യ പങ്കാളിത്തം വർധിപ്പിക്കുന്നതോടെ സംസ്ഥാനസർക്കാരുകളുടെ നിയന്ത്രണത്തിലുള്ള ഗതാഗത സംവിധാനമില്ലാതായിത്തീരുമെന്നും ആന്‍റോ പറഞ്ഞിരുന്നു. എന്നാല്‍ അപകടങ്ങൾ കുറയ്ക്കുകയെന്ന ലക്ഷ്യത്തോടെ, പുതിയ സാങ്കേതിക വിദ്യകള്‍ക്കനുസരിച്ചാണ് ബില്ലിന്റെ രൂപകല്പനയെന്നും പുതിയ ഭേദഗതികൾ സംസ്ഥാന സർക്കാരുകളുടെ അവകാശം കവരില്ലെന്നും നിതിന്‍ ഗഡ്‍കരി ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു. 

എന്തായാലും കഴിഞ്ഞ ദിവസം ശബ്‍ദ വോട്ടോടെയാണ് രാജ്യസഭ ബിൽ  പാസാക്കിയത്. 108 പേർ ബില്ലിനെ അനുകൂലിച്ചപ്പോൾ 13 പേർമാത്രമാണ് ബില്ലിനെ ഏതിർത്തത്. 1988 ലെ നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്‍തിരിക്കുന്നത്.  ഇതേ ബില്‍ കഴിഞ്ഞ നരേന്ദ്ര മോദി സര്‍ക്കാരിന്‍റെ കാലത്ത് ലോക് സഭ പാസാക്കിയിരുന്നെങ്കിലും കാലാവധി തീര്‍ന്നതിനാല്‍ രാജ്യസഭയിൽ ചർച്ച പൂർത്തിയാകുന്നതിനു മുമ്പേ ലാപ്‍സാകുകയായിരുന്നു. ഇനി രാഷ്‍ട്രപതി ഒപ്പിടുന്നതോടെ ബില്‍ നിയമമാകും. 


 

click me!