ഒരുദശകമിവിടെ വിട ചൊല്ലി മറയുന്നു, ഓഫറുകളുടെ പൂക്കാലവുമായി റെനോ, ഒപ്പം പുതിയൊരു മാജിക്കും!

By Web TeamFirst Published Sep 4, 2021, 9:08 AM IST
Highlights

റെനോ ഇന്ത്യയ്ക്ക് 10 വയസ്. ആഘോഷമാക്കാന്‍ പുതിയൊരു ക്വിഡിനൊപ്പം കിടിലന്‍ ഓഫറുകളും അവതരിപ്പിച്ച് കമ്പനി

ഒരു പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വിപണിയിൽ സജീവ സാന്നിധ്യമാണ് ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ. 2011ലാണ് റെനോ ഇന്ത്യയുടെ ആദ്യ വാഹനങ്ങൾ നിരത്തുകളിലേക്ക് എത്തുന്നത്. എന്നാല്‍ 2015 ൽ ആണ് കമ്പനിയുടെ തന്നെ തലേവര മാറ്റിയ ഒരു ചെറിയ ഹാച്ച്ബാക്കിനെ രാജ്യത്തെ വിപണിയില്‍ റെനോ അവതരിപ്പിക്കുന്നത്. ബ്രാൻഡിന് ഒരു വഴിത്തിരിവായി മാറിയ ആ ജനപ്രിയ കാർ മറ്റാരുമല്ല, റെനോ ക്വിഡ് ആയിരുന്നു. റെനോ ഇന്ത്യയിൽ 10 വർഷം പൂർത്തിയാക്കിയ അവസരത്തില്‍ ജനപ്രിയ ക്വിഡിന് പുതിയൊരു പതിപ്പിനെ സമ്മാനിച്ചിരിക്കുകയാണ് കമ്പനി എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഒപ്പം നിരവധി ഓഫറുകളും കമ്പനി വാഗ്‍ദാനം ചെയ്യുന്നതായി കാര്‍ ടോഖ് റിപ്പോര്‍ട്ട് ചെയ്യുന്നു.

എല്ലാ വെരിയന്റുകൾക്കും ഇനി മുതൽ ഇരട്ട എയർബാഗുകൾ സ്റ്റാൻഡേർഡാണ്‌ എന്നതാണ് 2021 ക്വിഡിന്‍റെ പ്രധാന മാറ്റം. ഇതുവരെ, ക്വിഡിന്റെ അടിസ്ഥാന വകഭേദങ്ങൾ ഡ്രൈവർ സൈഡ് എയർബാഗിൽ മാത്രമേ ലഭ്യമായിരുന്നുള്ളൂ. ഡ്രൈവർ സൈഡ് സീറ്റ്ബെൽറ്റ് പ്രെറ്റൻഷനർ ചേർത്ത് അപ്‍ഡേയ്റ്റ് ചെയ്‍തു.  ക്വിഡ് ക്ലൈംബർ എഡിഷന് പുതിയ നിറവും സവിശേഷതകളും ലഭ്യമാക്കിയിട്ടുണ്ടെന്നതും എടുത്തുപറയേണ്ടതാണ്.

ഡ്യുവൽ-ടോൺ പെയിൻറ് ഓപ്ഷനിൽ വെള്ള വാഹനത്തിന് കറുത്ത മേൽക്കൂര ലഭിക്കും. ഇലക്ട്രിക് ഒ.ആർ.വി.എമ്മുകളും രാവും പകലും അനുസരിച്ച് ക്രമീകരിക്കാവുന്ന ഐആർവിഎമ്മും വാഹനത്തെ വേറിട്ടതാക്കുന്നു. 0.8 ലിറ്റർ, 1.0 ലിറ്റർ പെട്രോൾ എന്നിവയാണ് ക്വിഡിന്റെ എൻജിൻ ഓപ്ഷനുകൾ. 52 ബിഎച്ച‍്‍പി കരുത്തും 72എൻഎം ടോർക്കും 800 സിസി എൻജിന്‍ സൃഷ്‍ടിക്കുമ്പോൾ 67 ബിഎച്ച്പി കരുത്തും 91എൻഎം ടോർക്കുമാണ് 999സിസി എൻജിൻ സൃഷ്‍ടിക്കുന്നത്. അഞ്ച് സ്‍പീഡ് മാനുവൽ, എഎംടി എന്നിവയാണ് ഗിയർ ബോക്‌സ് ഓപ്ഷനുകൾ. 4.06 മുതൽ 5.51 ലക്ഷംവരെയാണ് വാഹനത്തിന്‍റെ വില.

അതേസമയം ഗണേശ ചതുർത്ഥി ഉത്സവത്തോടനുബന്ധിച്ചും 10-ാം വാര്‍ഷികാഘോഷത്തിന്‍റെയും ഭാഗമായി, റെനോ തങ്ങളുടെ ഉൽപ്പന്ന ശ്രേണിയിലെ തിരഞ്ഞെടുത്ത വേരിയന്റുകളിൽ പ്രത്യേക ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ക്വിഡിന്‍റെ തിരഞ്ഞെടുത്ത വകഭേദങ്ങളിൽ 80,000 രൂപവരെയുള്ള ആനുകൂല്യങ്ങളാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 2021 സെപ്റ്റംബർ അവസാനംവരെ ഓഫർ നിലനിൽക്കും. 1.10 ലക്ഷം വരെ പരമാവധി ലോയൽറ്റി ആനുകൂല്യങ്ങളോടെ 10 അതുല്യമായ റോയൽറ്റി റിവാർഡുകളും റെനോ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണ ഓഫറുകൾക്ക് പുറമേയാണ് ഈ അവസരം ഒരുക്കിയിരിക്കുന്നത്.

വർഷങ്ങളായി, റെനോ ഇന്ത്യ അതിന്റെ തനതായ ഉൽ‌പ്പന്ന തന്ത്രത്തിന്റെ പിന്തുണയോടെ ശക്തമായ ഒരു അടിത്തറ വളർത്തിയിട്ടുണ്ട്. 7,50,000 അധികം ഉപഭോക്താക്കൾ ഇന്ത്യന്‍ നിരത്തുകളില്‍ റെനോ കാറുകൾ ഓടിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. റെനോ അടുത്തിടെ വിപണിയിൽ കിഗർ കോംപാക്ട് എസ്‌യുവി പുറത്തിറക്കിയിരുന്നു. നിലവിൽ രാജ്യത്ത് ഏറ്റവും താങ്ങാവുന്ന സബ് -4 മീറ്റർ എസ്‌യുവിയാണ് കിഗര്‍. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!