പുത്തന്‍ റെനോ ഡസ്റ്റര്‍ ഇന്ത്യയിലേക്കുണ്ടാവില്ല

By Web TeamFirst Published May 10, 2021, 3:53 PM IST
Highlights

ഈ പുതുതലമുറ മോഡല്‍ ഇന്ത്യൻ നിരത്തുകളിൽ തത്കാലം എത്തിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകള്‍

ഫ്രഞ്ച് വാഹന നിര്‍മാതാക്കളായ റെനോയുടെ എസ്‍യുവി മോഡലായ ഡസ്റ്ററിന്റെ പുതുതലമുറ മോഡല്‍ 2023-ല്‍ ആഗോള തലത്തില്‍ അവതരിപ്പിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഈ പുതുതലമുറ മോഡല്‍ ഇന്ത്യൻ നിരത്തുകളിൽ തത്കാലം എത്തിയേക്കില്ലെന്നാണ് പുതിയ റിപ്പോർട്ടുകള്‍. വാഹനം ഇന്ത്യൻ നിരത്തുകളിലേക്ക് എത്താന്‍ സാധ്യതയില്ലെന്ന് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു.  

ഡസ്റ്ററിന്റെ പുതുതലമുറ മോഡല്‍ 2019-ലാണ് ഇന്ത്യയില്‍ എത്തിയത്. മൂന്നാം തലമുറയില്‍ പെട്ട വാഹനമാണിതെന്നും ഈ മോഡല്‍ ഇന്ത്യയില്‍ തുടരുമെന്നാണ് റിപ്പോർട്ട്. റെനോയുടെ ഡാസിയ ഡെസ്റ്റര്‍ എന്ന മോഡല്‍ ഒരുക്കിയത് ഈസ്‌റ്റേണ്‍ യൂറോപ്പ്, ബ്രസീല്‍ തുടങ്ങിയ രാജ്യങ്ങളാണ്. പിന്നീട് ഈ വാഹനം റെനോ ഡസ്റ്റര്‍ എന്ന പേരില്‍ മറ്റ് പല രാജ്യങ്ങളിലും അവതരിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണിയില്‍ ഡാസിയ ഡസ്റ്ററിന്റെ ഡിസൈനിലുള്ള വാഹനങ്ങളായിരിക്കും പുതുതലമുറ മോഡലായി എത്തിക്കുകയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

2020 മാര്‍ച്ചിലാണ് ബിഎസ് 6 പാലിക്കുന്ന ഡസ്റ്റര്‍ പതിപ്പിനെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്. ഡീസല്‍ എന്‍ജിന്‍ ഒഴിവാക്കി ആര്‍എക്‌സ്ഇ, ആര്‍എക്‌സ്എസ്, ആര്‍എക്‌സ്ഇസഡ് എന്നീ മൂന്ന് പെട്രോള്‍ വേരിയന്റുകളില്‍ മാത്രമാണ് 2020 റെനോ ഡസ്റ്റര്‍ ലഭിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, മാരുതി ബ്രെസ, നിസാന്‍ കിക്‌സ് തുടങ്ങിയവരാണ് ഇന്ത്യന്‍ വിപണിയില്‍ ഡസ്റ്ററിന്‍റെ മുഖ്യ എതിരാളികള്‍.

ഡസ്റ്റര്‍, ക്വിഡ്, ട്രൈബര്‍, കിഗര്‍ എന്നീ നാല് മോഡലുകളാണ് റെനോ ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിട്ടുള്ളത്.  ഘട്ടംഘട്ടമായി ആണ് റെനോ വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിക്കുന്നത്. ഡസ്റ്റര്‍ ആദ്യം എത്തിച്ചു. പിന്നാലെ ക്വിഡ്, ട്രൈബര്‍, ഇപ്പോള്‍ കിഗര്‍ എന്നിങ്ങനെയാണ് വാഹനങ്ങള്‍ ഇന്ത്യയില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ഡസ്റ്ററും വിപണി വിലയിരുത്തിയ ശേഷം ഇന്ത്യയിലേക്ക് എത്തുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!