
ഇന്ത്യയുടെ ഇലക്ട്രിക് വാഹന (ഇവി) മേഖലയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് പ്രാദേശിക ഇലക്ട്രിക് വാഹന സിസ്റ്റം പക്വത പ്രാപിക്കാൻ കാത്തിരിക്കുകയാണെന്ന് വ്യക്തമാക്കി ഫ്രഞ്ച് വാഹന നിർമ്മാതാക്കളായ റെനോ. ഇതുസംബന്ധിച്ച് കമ്പനി വിശകലനം നടത്തി വരികയാണെന്നും തങ്ങളുടെ ഉൽപ്പന്നം വിപണിയിലെത്തിക്കുന്നതിന് മുമ്പ് വൈദ്യുത വാഹന ഇക്കോസിസ്റ്റം പക്വത പ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വൈദ്യുത വാഹന മേഖലയിലേക്ക് പ്രവേശിക്കുന്നതിനെക്കുറിച്ച് സംസാരിച്ച റെനോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ വെങ്കട്ട്‌റാം മാമില്ലപള്ളെ പറഞ്ഞു.
രാജ്യത്തെ പാസഞ്ചർ വാഹന വിപണിയിൽ വർദ്ധിച്ചുവരുന്ന ഡിമാൻഡും മത്സരവും ഉണ്ടായിരുന്നിട്ടും ഇതുവരെ ഒരു ഇലക്ട്രിക് കാറും പുറത്തിറക്കാത്ത ചുരുക്കം ചില കമ്പനികളിൽ ഒന്നാണ് ഫ്രഞ്ച് ഓട്ടോ ഭീമനായ റെനോ. എന്നാൽ ഇന്ത്യൻ ഇവി വിപണിയിൽ പ്രവേശിക്കുന്നതിന് ശരിയായ സമയത്തിനായി കമ്പനി കാത്തിരിക്കുകയാണെന്ന് വെങ്കട്ട്‌റാം മാമില്ലപള്ളെ പറയുന്നു. ഇലക്ട്രിക് ഉൾപ്പെടെ ഒന്നിലധികം പവർട്രെയിൻ ഓപ്ഷനുകളിൽ കമ്പനി തങ്ങളുടെ ഉൽപ്പന്നങ്ങൾ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
"ഞങ്ങളുടെ ഉൽപ്പന്നങ്ങൾ പ്രഖ്യാപിക്കുന്നതിനും അവ ഓരോന്നായി അവതരിപ്പിക്കുന്നതിനും ഞങ്ങൾ ഉചിതമായ സമയം തിരഞ്ഞെടുക്കും. സിഎൻജി, പെട്രോൾ മോഡലുകൾ ഇതിനകം ലഭ്യമാണ്. അതിനാൽ മറ്റ് ഊർജ്ജ സ്രോതസുകളെക്കുറിച്ചും ഞങ്ങൾ പരിശോധിക്കുന്നു," അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം റെനോ തങ്ങളുടെ ഏഴ് സീറ്റർ എംപിവി ട്രൈബറിന്റെ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പ് 6.29 ലക്ഷം രൂപ പ്രാരംഭ എക്സ് ഷോറൂം വിലയിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. ട്രൈബറിന്‍റെ പുതിയ പതിപ്പ് 90 ശതമാനത്തിലധികവും പ്രാദേശികമായി നിർമ്മിച്ചതാണെന്ന് വെങ്കട്ട്‌റാം മാമില്ലപള്ളെ പറഞ്ഞു. ഇലക്ട്രിക് ഉൾപ്പെടെയുള്ള മൾട്ടി-പവർട്രെയിൻ ഓപ്ഷനുകളിൽ കമ്പനി സാന്നിധ്യമറിയിക്കാൻ പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിൽ ഇന്ത്യയിൽ മൂന്ന് ഉൽപ്പന്നങ്ങൾ റെനോ വിൽക്കുന്നുണ്ട്. അതിൽ കിഗർ എസ്‌യുവി, ട്രൈബർ എംപിവി, എൻട്രി ലെവൽ ഹാച്ച്ബാക്ക് ക്വിഡ് തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്നു . കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യൻ പാസഞ്ചർ വാഹന വിപണിയുടെ പ്രധാന വരുമാന സ്രോതസായി മാറിയ എസ്‌യുവി വിഭാഗത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് റെനോ ഇന്ത്യ ലക്ഷ്യമിടുന്നത്. അതിനെക്കുറിച്ച് സംസാരിക്കുന്നതിനിടെ മത്സരത്തിൽ പിന്നിലാകാൻ റെനോ ആഗ്രഹിക്കുന്നില്ലെന്ന് മാമില്ലാപള്ളെ വ്യക്തമാക്കി.
അടുത്ത രണ്ട് വർഷത്തിനുള്ളിൽ, രാജ്യത്ത് നാല് ഉൽപ്പന്നങ്ങൾ പുറത്തിറക്കാൻ റെനോ ഇന്ത്യ പദ്ധതിയിടുന്നു. ആ ഉൽപ്പന്ന ലോഞ്ചുകളുടെ തുടക്കം നിലവിൽ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന പുതിയ റെനോ കിഗറിലൂടെയാണ് ആരംഭിക്കുന്നത്. റെനോ ഇന്ത്യയിൽ കോംപാക്റ്റ്, ഇടത്തരം എസ്‌യുവികൾ പുറത്തിറക്കുമെന്നും റോയിട്ടേഴ്സിനോട് സംസാരിക്കുന്നതിനിടെ വെങ്കട്ട്‌റാം മാമില്ലാപള്ളെ പറഞ്ഞു. നിലവിൽ റെനോയുടെ ആഗോള വിൽപ്പനയുടെ രണ്ട് ശതമാനത്തിൽ താഴെയാണ് ഇന്ത്യയിലുള്ളത്. എന്നാൽ യൂറോപ്പിന് പുറത്ത് വിൽപ്പന വർദ്ധിപ്പിക്കാമെന്ന് റെനോ പ്രതീക്ഷപുലർത്തുന്ന അഞ്ച് ചെലവ് കുറഞ്ഞ അന്താരാഷ്ട്ര കേന്ദ്രങ്ങളിൽ ഒന്നും ഇന്ത്യയാണ്.