വരുന്നൂ കുഞ്ഞന്‍ ബുള്ളറ്റ്, ആകാംക്ഷയില്‍ വാഹനപ്രേമികള്‍

By Web TeamFirst Published Jan 2, 2020, 9:53 AM IST
Highlights

വാഹനത്തിന്റെ വില കുറയ്ക്കുന്നതിനായി ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുക

ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് പുതിയ 250 സിസി ബൈക്കിനെ അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഈ കുഞ്ഞന്‍ ബുള്ളറ്റിന്‍റെ പേര് ഹണ്ടര്‍ എന്നായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ പേര് തങ്ങളുടെ പുതിയ ബൈക്കിനായി അനുവദിച്ചു കിട്ടാൻ റോയൽ എൻഫീൽഡ് ട്രേഡ്‍മാർക് അപേക്ഷ നൽകിയിട്ടുണ്ടെന്നാണ് സൂചനകള്‍.

ഡ്യുവല്‍ പര്‍പ്പസ് ബൈക്കായിരിക്കും ഹണ്ടറെന്നും ഹിമാലയന്‍ ബൈക്കിന്റെ റേഞ്ചിലായിരിക്കും 250 സിസി ബൈക്ക് എത്തുകയെന്നുമാണ് സൂചനകള്‍.  റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക്, തണ്ടര്‍ബേഡ് എന്നീ ബൈക്കുകളില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട ഡിസൈനില്‍ താരതമ്യേന ഭാരം കുറഞ്ഞ പ്ലാറ്റ്‌ഫോമിലായിരിക്കും ഹണ്ടര്‍ ഒരുങ്ങുക.  വാഹനത്തിന്റെ വില കുറയ്ക്കുന്നതിനായി ബജറ്റ് ഫ്രണ്ട്‌ലി പാര്‍ട്‌സുകള്‍ ഉപയോഗിച്ചായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്നുമാണ് വാര്‍ത്തകള്‍.

ഈ ബൈക്കിന്റെ പിന്നില്‍ മോണോ-ഷോക്ക് സസ്‌പെന്‍ഷന്‍ നല്‍കുമെന്നാണ് സൂചന. മുന്നില്‍ സാധാരണ ടെലിസ്‌കോപിക് സസ്‌പെന്‍ഷനായിരിക്കും. മുന്നിലും പിന്നിലും ഡിസ്‌ക് ബ്രേക്ക് നല്‍കുന്നതിനൊപ്പം അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ എബിഎസ് സുരക്ഷയുമൊരുക്കും.

എന്‍ജിനിലും പുതുമ കൊണ്ടുവരാനും നിര്‍മാതാക്കള്‍ ആലോചിക്കുന്നുണ്ട്. 2020-ല്‍ തന്നെ നിരത്തുകളിലെത്തിക്കാന്‍ ഉദ്ദേശിക്കുന്ന ഹണ്ടര്‍ റോയല്‍ എന്‍ഫീല്‍ഡ് നിരയിലെ ഏറ്റവും വില കുറഞ്ഞ ബൈക്കാകും. കൂടുതല്‍ വിവരങ്ങള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല.

ഏതു തരം ബൈക്ക് ആകും എന്നതിനെപ്പറ്റി വ്യക്തതയില്ലെങ്കിലും ഹിമാലയന് കൂട്ടായി മറ്റൊരു അഡ്വഞ്ചർ ബൈക്ക് ആകുമെന്നാണ് റിപ്പോർട്ടുകൾ. 250 സിസി സെഗ്മെന്റിലേക്കും നോട്ടമുള്ള റോയൽ എൻഫീൽഡിന്റെ ഒരു പക്ഷെ ഏറ്റവും ഡിപ്ലസ്മെന്റ് കുറവുള്ള ബൈക്ക് ആവും ഹണ്ടർ. ഹീറോ എക്‌സ്പൾസ്‌, ബിഎംഡബ്ള്യു ജി 310 ജിഎസ് എന്നിവയാകും പുത്തൻ റോയൽ എൻഫീൽഡ് ബൈക്കിന്റെ എതിരാളികൾ.

നിലവില്‍ ഹിമാലയന്‍ മോഡലുകളുടെ ബിഎസ്6 പതിപ്പുകളെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി. പരീക്ഷണ ഓട്ടം നടത്തുന്ന ബിഎസ്6 ഹിമാലയന്റെ ചിത്രങ്ങള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. എഞ്ചിനൊപ്പം തന്നെ ബൈക്കില്‍ ചെറിയ മാറ്റങ്ങളും കമ്പനി ഉള്‍പ്പെടുത്തിട്ടുണ്ടെന്നതാണ് മുഖ്യസവിശേഷത. എന്നാല്‍ മൊത്തത്തിലുള്ള ഡിസൈനില്‍ കമ്പനി മാറ്റങ്ങള്‍ ഒന്നും തന്നെ വരുത്തിയിട്ടില്ല. മുന്നിലെ വിന്‍ഷീല്‍ഡിന്റെ വലിപ്പത്തിലും ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിലും മാറ്റങ്ങള്‍ കാണാന്‍ സാധിക്കും. കാഴ്ച്ചയില്‍ പുതുമ നല്‍കുന്നതിനായി വശങ്ങളില്‍ പുതിയ ഗ്രാഫിക്സും ഹിമാലയനില്‍ കമ്പനി ഉള്‍പ്പെടുത്തിയേക്കും. ടെയില്‍ ലാമ്പിലും മാറ്റം കൂടി ഒഴിച്ചു നിര്‍ത്തിയാല്‍ മറ്റ് മാറ്റങ്ങള്‍ ഒന്നും തന്നെ കമ്പനി ഉള്‍പ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്.

click me!