അത് ബുള്ളറ്റോ, അതോ...?! അമ്പരപ്പില്‍ വാഹനലോകം

By Web TeamFirst Published Mar 14, 2020, 10:10 AM IST
Highlights

ജെ1ഡി എന്ന കോഡ് നാമത്തില്‍ പുതിയ മോട്ടോര്‍ സൈക്കിളുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് 

ജെ1ഡി എന്ന കോഡ് നാമത്തില്‍ പുതിയ മോട്ടോര്‍ സൈക്കിളുമായി ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് വരുന്നതായി റിപ്പോര്‍ട്ട്. എന്നാല്‍ ഏത് വിഭാഗത്തിലുള്ള മോട്ടോര്‍ സൈക്കിളാണ് നിര്‍മിക്കുന്നത് എന്നത് നിലവില്‍ വ്യക്തമല്ല. 

വാഹനത്തിന്‍റെ പേര് സംബന്ധിച്ച് കൃത്യമായ വിവരങ്ങളും ഇതുവരെ ലഭ്യമല്ല. നിലവിലെ ബൈക്കുകളെക്കാൾ എൻജിൻ ശേഷി കുറഞ്ഞ 250 സിസി ബൈക്കുകൾ പുറത്തിറക്കി വിപണി വിഹിതം വർധിപ്പിക്കാനാണ് റോയൽ എൻഫീൽ‍ഡ് ശ്രമിക്കുന്നത് എന്ന് നേരത്ത വാർത്തകളുണ്ടായിരുന്നു. ബൈക്ക് വിപണിയിലെ മാറുന്ന സാഹചര്യത്തിന് അനുസരിച്ച് 250 സിസി ബൈക്കുകൾക്ക് മികച്ച പ്രചാരം ലഭിക്കും എന്നാണ് റോയൽ എൻഫീൽഡ് കരുതുന്നത്. 

ഇതിനായി നേരത്തെ ഹണ്ടര്‍, ഷെര്‍പ്പ, മീറ്റിയോര്‍, ഫ്‌ളൈയിംഗ് ഫ്ളീ, റോഡ്‌സ്റ്റര്‍ എന്നീ പേരുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി ഓഫീസില്‍നിന്ന് റോയല്‍ എന്‍ഫീല്‍ഡ് ട്രേഡ്‍ മാര്‍ക്ക് അവകാശം നേടിയിരുന്നു. എന്നാല്‍ പുതിയ മോട്ടോര്‍സൈക്കിളിന് ഇവയില്‍ ഏതെങ്കിലും പേരിടുമോയെന്നും വ്യക്തമല്ല.

ഒരുപക്ഷേ തണ്ടര്‍ബേര്‍ഡിന് പകരം വരുന്ന പൂര്‍ണമായും പുതിയ മോട്ടോര്‍സൈക്കിളായിരിക്കും ജെ1ഡി എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ പുതിയ തണ്ടര്‍ബേര്‍ഡിന് മീറ്റിയോര്‍ എന്ന് പേരിടാനാണ് കൂടുതല്‍ സാധ്യത. അല്ലെങ്കില്‍ ഹിമാലയന്റെ ചെറിയ വേര്‍ഷനാവാം ജെ1ഡി. മുന്നില്‍ 19 ഇഞ്ച് ചക്രവും പിന്നില്‍ 17 ഇഞ്ച് ചക്രവും നല്‍കിയുള്ള പുതിയ റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയന്‍ നേരത്തെ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അതുകൊണ്ടു തന്നെ 250 സിസി എന്‍ജിന്‍ നല്‍കിയുള്ള ഹിമാലയന്‍ ആയിരിക്കാം ഒരുപക്ഷേ പുതിയ മോഡല്‍.

റോയല്‍ എന്‍ഫീല്‍ഡ് ഡബ്ല്യുഡി/ആര്‍ഇ എന്ന ഔദ്യോഗിക പേരില്‍ അറിയപ്പെട്ടിരുന്ന ഫ്‌ളൈയിംഗ് ഫ്ലീ രണ്ടാം ലോകമഹാ യുദ്ധകാലത്ത് ബ്രിട്ടീഷ് സൈന്യത്തിനായി സേവനം അനുഷ്ഠിച്ചിരുന്നു. റോഡ്‌സ്റ്റര്‍ എന്ന പേരും റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കും. 1952 മുതല്‍ 1962 വരെ റോയല്‍ എന്‍ഫീല്‍ഡ് സൂപ്പര്‍ മീറ്റിയോര്‍ നിര്‍മിച്ചിരുന്നു. 

നിലവിലെ ലൈനപ്പിലെ വാഹനങ്ങളുടെ ബിഎസ് 6 നിലവാരത്തിലുള്ള മോഡലുകൾ പുറത്തിറക്കിയതിനു ശേഷമായിരിക്കും പുതിയ ചെറു ബുള്ളറ്റ് പുറത്തിറങ്ങുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹണ്ടർ എന്ന പേര് പുതിയതാണെങ്കിലും ഷേർപ്പ എന്ന പേരിൽ 1960 കളിൽ റോയൽ എൻഫീൽഡ് 173 സിസി ബൈക്ക് പുറത്തിറക്കിയിട്ടുണ്ട്. 1950 കളിലും 60കളിലും യുകെ വിപണിയിൽ റോയൽ എൻഫീൽഡിന് 250 സിസി ബൈക്കുകളുണ്ടായിരുന്നു. മിനി ബുള്ളറ്റ് എന്ന പേരിൽ ഇന്ത്യൻ നിരത്തുകളിലുമുണ്ടായിരുന്നു ഈ 250 സിസി ബൈക്ക്. 

അതേസമയം ജെ1സി എന്ന മറ്റൊരു കോഡ് നാമം റോയല്‍ എന്‍ഫീല്‍ഡ് ഉപയോഗിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ കോഡ് നാമത്തില്‍ മറ്റൊരു മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ എത്തിച്ചേക്കും.
 

click me!