പുത്തന്‍ ഹിമാലയനുമായി റോയല്‍ എന്‍ഫീല്‍ഡ്

By Web TeamFirst Published Jan 14, 2021, 10:17 AM IST
Highlights

അപ്ഡേറ്റ് ചെയ്‍ത ഹിമാലയന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ്

ഐക്കണിക്ക് ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡിന്‍റെ ഇന്ത്യയിലെ അഡ്വഞ്ചർ ടൂറർ മോട്ടോർസൈക്കിൾ വിഭാഗത്തിലെ ജനപ്രിയ മോഡലാണ് ഹിമാലയൻ. ഇപ്പോള്‍ അപ്ഡേറ്റ് ചെയ്‍ത ഹിമാലയന്‍ വിപണിയിലെത്തിക്കാനുള്ള ഒരുക്കത്തിലാണ് റോയല്‍ എന്‍ഫീല്‍ഡ് എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.  ഈ മാസം അവസാനത്തോടെ വാഹനം വിപണിയിലെത്തിയേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

നിലവിലെ മോഡല്‍ ബിഎസ് 6 മാനദണ്ഡങ്ങളിലേക്ക് മാറിയതിന് ശേഷം വരുന്ന ആദ്യ പതിപ്പാണിത്. ഇളം സില്‍വര്‍, കറുപ്പ് നിറങ്ങളില്‍ മാറ്റ് ഫിനിഷിംഗില്‍ ആയിരിക്കും പുതിയ മോഡല്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.  2021-ല്‍ ഹിമാലയന്‍ ഒരു പുതിയ പൈന്‍ ഗ്രീന്‍ ഷേഡ് അവതരിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നത്. അത് ഇരട്ട-ടോണ്‍ കളര്‍ സ്‌കീമായിരിക്കുമോ എന്ന കാര്യം വ്യക്തമല്ല. സോളിഡ് വൈറ്റ് കളര്‍ സ്‌കീം റോയല്‍ എന്‍ഫീല്‍ഡ് നിര്‍ത്തലാക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. പുതിയ മെറ്റിയര്‍ 350-ല്‍ അരങ്ങേറ്റം കുറിച്ച അതേ ട്രിപ്പര്‍ നാവിഗേഷന്‍ സംവിധാനമായിരിക്കും പുതിയ സിസ്റ്റത്തിലും ഉണ്ടാവുക എന്നാണ് വിലയിരുത്തലുകള്‍.

ബ്ലൂടൂത്ത് ഉപയോഗിച്ച് സിസ്റ്റത്തിലേക്ക് ഫോണ്‍ കണക്ട് ചെയ്ത ശേഷം ഇത് റോയല്‍ എന്‍ഫീല്‍ഡ് അപ്ലിക്കേഷനോടൊപ്പം പ്രവര്‍ത്തിക്കുന്നു. എന്നിരുന്നാലും, സ്‌ക്രീന്‍ ഇന്‍കമിംഗ് മെസേജുകളോ കോളുകളോ പ്രദര്‍ശിപ്പിക്കില്ല. കൂട്ടിച്ചേര്‍ത്ത സവിശേഷതകള്‍ ഉള്ളതുകൊണ്ടു തന്നെ അപ്‌ഡേറ്റ് ചെയ്‍ത ഹിമാലയന് വില വര്‍ദ്ധിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നിലവിലെ കണക്കുകളനുസരിച്ച് ഇന്ത്യൻ വിപണിയിലെ ഏറ്റവും താങ്ങാനാവുന്ന അഡ്വഞ്ചർ-ടൂറർ മോട്ടോർസൈക്കിളുകളിൽ ഒന്നാണ് ഹിമാലയൻ. അതുകൊണ്ടു തന്നെയാവണം ഈ ബൈക്കിന്റെ വിൽപ്പനയിൽ വമ്പന്‍ മുന്നേറ്റം തന്നെയാണ് കമ്പനിക്ക്. 411 സിസി സിംഗിള്‍ സിലിണ്ടര്‍ ഓയിൽ-കൂൾഡ് ഫ്യുവൽ ഇഞ്ചക്ഷൻ സംവിധാനത്തോടു കൂടിയുള്ള SOHC എഞ്ചിനാണ് റോയല്‍ എൻഫീൽഡ് ഹിമാലയന്‍റെ ഹൃദയം. ഇത് 24.3 bhp കരുത്തിൽ 32 Nm ടോര്‍ക്ക് ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ഗിയർബോക്സുമായി ജോടിയാക്കിയ എഞ്ചിൻ ബിഎസ്6 മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതാണ്. സുരക്ഷയ്ക്കായി മുന്നില്‍ 300 mm ഡിസ്‌ക് ബ്രേക്കും പിന്നില്‍ 240 mm ഡിസ്‌ക് ബ്രേക്കുമാണ് ഹിമാലനിൽ സജ്ജീകരിച്ചിരിക്കുന്നത്. ഹസാർഡ് ലൈറ്റ്, പുനർരൂപകൽപ്പന ചെയ്ത സൈഡ് സ്റ്റാൻഡ്, സ്വിച്ചബിൾ എബിഎസ് എന്നിവയും വാഹനത്തിലുണ്ട്.

ഹിമാലയന്‍റെ ബിഎസ്6 പതിപ്പ് 2020 ജനുവരിയില്‍ തന്നെ ഇന്ത്യന്‍ വിപണിയില്‍ എത്തിയിരുന്നു. ബിഎസ്6 പതിപ്പിനൊപ്പം ബൈക്കിന് നിരവധി പുതിയ സവിഷശേഷതകളും നല്‍കിയാണ് കമ്പനി വാഹനം പുറത്തിറക്കിയിരിക്കുന്നത്. ഹിമാലയൻ‌ ബിഎസ്6 പതിപ്പ് മൊത്തം ആറ് നിറങ്ങളിൽ‌ ലഭ്യമാണ്.  നിലവിലുള്ള ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക്, സ്‌നോ വൈറ്റ് എന്നീ നിറങ്ങള്‍ കൂടാതെ ലേക്ക് ബ്ലൂ, റോക്ക് റെഡ് എന്നിങ്ങനെ റൈഡര്‍മാരെ ആകര്‍ഷിക്കും വിധത്തിലുള്ള രണ്ട് പുതിയ നിറങ്ങളില്‍ കൂടി ഹിമാലയന്‍ സ്വന്തമാക്കാം.

ബിഎസ്6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾക്കനുസരിച്ച് പരിഷ്‍കരിച്ച എൻജിനാണ് 2020 ഹിമാലയന്റ ഹൈലൈറ്റ്. വിപണിയിലുണ്ടായിരുന്ന ബിഎസ്4 ഹിമാലയനിലെ 411 സിസി സിംഗിള്‍ സിലിണ്ടര്‍ എയര്‍ കൂള്‍ഡ് ഫ്യുവൽ ഇൻജെക്ഷൻ എൻജിൻ തന്നെ പരിഷ്കാരങ്ങൾക്കു വിധേയമായാണ് 2020 ഹിമാലയന്‍ എത്തുന്നത്.  

ആന്‍റി ലോക്ക് ബ്രേക്കിംഗ് സംവിധാനത്തിലേക്ക് (എബിഎസ്) വേഗത്തില്‍ മാറാനാകുമെന്നതാണ് വാഹനത്തിന്റെ പുതിയ സവിശേഷത. റീയര്‍ വീലില്‍ നിന്നും ബ്രേക്കിംഗ് വാഹനം സ്ലൈഡ് ചെയ്‍തു കൊണ്ടുതന്നെ വളരെ എളുപ്പത്തില്‍ മാറ്റാനുമാകും. ആന്റി-ലോക്ക് ബ്രെക്ക് സിസ്റ്റം (എബിഎസ്) 2020 ഹിമാലയനിൽ റോയൽ എൻഫീൽഡ് ഇണക്കി ചേർത്തിട്ടുണ്ട്. ദുർഘടം പിടിച്ച റൈഡുകളിൽ ബൈക്കിനെ കൂടുതൽ കാര്യക്ഷമമായി ഓടിക്കുന്ന വ്യക്തിക്ക് നിയന്ത്രിക്കാൻ നിഷ്ക്രീയമാക്കാവുന്ന എബിഎസ് സഹായിക്കും.

click me!