കേരളം നോട്ടമിട്ട് അമേരിക്കന്‍ ഭീമന്‍, റാഞ്ചാന്‍ സംസ്ഥാനങ്ങള്‍, വാഹനവിപ്ലവത്തിലേക്ക് രാജ്യം!

By Web TeamFirst Published Jan 13, 2021, 4:16 PM IST
Highlights

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ഇന്ത്യയില്‍ ഓഫീസ് തുറന്നു. പ്ലാന്‍റ് സ്ഥാപിക്കാന്‍ കേരളത്തെയും കമ്പനി പരിഗണിക്കുന്നതായി സൂചന

ടുവില്‍ അത് സംഭവിച്ചിരിക്കുന്നു. അമേരിക്കന്‍ ഇലക്ട്രിക്ക് വാഹനഭീമന്‍ ടെസ്‍ലയുടെ ഇന്ത്യാ പ്രവേശനം യാതാര്‍ത്ഥ്യമായിരിക്കുന്നു. കമ്പനിയുടെ ഓഫീസ് ബംഗളൂരുവില്‍ പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. 2021ല്‍ കമ്പനി ഇന്ത്യയില്‍ എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതിന്‍റെ തുടക്കം എന്ന നിലയിലാണ് ബെംഗളുരുവില്‍ പുതിയ കമ്പനി ഓഫീസ് ആരംഭിച്ചിരിക്കുന്നത്. ടെസ്ലലയുടെ ഇന്ത്യന്‍ ഘടകം 'ടെസ്ല ഇന്ത്യ മോട്ടോര്‍സ് ആന്‍റ് എനര്‍ജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിലാണ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. അതേസമയം നിര്‍മ്മാണശാല സ്ഥാപിക്കാന്‍ കര്‍ണാടകയ്‍ക്കും മഹാരാഷ്‍ട്രയ്‍ക്കുമൊപ്പം കേരളത്തെയും കമ്പനി പരിഗണിക്കുന്നതായി ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു

പ്ലാന്‍റ് സ്ഥാപിക്കാനുള്ള മഹാരാഷ്‍ട്ര ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ ക്ഷണങ്ങള്‍ക്കിടയിലൂടെയാണ് കമ്പനി ബംഗളൂരുവില്‍ ഓഫീസ് തുറന്നത്. കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പയും ടെസ്ലയെയും മുതലാളി ഇലോണ്‍ മസ്കിനെയും സ്വാഗതം ചെയ്ത് ട്വീറ്റ് ചെയ്‍തതും ഈ സാഹചര്യത്തില്‍ ശ്രദ്ധേയം. ''ഹരിത വാഹനങ്ങളിലേക്കുള്ള ഇന്ത്യയുടെ യാത്രക്ക് കർണാടകം നേതൃത്വം നൽകും. ഇലക്ട്രിക് വാഹന നിർമാതാക്കളായ ടെസ്ല ബെംഗളൂരു കേന്ദ്രമാക്കി ഇന്ത്യയിൽ ഉടൻ പ്രവർത്തനം ആരംഭിക്കും. ഈലൺ മസ്‍കിനെ ഞാൻ ഇന്ത്യയിലേക്കും കർണാടകത്തിലേക്കും സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നു''- ഇതായിരുന്നു കർണാടക മുഖ്യമന്ത്രിയുടെ ട്വീറ്റ്. 

മഹാരാഷ്ട്രയില്‍ ടെസ്‌ലയുടെ പ്ലാന്റ് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ കമ്പനിയുമായി ചര്‍ച്ച നടത്തിയതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.  ടെസ്‌ലയുമായുള്ള ചർച്ചകൾ തുടങ്ങിയ വിവരം മഹാരാഷ്ട്ര വിനോദ സഞ്ചാര മന്ത്രി ആദിത്യ താക്കറെ നേരത്തെ ട്വിറ്റ് ചെയ്‍തിരുന്നു. എന്നാല്‍ കര്‍ണാടകയ്‍ക്കും മഹാരാഷ്‍ട്രയ്‍ക്കുമൊപ്പം കേരളത്തെയും കമ്പനി പരിഗണിക്കുന്നതായി സൂചനകളുണ്ടെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട്. 

അതേസമയം പ്ലാന്റ് സ്ഥാപിക്കുന്നത് സംബന്ധിച്ച തീരുമാനങ്ങള്‍ ടെസ്‌ല പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിലെ ഇലക്ട്രിക് വാഹനങ്ങളുടെ വില്‍പ്പന പരിശോധിച്ചു വിലയിരുത്തിയ ശേഷമായിരിക്കും പ്ലാന്റ് നിര്‍മിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക. തുടക്കത്തിൽ കമ്പനി ഇലക്ട്രിക് കാർ വിൽപ്പനയാവും ശ്രദ്ധിക്കുകയെന്നും ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ നിർമ്മാണത്തിലേക്ക് കടക്കുന്ന കാര്യം ആലോചിക്കും എന്നുമാണ് റിപ്പോര്‍ട്ടുകള്‍. ടെസ്‌ല വാഹനങ്ങളിൽ ഏറ്റവും വിലകുറഞ്ഞ മോഡൽ 3 ആയിരിക്കും ആദ്യമായി ഇന്ത്യയില്‍ പുറത്തിറക്കുന്ന മോഡൽ. കമ്പനി ശ്രേണിയിലെ ഏറ്റവും വില കുറഞ്ഞ മോഡലാണിത്. 74739 ഡോളര്‍ അഥവാ ഏകദേശം 55 ലക്ഷം രൂപയാണ് മോഡല്‍ 3യുടെ ആരംഭവില.

എന്തായാലും ടെസ്‍ലയുടെ വരവ് രാജ്യത്തെ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിയേക്കും. ഡ്രൈവറില്ലാ കാറുകള്‍ ഉള്‍പ്പെടെയുള്ള ഹൈടെക്ക് വാഹനങ്ങളുടെ നിര്‍മ്മാതാക്കളായ ടെസ്‍ല ഇന്ത്യന്‍ മണ്ണിലെത്തുമ്പോള്‍ വമ്പന്‍ വാഹന വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക. മാത്രമല്ല ഇന്ത്യന്‍ വാഹന വിപണിയില്‍ പുതിയ പരീക്ഷണങ്ങള്‍ക്കു കൂടിയാണ് ടെസ്‍ല തയ്യാറെടുക്കുന്നതെന്നാണ് സൂചനകള്‍.  ഡീലര്‍മാരില്ലാതെ നേരിട്ടുള്ള വില്‍പ്പന എന്ന തന്ത്രമാണ് അതിലൊന്ന്. അതായത് രാജ്യത്ത് ഒരു ഡീലർമാരെയും നിയമിക്കാതെ ടെസ്‌ല നേരിട്ടുള്ള വിൽപ്പന എന്ന തന്ത്രത്തിൽ പ്രവർത്തിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. പൂർണ്ണമായും നിർമ്മിച്ച യൂണിറ്റ് ഇറക്കുമതി ചെയ്യുന്ന സിബിയു വഴിയാകും വാഹനം രാജ്യത്ത് എത്തുക. ഡിജിറ്റൽ വിൽപ്പന ഉള്‍പ്പെടെ രാജ്യത്തെ പരമ്പാരഗത വാഹന വില്‍പ്പന സമ്പ്രദായങ്ങളെയാകെ കമ്പനി മാറ്റി മറിച്ചേക്കാം. 

കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ്, വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‍ല. ടെസ്‍ല റോഡ്സ്റ്റര്‍ എന്ന, പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്സും കമ്പനി വിപണിയിലെത്തിച്ചു. 2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ ഇലക്ട്രിക്ക് കാര്‍ ആയിമാറിയിരുന്നു മോഡല്‍ എസ്. 2015 ഡിസംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റഴിച്ചത്. 2017ല്‍ ടെസ്‍ല ഓട്ടോപൈലറ്റ് കാറുകളും പുറത്തിറക്കിയിരുന്നു. ഈ വാഹനങ്ങളൊക്കെ ഇന്ത്യന്‍ നിരത്തിലേക്കെത്തിയാല്‍ വമ്പന്‍ വാഹന വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.

കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‍ക് തന്നെയാണ് 2021 ൽ കമ്പനി ഇന്ത്യയിലേക്ക് എത്തുമെന്ന സൂചന നേരത്തെ നൽകിയത്. ഇന്ത്യയ്ക്ക് ടെസ്‍ല വേണം എന്ന ടി-ഷർട്ടിന്റെ ഫോട്ടോയുള്ള ഒരു ട്വിറ്റർ പോസ്റ്റിന് മറുപടിയായാണ് മസ്‍ക് ഇന്ത്യയിലേക്കുളള കമ്പനിയുടെ വരവിന്റെ സൂചന നൽകിയത്. പിന്നാലെ കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്‌കരി തന്നെ ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ടെസ്‍ലയുടെ ഇന്ത്യൻ വിപണി പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.  പരമ്പരാഗത ഇന്ധന ഉപഭോഗം കുറയ്ക്കാനും അതുവഴി മലിനീകരണം കുറയ്ക്കാനും കേന്ദ്രസർക്കാർ കഠിനമായി അധ്വാനിക്കുന്നുണ്ട്. ഇതിന് വേണ്ടി ഇലക്ട്രിക് വാഹനങ്ങൾക്ക് വൻ പ്രചാരം നൽകുകയാണ്. 

അതേസമയം  ടെസ്ല ക്ലബ് ഇന്ത്യയാണ് ബംഗളൂരിവില്‍ ഓഫീസ് പ്രവര്‍ത്തനം തുടങ്ങിയതടക്കമുള്ള പുതിയ വിവരങ്ങള്‍ ട്വീറ്റിലൂടെ പുറത്തുവിട്ടത്. കമ്പനിയുടെ രജിസ്ട്രേഷന്‍ ജനുവരി എട്ടിനാണ് പൂര്‍ത്തിയായത് എന്നാണ് രേഖകള്‍. രണ്ട് ഇന്ത്യന്‍ ഡയറക്ടര്‍മാര്‍ അടക്കം മൂന്ന് ഡയറക്ടര്‍മാരാണ് ടെസ്ലയുടെ ഇന്ത്യന്‍ വിഭാഗത്തിന് ഇപ്പോള്‍ ലഭിക്കുന്ന വിവരപ്രകാരം ഉള്ളത്. ഇതില്‍ വിദേശിയായ ഡേവിഡ് ജോന്‍ ഫെനന്‍സ്റ്റീന്‍ ടെസ്ല ഗ്ലോബല്‍ സീനിയര്‍ ഡയറക്ടറാണ്. വൈഭവ് തനേജ, വി ശ്രീറാം എന്നിവരാണ് മറ്റ് രണ്ട് ഡയറക്ടേര്‍സ്. ഇതില്‍ വൈഭവ് ടെസ്ലയുടെ തന്നെ അക്കൌണ്ടിംഗ് ഓഫീസറാണ്.  ബെംഗളൂര്‍ യുബി സിറ്റിയില്‍ നിന്നും 500 മീറ്റര്‍ അകലെ ബെംഗളൂരുവിന്‍റെ ഹൃദയഭാഗത്ത് തന്നെയാണ് ടെസ്ലയുടെ പുതിയ ഇന്ത്യന്‍ ഓഫീസ്. 

click me!