ഡ്രൈവര്‍മാരുടെ കൈപിടിച്ച് ടാറ്റയും ഐഒസിയും

By Web TeamFirst Published May 31, 2019, 2:58 PM IST
Highlights

രാജ്യത്തെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി ടാറ്റ മോട്ടോഴ്‍സിന്‍റെയും നവരത്‌ന ഓയില്‍ കമ്പനിയായ ഐഒസിയുടെയും സംയുക്തസംരംഭമായ 'സാരഥി ആരാം കേന്ദ്ര' പദ്ധതിക്ക് തുടക്കമായി.

കൊച്ചി: രാജ്യത്തെ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി ടാറ്റ മോട്ടോഴ്‍സിന്‍റെയും നവരത്‌ന ഓയില്‍ കമ്പനിയായ ഐഒസിയുടെയും സംയുക്തസംരംഭമായ 'സാരഥി ആരാം കേന്ദ്ര' പദ്ധതിക്ക് തുടക്കമായി. യാത്രക്കിടയില്‍ ഡ്രൈവര്‍മാര്‍ക്ക് വിശ്രമിക്കാനും അതുവഴി അവരുടെ മാനസികവും ശാരീരികവുമായ ക്ഷേമം നിലനിര്‍ത്തുന്നതിനായി സഹായിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി ആവിഷ്‌കരിച്ച രാജ്യത്തെ ആദ്യത്തെ പദ്ധതിയാണിതെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. 

ഏറ്റവും തിരക്കേറിയ ദേശീയ പാതയായ എന്‍എച്ച് 8ലെ ഭവലിലാണ് രാജ്യത്തെ ആദ്യത്തെ സാരഥി ആരാം കേന്ദ്രക്ക് ഇരു കമ്പനികളും ചേര്‍ന്ന് തുടക്കമിട്ടത്. ക്രമേണ ഇത്തരം കേന്ദ്രങ്ങള്‍ രാജ്യത്താകമാനം വ്യാപിപ്പിക്കും. ഡ്രൈവര്‍മാരുടെ സുരക്ഷയും ക്ഷേമവുമാണ് ഇരു കമ്പനികളും പ്രഥമ പരിഗണന നല്‍കുന്നത്. വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്ക് അവരുടെ യാത്രയില്‍ അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. 

വിശ്രമ മുറികള്‍,  ഭക്ഷണ ശാലകള്‍,  24മണിക്കൂറും സിസിടിവി നിരീക്ഷണത്തോടെയുള്ള പ്രത്യേക പാര്‍ക്കിങ് സൗകര്യം,  സ്വന്തമായി ഭക്ഷണം പാകം ചെയ്യാനുള്ള സൗകര്യം,  വസ്ത്രങ്ങള്‍ അലക്കുന്നതിനും കുളിക്കുന്നതിനുമായുള്ള  സൗകര്യം,  ശൗചാലയങ്ങള്‍,  ബാര്‍ബര്‍ ഷോപ്പ്,  ശുദ്ധമായ കുടിവെള്ളം,  ടിവി,  വൈഫൈ സൗകര്യങ്ങള്‍ എന്നിവയും സാരഥി ആരാം കേന്ദ്രയില്‍ ലഭ്യമാക്കും.   കൂടാതെ അടുത്തുള്ള ടാറ്റായുടെ സര്‍വീസ് കേന്ദ്രങ്ങളില്‍ നിന്നും ട്രക്കുകള്‍ക്കാവശ്യമായ സര്‍വീസ് സൗകര്യങ്ങളും കേന്ദ്രങ്ങളില്‍ ഒരുക്കുന്നുണ്ട്.  ഇങ്ങനെ യാത്രയില്‍ ഡ്രൈവര്‍മാരുടെ ക്ഷേമത്തിനാവശ്യമായ എല്ലാ സഹായങ്ങളും ഇത്തരം കേന്ദ്രങ്ങളില്‍ ലഭ്യമാകും.  

ഡ്രൈവര്‍മാരുടെ ക്ഷേമം മുന്‍നിര്‍ത്തി അടുത്തിടെ ടാറ്റ മോട്ടോര്‍സ് 'ടാറ്റ മോട്ടോര്‍സ് സമര്‍ഥ്' പദ്ധതി ആവിഷ്‌ക്കരിച്ചിരുന്നു. അതുപോലെ ഇന്ത്യന്‍ ഓയിലിന്റെ 'ഉജാല' പദ്ധതിയിലൂടെ ദീര്‍ഘ ദൂര ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായി,  നേത്ര പരിശോധനകള്‍,  സുരക്ഷിതമായി വാഹന നീക്കത്തിനാവശ്യമായ പരിശീലനങ്ങള്‍,  ഡ്രൈവര്‍ കിറ്റ് വിതരണം,  തുടങ്ങിയവയും നടപ്പിലാക്കുന്നുണ്ട്. 

'റോഡ് സുരക്ഷക്കും  ഡ്രൈവര്‍മാരുടെ  ക്ഷേമത്തിനുമാണ് ഞങ്ങള്‍ പ്രഥമ പരിഗണന നല്‍കുന്നത്. വാണിജ്യ വാഹന ഡ്രൈവര്‍മാര്‍ക്ക് അവരുടെ യാത്രയില്‍ അവര്‍ക്കാവശ്യമായ പ്രാഥമിക സൗകര്യങ്ങള്‍ ഈ കേന്ദ്രങ്ങളില്‍ നിന്നും ലഭ്യമാകും. തന്മൂലം അവരുടെ മാനസീക സമ്മര്‍ദ്ദം കുറക്കുന്നതിനും കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനാകും. 

ഈ ഉദ്യമത്തില്‍ ഇന്ത്യന്‍ ഓയിലുമായി സഹകരിക്കുന്നതില്‍ അഭിമാനമുണ്ടെന്നും ആദ്യഘട്ടത്തില്‍ ഈ പുതിയ കേന്ദ്രം വഴി ദിവസേന നൂറിലധികം ഡ്രൈവര്‍മാര്‍ക്ക് സേവനം നല്‍കാന്‍ സാധിക്കുമെന്നും ക്രമേണ ഇത് വര്‍ധിപ്പിച്ചു രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നതെന്നും  ടാറ്റ മോട്ടോര്‍സ് വാണിജ്യ വാഹന വിഭാഗം പ്രസിഡന്റ് ഗിരീഷ് വാഗ് പറഞ്ഞു.  

ഇന്ത്യന്‍ ഓയില്‍ ടാറ്റ മോട്ടോഴ്സുമായി ഇതിനു മുന്‍പും നിരവധി വാണിജ്യ സഹകരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദീര്‍ഘദൂര  ഡ്രൈവര്‍മാരുടെ ക്ഷേമം ലക്ഷ്യമിട്ട് രാജ്യത്തെ പ്രധാന പാതകളിലുള്ള റീടൈല്‍ കച്ചവട കേന്ദ്രങ്ങള്‍ വഴി ഇന്ത്യന്‍ ഓയില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍  നടത്തിയിട്ടുമുണ്ട്.  ഇതുപോലെതന്നെ സാരഥി ആരാം കേന്ദ്രയെന്ന പുതിയ പദ്ധതിയിലൂടെ ഡ്രൈര്‍മാരുടെ ക്ഷേമം മുന്‍ നിര്‍ത്തി ഞങ്ങളുടെ റീടൈല്‍ ഔട്ട്ലെറ്റുകള്‍ വഴി മികച്ച സൗകര്യങ്ങള്‍ നല്‍കുവാനും തന്മൂലം ഡ്രൈവര്‍മാരുടെ കാര്യക്ഷമത വര്‍ധിപ്പിക്കാനും  ഞങ്ങള്‍ ഇരുവരും ചേര്‍ന്ന് ലക്ഷ്യമിടുന്നു.  ഇന്ത്യന്‍ ഓയില്‍ റീടൈല്‍ സെയില്‍സ് എക്‌സികൂട്ടിവ് ഡയറക്ടര്‍ വിഗ്യാന്‍ കുമാര്‍ വ്യക്തമാക്കി. 

click me!