"എന്‍റെ ആദ്യ കാര്‍, ആ മാരുതി 800 കണ്ടെത്താന്‍ ഒന്നു സഹായിക്കുമോ?" ആരാധകരോട് സച്ചിന്‍!

By Web TeamFirst Published Aug 19, 2020, 5:24 PM IST
Highlights

ജീവിതത്തിൽ ആദ്യമായി വാങ്ങിയ മാരുതി 800 കാർ തിരികെ കിട്ടാൻ തന്നെ സഹായിക്കാമോ എന്നാണ് സച്ചിന്‍ ചോദിക്കുന്നത്. 

ആദ്യവാഹനം, അതിലെ ആദ്യയാത്ര ഇതൊക്കെ ഒരിക്കലും മറക്കാന്‍ പറ്റാത്ത ഓര്‍മ്മകളാവും പലര്‍ക്കും. ഒരുപാടുകാലത്തെ സ്വപ്‍നമായിരിക്കും പുതിയൊരു വാഹനം. ഏറെക്കാലം കൊണ്ട് സ്വരുക്കൂട്ടി വച്ച പണം ഉപയോഗിച്ച് സ്വന്തമാക്കിയ ആ വാഹനം പില്‍ക്കാലത്ത് കയ്യില്‍ ഇല്ലെങ്കില്‍ ചിലപ്പോള്‍ ഭയങ്കര നഷ്‍ടബോധം തോന്നിയേക്കാം ചിലര്‍ക്കെങ്കിലും. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ സച്ചിൻ ടെന്‍ഡുല്‍ക്കറും ഇപ്പോള്‍ അങ്ങനൊരു അവസ്ഥയിലാണ്. അതുകൊണ്ടു തന്നെ ആരാധകരോട് അദ്ദേഹം നടത്തിയ ഒരു അഭ്യര്‍ത്ഥനയാണ് ഇപ്പോള്‍‌ വാഹനലോകത്തെ ഉള്‍പ്പെടെ ചര്‍ച്ചാ വിഷയം. ജീവിതത്തിൽ ആദ്യമായി വാങ്ങിയ മാരുതി 800 കാർ തിരികെ കിട്ടാൻ തന്നെ സഹായിക്കാമോ എന്നാണ് സച്ചിന്‍ ചോദിക്കുന്നത്. 

ഒരു അഭിമുഖത്തിന് ഇടയിലാണ് മാസ്റ്റർ ബ്ലാസ്റ്റർ, തന്റെ ആദ്യ കാറിനെപ്പറ്റി വൈകാരികമായി സംസാരിച്ചത്. ഒരു പ്രൊഫഷണൽ ക്രിക്കറ്റ് കളിക്കാരനായതിനു ശേഷം സ്വന്തം പണം കൊണ്ടു വാങ്ങിയ ആദ്യത്തെ കാറുമായി വൈകാരികമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നതിനു തെളിവായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകള്‍. 

"എന്റെ ആദ്യത്തെ കാർ ഒരു മാരുതി 800 ആയിരുന്നു. നിർഭാഗ്യവശാൽ, അത് ഇപ്പോൾ എന്റെ പക്കലില്ല. ആ കാറിനെ വീണ്ടും എന്നോടൊപ്പം കൊണ്ടുവരാൻ ഞാൻ ആഗ്രഹിക്കുന്നു. അതിനാൽ, ഞാൻ ഈ പറയുന്നത് കേൾക്കുന്ന ആളുകൾ, ആ കാറിനെക്കുറിച്ച് എന്തെങ്കിലും വിവരം കിട്ടിയാല്‍ എന്നെ അറിയിക്കണം..." ഇതായിരുന്നു സച്ചിന്‍റെ വാക്കുകള്‍. 

കാറുകളോടുള്ള സച്ചിന്റെ അഭിനിവേശവും അദ്ദേഹത്തിന്‍റെ കാറുകളുടെ ശേഖരവുമൊക്കെ എല്ലായ്പ്പോഴും വാർത്തകളിൽ നിറയാറുണ്ട്.  ബാല്യകാലത്ത് ബാന്ദ്രയിലെ തന്റെ വീടിന്റെ ബാൽക്കണിയിൽ നിന്നും സഹോദരനോടൊപ്പം മണിക്കൂറുകളോളം തെരുവിലെ വിദേശ കാറുകളെ നോക്കിനിന്നിരുന്നതും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. 

"ഞങ്ങളുടെ വീടിനു സമീപം ഒരു വലിയ ഓപ്പൺ ഡ്രൈവ് ഇൻ മൂവി ഹാൾ ഉണ്ടായിരുന്നു, അവിടെ ആളുകൾ അവരുടെ കാറുകൾ പാർക്ക് ചെയ്യുകയും അതിൽ ഇരുന്ന് സിനിമ കാണുകയും ചെയ്‍തിരുന്നു. അപ്പോള്‍ ഞാനും സഹോദരനോടൊപ്പം ഞങ്ങളുടെ ബാൽക്കണിയിൽ മണിക്കൂറുകളോളം ആ കാറുകൾ കാണാറുണ്ടായിരുന്നു.." അദ്ദേഹം ഓര്‍ക്കുന്നു. 

ബിഎംഡബ്ലിയു ബ്രാൻഡ് അംബാസിഡര്‍ കൂടിയായ സച്ചിൻ ടെണ്ടുൽക്കറുടെ ഗാരേജിൽ കാറുകളുടെ ഒരു വ്യത്യസ്ത ശേഖരം തന്നെയുണ്ട്. ഫെറാരി ഉള്‍പ്പെടെയുള്ള വമ്പന്‍ കമ്പനികള്‍‌ സമ്മാനമായി നല്‍കിയ സൂപ്പര്‍ കാറുകളും ബിഎംഡബ്ല്യു ഐ8 സെവൻസ് തുടങ്ങി നിരവധി ആഡംബരകാറുകളും സച്ചിന്‍റെ ഗാരേജിലുണ്ട്. എങ്കിലും സ്വന്തം വിയര്‍പ്പിന്‍റെ വില മുടക്കി വാങ്ങിയ ആദ്യ കാറിനോടുള്ള വൈകാരിക അടുപ്പം വ്യക്തമാക്കുന്നതാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. ഈ കാര്‍ സ്വന്തമാക്കാനുള്ള തുക ഏറെനാളുകള്‍ കൊണ്ടാണ് അദ്ദേഹം അന്നു സ്വരുക്കൂട്ടിയതത്രെ.

മാരുതി 800ന്‍റെ കഥ

ഇന്ത്യയില്‍ വാഹന വിപ്ലവത്തിന് തുടക്കം കുറിച്ച കാര്‍ മോഡലായിരുന്നു മാരുതി-സുസുക്കിയുടെ മാരുതി 800. ജപ്പാനിലെ സുസുക്കി മോട്ടോർസ് കമ്പനിയും ഇന്ത്യന്‍ സർക്കാരും തമ്മിലുള്ള സം‌യുക്ത സം‌രംഭമായി 1983 ഡിസംബർ 14-ന് പുറത്തിറങ്ങിയ മാരുതി 800 സച്ചിന്‍റെ മാത്രമല്ല രാജ്യത്തെ പല സെലിബ്രിറ്റികളുടെയും ആദ്യ വാഹനമായിരുന്നു. 796 cc എൻജിൻ കരുത്തുപകരുന്ന കാറിന്‍റെ മിക്ക ഭാഗങ്ങളും ആദ്യകാലങ്ങളിൽ വികസിത രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുകയായിരുന്നു.

തുടക്കത്തിൽ ദില്ലി, മുംബൈ എന്നിവിടങ്ങളിൽ മാത്രമായിരുന്നു മാരുതി 800 വിറ്റിരുന്നത്. പിന്നീട് 1984 -ൽ കൽക്കട്ട, ചണ്ഡീഗഢ്, ചെന്നൈ എന്നിവിടങ്ങളിലേക്കും വിൽപ്പന വിപുലീകരിച്ചു. തുടക്കത്തിൽ 20,000 കാറുകളും തുടർന്നുള്ള വർഷങ്ങളിൽ 45,000, 65,000 എന്നിങ്ങനെ കൂടുതൽ കാറുകൾ മാരുതി പുറത്തിറക്കി. 

1983ല്‍ പുറത്തിറങ്ങിയ ആദ്യ കാറിന്‍റെ വില കേവലം 48,000 രൂപയായിരുന്നു. എന്നാല്‍ കാറിന്‍റെ ജനപ്രിയത മൂലം ഒരുലക്ഷം രൂപവരെയും നല്‍കാന്‍ പലരും തയ്യാറായിരുന്നു. ബുക്ക് ചെയ്‍ത ആയിരങ്ങള്‍ക്ക് കാര്‍ സ്വന്തമാക്കാന്‍ ഏറെക്കാലം കാത്തുനില്‍ക്കേണ്ടി വന്നിരുന്നു. 2014ല്‍ വിപണിയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുന്ന മാരുതി 800. 

click me!