കരാര്‍ ലഭിക്കാന്‍ സ്‌കാനിയ ഇന്ത്യയില്‍ കോഴ നല്‍കിയെന്ന് റിപ്പോര്‍ട്ട്‌

By Web TeamFirst Published Mar 11, 2021, 11:52 PM IST
Highlights

കോഴയും ബിസിനസ് പങ്കാളികള്‍ വഴിയുള്ള കൈക്കൂലിയും ഉള്‍പ്പെടുന്നതാണ് ചില ഇടപാടുകളെന്ന് സ്‌കാനിയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്...

ദില്ലി: ഇന്ത്യയില്‍ കരാറുകള്‍ ലഭിക്കാന്‍ സ്വീഡിഷ് ട്രക്ക്, ബസ് നിര്‍മ്മാതാക്കളായ സ്‌കാനിയ കോഴ നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. 2013 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബസ് കരാറുകള്‍ ലഭിക്കാന്‍ കോഴ നല്‍കിയിട്ടുണ്ടെന്നാണ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‍സിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തത്.

കോഴയും ബിസിനസ് പങ്കാളികള്‍ വഴിയുള്ള കൈക്കൂലിയും ഉള്‍പ്പെടുന്നതാണ് ചില ഇടപാടുകളെന്ന് സ്‌കാനിയ വക്താവ് പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. സ്‌കാനിയ ഇന്ത്യയില്‍ സിറ്റി ബസുകള്‍ വില്‍ക്കുന്നത് അവസാനിപ്പിച്ചതായും ഫാക്ടറി അടച്ചുപൂട്ടിയതായും അദ്ദേഹം പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയിലെ ഒരു ഖനന കമ്പനിക്ക് നല്‍കിയ ട്രക്കുകളില്‍ ചേസിസ് നമ്പറുകളിലും ലൈസന്‍സ് പ്ലേറ്റുകളിലും സ്‌കാനിയ കൃത്രിമത്വം നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.  2017-ല്‍ ഇതുസംബന്ധിച്ച് സ്‌കാനിയ നടത്തിയ അന്വേഷണത്തില്‍ സീനിയര്‍ മാനേജ്‌മെന്റ് തലത്തിലുള്ള ചില ജീവനക്കാരടക്കം കൃത്യവിലോപം നടത്തിയതായും കണ്ടെത്തിയിരുന്നു.

കമ്പനിയിൽ നിന്ന് പുറത്തുപോയ ഏതാനും വ്യക്തികൾ ഇന്ത്യയിൽ എന്തെങ്കിലും തെറ്റ് ചെയ്‍തിട്ടുണ്ടെന്നും അതിൽ പങ്കെടുത്ത എല്ലാ ബിസിനസ്സ് പങ്കാളികളും അവരുടെ കരാറുകൾ റദ്ദാക്കിയെന്നും അധികൃതര്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, സ്‌കാനിയയിലെ ക്രമക്കേടുകളെ സംബന്ധിച്ചുള്ള അന്വേഷണത്തില്‍ പോലീസ് ഇടപെട്ടിട്ടില്ലെന്നും സ്‌കാനിയ വക്താവ് വ്യക്തമാക്കി. സ്‌കാനിയയുടെ കമ്പനി ചട്ടങ്ങള്‍ക്കനുസരിച്ച്  ഇപ്പോഴുള്ള ക്രമക്കേട് തെളിയിക്കാന്‍ ആവശ്യമായ തെളിവുകളുണ്ട്. അതിനാല്‍ ഇത്തരം കാര്യങ്ങളില്‍ നടപടിയെടുക്കാന്‍ കമ്പനിക്ക് കഴിയുമെന്നും പ്രോസിക്യൂഷനിലേക്ക് നയിക്കാന്‍ തക്ക തെളിവുകളില്ലെന്നും സ്‍കാനിയ വ്യക്തവാ പറഞ്ഞതായാണ് റോയിട്ടേഴ്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

ലോകത്തെ പ്രമുഖ ട്രക്ക്, ബസ് നിര്‍മാണ കമ്പനിയായ സ്‌കാനിയ 2007-ലാണ് ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2011-ല്‍ കമ്പനി നിര്‍മാണ യൂണിറ്റും ആരംഭിച്ചിരുന്നു. നിലവില്‍ ഫോക്‌സ്‌വാഗൺ എജിയുടെ വാണിജ്യ വാഹന വിഭാഗമായ ട്രാറ്റൺ എസ്ഇയുടെ കീഴിലുള്ള സ്ഥാപനമാണ് സ്‍കാനിയ. 

click me!