ഹോണ്ട തന്നെ 'ഹീറോ'; സുസുക്കിയോടും പരാജയപ്പെട്ട് ഒറിജിനല്‍ ഹീറോ!

By Web TeamFirst Published Oct 16, 2019, 10:54 AM IST
Highlights

രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി

2019 ഏപ്രില്‍ മുതല്‍ സെപ്‍‍തംബര്‍ വരെയുള്ള രാജ്യത്തെ സ്‌കൂട്ടര്‍ വില്‍പനയില്‍ ഹീറോ മോട്ടോകോര്‍പ്പിനെ പിന്നിലാക്കി സുസുക്കി കുതിക്കുന്നു. SIAM (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ച്ചേഴ്സ്) പുറത്തുവിട്ട കണക്കുപ്രകാരം പതിവുപോലെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മൂന്നാം സ്ഥാനമാണ് സുസുക്കി നേടിയത്.  രണ്ടാം സ്ഥാനത്ത് ടിവിഎസാണ്. 

ഒന്നാമനായ ഹോണ്ടക്ക് ഉള്‍പ്പെടെ എല്ലാ മുന്‍നിര കമ്പനികള്‍ക്കും മുന്‍വര്‍ഷത്തെക്കാള്‍ വില്‍പന കുറഞ്ഞിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്. നാലാംസ്ഥാനത്താണ് ഹീറോ. 341,928 യൂണിറ്റ് സ്‌കൂട്ടറുകളാണ് 2019 ഏപ്രില്‍ മുതല്‍ സെപ്‍തംബര്‍ വരെ സുസുക്കി വിറ്റത്. എന്നാല്‍ 249,365 യൂണിറ്റ് സ്‌കൂട്ടറുകള്‍ വില്‍ക്കാനെ ഇക്കാലയളവില്‍ ഹീറോയ്ക്ക് സാധിച്ചുള്ളു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലുള്ളതിനെക്കാള്‍ 17.16 ശതമാനം അധിക വളര്‍ച്ചയും സുസുക്കി സ്വന്തമാക്കി. ആക്സസ്, ബര്‍ഗ്മാന്‍ സ്ട്രീറ്റ് സ്‌കൂട്ടറുകളുടെ വില്‍പനയാണ് സുസുക്കിയുടെ പ്രകടനത്തിനു കരുത്തേകിയത്. 

ഒന്നാംസ്ഥാനത്തുള്ള ഹോണ്ട കഴിഞ്ഞ ആറ് മാസത്തിനുള്ളില്‍ ആകെ 17,32,579 യൂണിറ്റ് സ്‌കൂട്ടറുകള്‍ വിറ്റഴിച്ചു. അതേസമയം കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 21,82,860 യൂണിറ്റുകള്‍ വിറ്റ സ്ഥാനത്താണിത്. രണ്ടാംസ്ഥാനത്തുള്ള ടിവിഎസ് 598,617 യൂണിറ്റ് സ്‌കൂട്ടറുകളും യഥാക്രമം അഞ്ച്, ആറ്, ഏഴ് സ്ഥാനങ്ങളില്‍ യമഹ (157,483 യൂണിറ്റ്), പിയാജിയോ (36,981 യൂണിറ്റ്), മഹീന്ദ്ര (480 യൂണിറ്റ്) എന്നിവരാണ്.   

click me!