അമ്മയ്ക്ക് 6 കോടി, ഭാര്യയ്ക്ക് 3 കോടി, 42.9 കോടിയുടെ ഫ്ലാറ്റും! ഇലക്ട്രിക്ക് വാഹന ലോൺ അഴിമതിയിൽ ഞെട്ടി രാജ്യം!

Published : Apr 17, 2025, 09:38 AM IST
അമ്മയ്ക്ക് 6 കോടി, ഭാര്യയ്ക്ക് 3 കോടി, 42.9 കോടിയുടെ ഫ്ലാറ്റും! ഇലക്ട്രിക്ക് വാഹന ലോൺ അഴിമതിയിൽ ഞെട്ടി രാജ്യം!

Synopsis

ബ്ലൂസ്മാർട്ടിന്റെയും ജെൻസോൾ എഞ്ചിനീയറിംഗിന്റെയും പ്രൊമോട്ടർമാർക്കെതിരെ സെബി വഞ്ചനാ കുറ്റം ചുമത്തി. കമ്പനിയുടെ ഫണ്ട് വ്യക്തിപരമായ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്തെന്നാണ് ആരോപണം.

ബ്ലൂസ്മാർട്ട് ക്യാബ് സേവനം രാജ്യത്ത് കൂടുതൽ പ്രചാരത്തിലായിക്കൊണ്ടിരിക്കുകയാണ്. പൂർണ്ണമായും ഒരു ഇവി ഫ്ലീറ്റ് ആണ് ബ്ലൂസ്മാർട്ട് ക്യാബ്. എന്നാൽ ഇപ്പോൾ ബ്ലൂസ്‍മാർട്ട് ക്യാബിനെ സംബന്ധിച്ച് പുറത്തുവരുന്ന വാർത്തകൾ അത്ര നല്ലതല്ല. വമ്പൻ അഴിമതിയിൽപ്പെട്ട് ആടി ഉലയുകയാണ് ബ്ലൂസ്‍മാർട്ട് എന്നാണ് റിപ്പോർട്ടുകൾ. കമ്പനിക്കെതിരെ സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) രംഗത്തെത്തിയിരിക്കുന്നു. കമ്പനിയുടെ സ്ഥാപകർക്കെതിരെ സെബി വഞ്ചനാ കുറ്റം ചുമത്തി എന്നാണ് റിപ്പോർട്ടുകൾ.

ബ്ലൂസ്മാർട്ടിന്റെയും ജെൻസോൾ എഞ്ചിനീയറിംഗ് കമ്പനിയുടെയും പ്രൊമോട്ടർമാരായ അൻമോൾ സിംഗ് ജഗ്ഗി, പുനിത് സിംഗ് ജഗ്ഗി എന്നിവർക്കെതിരെ സെബി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചു. ജെൻസോൾ വഴി ബ്ലൂസ്മാർട്ടിനായി സ്വരൂപിച്ച പണത്തിന്റെ വലിയൊരു ഭാഗം പ്രൊമോട്ടർമാർ അവരുടെ വ്യക്തിപരമായ ആവശ്യങ്ങൾക്കായി ഉപയോഗിച്ചതായി സെബി അന്വേഷണത്തിൽ കണ്ടെത്തിയതായാണ് റിപ്പോർട്ടുകൾ. ഈ ഫണ്ട് ഉപയോഗിച്ച് ജഗ്ഗി സഹോദരന്മാർ ഗുരുഗ്രാമിൽ ഒരു ആഡംബര വീട് വാങ്ങി എന്നത് ഉൾപ്പെടെയുള്ള ആരോപണങ്ങളാണ് ഉയരുന്നത്. 

2021 നും 2024 നും ഇടയിൽ ഇന്ത്യൻ പുനരുപയോഗ ഊർജ്ജ വികസന ഏജൻസി (ഐആർഇഡിഎ) യിൽ നിന്നും പവർ ഫിനാൻസ് കോർപ്പറേഷൻ (പിഎഫ്‍സി) എന്നിവയിൽ നിന്നും ജെൻസോൾ ഏകദേശം 664 കോടി രൂപയുടെ ടേം ലോൺ എടുത്തു. ബ്ലൂസ്മാർട്ടിനായി 6400 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായാണ് ഈ വായ്പ എടുത്തത്. ഇതിനുപുറമെ, ജെൻസോൾ കമ്പനിക്ക് 20 ശതമാനം അധിക ഇക്വിറ്റി മാർജിനും നൽകാൻ പോകുകയായിരുന്നു. അതായത് ഇലക്ട്രിക് വാഹനം വാങ്ങാൻ വായ്‍പയെടുത്ത ആകെ തുക ഏകദേശം 830 കോടി രൂപ വരും.

2025 ഫെബ്രുവരിയിൽ, കമ്പനി തങ്ങളുടെ ഇലക്ട്രിക് വാഹന വിതരണക്കാരിൽ നിന്ന് ഇതുവരെ 4704 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായി എക്സ്ചേഞ്ച് ഫയലിംഗിൽ പറഞ്ഞു. കമ്പനിയുടെ ഇലക്ട്രിക് വാഹന വിതരണക്കാരൻ ഗോ-ഓട്ടോ ആണ്. ജെൻസോൾ 568 കോടി രൂപയ്ക്ക് 4704 ഇലക്ട്രിക് വാഹനങ്ങൾ വാങ്ങിയതായി അവർ സ്ഥിരീകരിച്ചു. എന്നാൽ വായ്പയുടെ അവസാന ഗഡു എടുത്ത് ഒരു വർഷത്തിൽ ഏറെ ആയിട്ടും ഏകദേശം 262.13 കോടി രൂപയുടെ കണക്ക് നൽകിയിട്ടില്ലെന്ന് സെബി അന്വേഷണത്തിൽ കണ്ടെത്തി. 

ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുന്നതിനായി ജെൻസോളിൽ നിന്ന് ഗോ-ഓട്ടോയിലേക്ക് പണം കൈമാറ്റം ചെയ്‍ത ശേഷം പല കേസുകളിലും പണം കമ്പനിയിലേക്ക് തിരികെ മാറ്റുകയോ അൻമോളുമായും പുനിറ്റുമായും ബന്ധമുള്ള മറ്റേതെങ്കിലും സ്ഥാപനത്തിലേക്ക് അയയ്ക്കുകയോ ചെയ്തിട്ടുണ്ടെന്ന് മാർക്കറ്റ് റെഗുലേറ്ററായ സെബി കണ്ടെത്തി. ഇതുമാത്രമല്ല, പ്രൊമോട്ടർമാർ പണത്തിന്റെ ഒരു ഭാഗം അവരുടെ സ്വകാര്യ ആവശ്യങ്ങൾക്കായി ചെലവഴിക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.

സെബിയുടെ കണക്കനുസരിച്ച്, 2022 ൽ ഐആർഇഡിഎയിൽ നിന്ന് വായ്പയെടുത്ത ശേഷം, ജെൻസോൾ ഫണ്ടിന്റെ ഒരു ഭാഗം ഗോ-ഓട്ടോയിലേക്ക് മാറ്റി. ഗോ-ഓട്ടോ ആ പണം ജെൻസോളിന്റെ മറ്റൊരു സ്ഥാപനമായ കാപ്ബ്രിഡ്ജിലേക്ക് മാറ്റി. കാപ്ബ്രിഡ്ജ് ഏകദേശം 42.94 കോടി രൂപ ഡിഎൽഎഫിന് കൈമാറി. ഡിഎൽഎഫിനോട് ചോദിച്ചപ്പോൾ, ഗുരുഗ്രാമിലെ ഒരു ആഡംബര പദ്ധതിയായ ദി കാമെലിയാസിൽ ഒരു അപ്പാർട്ട്മെന്റ് വാങ്ങുന്നതിനാണ് പണം അയച്ചതെന്ന് വെളിപ്പെടുത്തി. അതായത്, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങാൻ ജെൻസോൾ സ്വരൂപിച്ച പണം പല ഇടപാടുകൾ വഴി അപ്പാർട്ടുമെന്റുകൾ വാങ്ങാൻ ഉപയോഗിച്ചു എന്നാണ് റിപ്പോർട്ടുകൾ.

സെബിയുടെ റിപ്പോർട്ടിൽ മറ്റൊരു അനുബന്ധ കമ്പനിയായ വെൽഫ്രേ സോളാർ ഇൻഡസ്ട്രീസിന്റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ജെൻസോൾ പണം അയച്ചത് ആ കമ്പനിക്കാണ്. ഈ കമ്പനിയിലും ജഗ്ഗി സഹോദരന്മാർ ഡയറക്ടർ തലത്തിലുള്ള സ്ഥാനങ്ങൾ വഹിക്കുന്നു. ബാങ്ക് സ്റ്റേറ്റ്മെന്റുകൾ പ്രകാരം ജെൻസോൾ വെൽഫ്രേയ്ക്ക് 424.14 കോടി രൂപ നൽകി. അതിൽ 382.84 കോടി രൂപ മറ്റ് നിരവധി സ്ഥാപനങ്ങളിലേക്ക് മാറ്റി. ഇതിൽ 246.07 കോടി രൂപ ജെൻസോളുമായി ബന്ധപ്പെട്ട കമ്പനികൾക്കാണ് അയച്ചത്. അതേസമയം, അൻമോൾ സിംഗ് ജഗ്ഗിക്ക് 25.76 കോടി രൂപയും പുനിത് സിംഗ് ജഗ്ഗിക്ക് 13.55 കോടി രൂപയും നൽകി.

ഇതിനുപുറമെ, ഫണ്ടിംഗ് പണത്തിന്റെ ദുരുപയോഗത്തിന് കാരണമാകുന്ന നിരവധി ചെറുതും വലുതുമായ ഇടപാടുകളും സെബി കണ്ടെത്തി. ടെയ്‌ലർമേഡിൽ നിന്ന് ഒരു ഗോൾഫ് സെറ്റ് വാങ്ങാൻ 26 ലക്ഷം രൂപ ഉപയോഗിച്ചു. ജഗ്ഗി ബ്രദേഴ്‌സിന്റെ അമ്മ ജസ്മീന്ദർ കൗറിന് 6.2 കോടി രൂപ അയച്ചു. അൻമോളിന്റെ ഭാര്യ മുഗ്ധ കൗർ ജഗ്ഗിയുടെ അക്കൗണ്ടിലേക്ക് 2.99 കോടി രൂപ എത്തി. 1.86 കോടി രൂപയ്ക്ക് വിദേശ കറൻസി വാങ്ങി. അദ്ദേഹത്തിന്റെ സ്വകാര്യ ചെലവുകൾക്കായി ഏകദേശം 17.28 ലക്ഷം രൂപ ടൈറ്റൻ കമ്പനിയിലേക്ക് അയച്ചു. ഡിഎൽഎഫ് ഹോംസിലേക്ക് 11.75 ലക്ഷം രൂപ അയച്ചു. മേക്ക് മൈ ട്രിപ്പ് വഴി  യാത്ര ബുക്ക് ചെയ്യാൻ 3 ലക്ഷം രൂപ ചെലവഴിച്ചു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയായ ജെൻസോളിൽ നിരവധി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് സെബി വ്യക്തമായി പറയുന്നു. പ്രൊമോട്ടർമാർ ഒരു ലിസ്റ്റഡ് കമ്പനി നടത്തുന്നത് ഒരു കുത്തക സ്ഥാപനം പോലെയാണെന്നും കമ്പനിയുമായി ഒരു തരത്തിലും ബന്ധമില്ലാത്ത പ്രവർത്തനങ്ങൾക്കാണ് കമ്പനിയുടെ ഫണ്ട് ചെലവഴിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു. 

അതേസമയം ബ്ലൂസ്മാർട്ട് ആപ്പ് കൃത്യമായി പ്രവർത്തിക്കുന്നില്ലെന്ന് പലയിടങ്ങളിൽ നിന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ചിലർ പറയുന്നത് അവർക്ക് ക്യാബ് ബുക്ക് ചെയ്യാൻ കഴിയുന്നില്ല എന്നാണ്. അതേസമയം, ഇലക്ട്രിക് ക്യാബ് ഹെയ്‌ലിംഗ് സ്റ്റാർട്ടപ്പ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ ബ്ലൂസ്മാർട്ട് മൊബിലിറ്റി മാർച്ചിലെ ശമ്പളം വൈകിപ്പിച്ചതായി റിപ്പോർട്ടുകൾ ഉണ്ട്. ഏപ്രിൽ അവസാനത്തോടെ  എല്ലാ കുടിശ്ശികകളും നൽകുമെന്ന് കമ്പനിയുടെ സഹസ്ഥാപകനായ അൻമോൾ സിംഗ് ജഗ്ഗി ജീവനക്കാർക്ക് അയച്ച ഇമെയിലിൽ ഉറപ്പ് നൽകിയതായി വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നു. 

PREV
Read more Articles on
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം