വരുന്നൂ സ്കോഡ കരോക്ക്

By Web TeamFirst Published Dec 6, 2019, 4:16 PM IST
Highlights

സ്കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്കിനെ  2020 ഏപ്രിലില്‍  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും

ചെക്ക് ആഡംബര വാഹനിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോയുടെ മിഡ് സൈസ് എസ്‌യുവിയായ കരോക്ക്  2020 ഏപ്രില്‍ മാസത്തില്‍  ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. ഇടത്തരം വലുപ്പമുള്ള 5 സീറ്റര്‍ എസ്‌യുവി പൂര്‍ണമായും നിര്‍മ്മിച്ച ശേഷം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുകയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്‌കോഡ ഓട്ടോ ഇന്ത്യ വില്‍പ്പന, വിപണന, സര്‍വീസ് വിഭാഗം ഡയറക്റ്റര്‍ സാക്ക് ഹോളിസാണ് ഇക്കാര്യം വ്യക്തമാക്കിയത്.

യെറ്റിയ്ക്ക് പകരക്കാരനായാണ് പുതിയ കരോക്ക് എത്തുന്നത്. പുതുമയാര്‍ന്ന ഡിസൈനിന് ഒപ്പം അത്യാധുനിക ഫീച്ചറുകളും കരോക്കിനെ വേറിട്ടതാക്കുന്നു . ഫോക്‌സ്‌വാഗണ്‍ ടിഗുവാന്റെ അതേ MQB പ്ലാറ്റ്ഫോമിലാണ് സ്കോഡ കരോക്കും ഒരുങ്ങുന്നത്. അന്താരാഷ്ട്ര വിപണിയിൽ നിരവധി എഞ്ചിൻ ഓപ്ഷനുകൾക്കൊപ്പം പുതിയ മോഡൽ ലഭ്യമാണ്.

തുടക്കത്തില്‍ ബിഎസ് 6 പാലിക്കുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ ടിഎസ്‌ഐ എന്‍ജിനായിരിക്കും കരോക്ക് എസ്‌യുവിയില്‍ നല്‍കുന്നത്. ഈ എൻജിൻ 150 എച്ച്പി കരുത്ത് ഉല്‍പ്പാദിപ്പിക്കും. എന്‍ജിനുമായി 6 സ്പീഡ് മാന്വല്‍, 7 സ്പീഡ് ഡുവല്‍ ക്ലച്ച് ഓട്ടോമാറ്റിക് എന്നിവയിലൊരു ട്രാന്‍സ്മിഷന്‍ ചേര്‍ത്തുവെയ്ക്കും. ഡീസല്‍ എന്‍ജിന്‍ പിന്നീട് നല്‍കിയേക്കും.

അന്താരാഷ്ടതലത്തില്‍ സ്‌കോഡ കരോക്ക് എസ്‌യുവിയില്‍ 115 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 1.0 ലിറ്റര്‍, 3 സിലിണ്ടര്‍ ടിഎസ്‌ഐ പെട്രോള്‍, 115 എച്ച്പി പുറപ്പെടുവിക്കുന്ന 1.6 ലിറ്റര്‍ ഡീസല്‍, സ്‌കോഡ കോഡിയാക്ക് ഉപയോഗിക്കുന്ന 150 എച്ച്പി പുറത്തെടുക്കുന്ന 2.0 ലിറ്റര്‍ ഡീസല്‍, 189 എച്ച്പി ഉല്‍പ്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എന്നിവയാണ് നല്‍കിയിരിക്കുന്ന മറ്റ് എന്‍ജിന്‍ ഓപ്ഷനുകള്‍.

1630 ലിറ്റര്‍ ബൂട്ട് കപ്പാസിറ്റി, എല്‍ഇഡി ഹെഡ്‌ലൈറ്റുകള്‍, ഫുള്ളി പ്രോഗ്രാമബള്‍ ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍ എന്നിങ്ങനെ നീളുന്നതാണ് മോഡലിന്റെ സവിശേഷതകള്‍.ഫോക്‌സ്‌വാഗണ്‍ ടിഗുവാൻ, ഹോണ്ട സിആർ-വി എന്നീ മോഡലുകളുടെ നേരിട്ടുള്ള എതിരാളിയായാണ് സ്കോഡയുടെ ഈ വാഹനം. പുതിയ എസ്‌യുവിക്ക് ഏകദേശം 28 ലക്ഷം രൂപയോളമായിരിക്കും എക്‌സ്‌ഷോറൂം വില.

അടുത്തിടെയാണ് ജര്‍മ്മന്‍ ആഡംബര വാഹന നിര്‍മ്മാതാക്കളായ ഫോക്‌സ്‌വാഗന്‍റെ ഇന്ത്യയിലെ ഉപസ്ഥാപനമായ ഫോക്സവാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചെക്ക് വാഹന നിര്‍മ്മാതാക്കളായ സ്‌കോഡയുടെ ഉപസ്ഥാപനം സ്‍കോഡ ഓട്ടോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ലയിച്ചത്. സ്‌കോഡ ഓട്ടോ ഫോക്‌സ്‌വാഗണ്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്നാണ് പുതിയ കമ്പനിയുടെ പേര്.

ഇന്ത്യയിൽ അടുത്ത രണ്ട് വർഷത്തിനുള്ളിൽ ആറ് പുതിയ മോഡലുകളും പരിഷ്കരിച്ച പതിപ്പുകളും അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് സ്കോഡ ഓട്ടോ ഇന്ത്യയുടെ സെയിൽസ്, സർവീസ് & മാർക്കറ്റിംഗ് ഡയറക്ടർ സാക് ഹോളിസ് അടുത്തിടെ വ്യക്തമാക്കിയിരുന്നു.

കമ്പനിയുടെ പുതിയ വാഹനങ്ങളില്‍ ചിലത് ഫെബ്രുവരിയിൽ നടക്കാനിരിക്കുന്ന 2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിക്കുമെന്നാണ് അദ്ദേഹം ട്വീറ്റിലൂടെ വ്യക്തമാക്കിയത്. പുതിയ മിഡ് സൈസ് എസ്‌യുവി അടുത്ത വർഷം ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുമെന്ന് അടുത്തിടെ സ്കോഡ സഇഒ ബെർ‌ണാർഡ് മെയറും വ്യക്തമാക്കിയിരുന്നു. 

click me!