സ്‍കോഡ റാപ്പിഡിന് മികച്ച പ്രതികരണം

By Web TeamFirst Published Jul 8, 2020, 4:56 PM IST
Highlights

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ മിഡ് സൈസ് സെഡാന്‍ റാപ്പിഡിന് ഇന്ത്യയില്‍ മികച്ച വില്‍പ്പന

ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡയുടെ മിഡ് സൈസ് സെഡാന്‍ റാപ്പിഡിന് ഇന്ത്യയില്‍ മികച്ച വില്‍പ്പന.  2020 ജൂണിൽ മൊത്തം 790 യൂണിറ്റ് വിൽപ്പനയാണ് ഇന്ത്യൻ വിപണിയിൽ നേടിയെടുത്തത്. അതേസമയം 2019 ൽ ഇതേ കാലയളവിൽ വിൽപ്പന 987 യൂണിറ്റായിരുന്നു. അതായത് പ്രതിവർഷ വിൽപ്പനയിൽ 20 ശതമാനംഇടിവ്. എന്നാല്‍ കൊവിഡ് 19ന്‍റെയും ലോക്ക് ഡൌണിന്‍റെയും പശ്ചാത്തലത്തില്‍ നോക്കുമ്പോള്‍ ഇപ്പോള്‍ മികച്ചവില്‍പ്പന തന്നെയാണെന്നാണ് കമ്പനി പറയുന്നത്. 

2020 മെയ് മാസത്തെ അപേക്ഷിച്ച് ചെക്ക് റിപ്പബ്ലിക്കൻ ബ്രാൻഡ് രേഖപ്പെടുത്തിയ 508 യൂണിറ്റുകളുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രതിമാസ വിൽപ്പന 56 ശതമാനമായി ഉയർന്നതും കമ്പനിക്ക് ആശ്വാസം നൽകുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ മൊത്തം 1,17,000 പാസഞ്ചർ കാറുകളാണ് വിറ്റഴിക്കപ്പെട്ടത്. 2019 ജൂണിൽ ഇതേ കാലയളവിനെ അപേക്ഷിച്ച് ഇത് 47.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിസാൻ, ഫിയറ്റ് എന്നിവയേക്കാൾ മുന്നിൽ പന്ത്രണ്ടാം സ്ഥാനത്തെത്താനും സ്കോഡ സാധിച്ചിട്ടുണ്ട്. ജൂണിൽ വിറ്റഴിഞ്ഞ സ്കോഡയുടെ 790 യൂണിറ്റിൽ 577 യൂണിറ്റും സംഭവാന ചെയ്‌തത് സി-സെഗ്മെന്റ് വിഭാഗത്തിലെത്തുന്ന റാപ്പിഡ് സെഡാനാണ് എന്നത് ശ്രദ്ധേയമായി. 2019-ൽ ഇതേ കാലയളവിൽ കാറിന്റെ വിൽപ്പനയുമായി താരതമ്യം ചെയ്യുമ്പോൾ ആറ് ശതമാനത്തിന്റെ ഇടിവ് മാത്രമാണ് റാപ്പിഡിന് സംഭിവിച്ചിരിക്കുന്നത്.

1.0 ലിറ്റർ ടി‌എസ്‌ഐ പെട്രോൾ എഞ്ചിനുള്ള  ബി‌എസ് 6 നിലവാരത്തിലെ റാപ്പിഡ് അടുത്തിടെയാണ് ഇന്ത്യൻ നിരത്തില്‍ എത്തിയത്.

1.0 ലിറ്റർ 3 സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ് ഇപ്പോൾ സ്കോഡ റാപ്പിഡിന് കരുത്ത് പകരുന്നത്. അടുത്തിടെ അവതരിപ്പിച്ച ഫോക്‌സ്‌വാഗൺ പോളോ, വെന്റോ എന്നീ വാഹനങ്ങളിൽ നൽകിയിരിക്കുന്ന അതേ എൻജിൻ തന്നെയാണ് ഇത്. 108 bhp പവറും 175 Nm torque ഉം ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ഈ എഞ്ചിനില്‍ ആറ് സ്പീഡ് മാനുവൽ ഗിയർബോക്സാണ് ട്രാന്‍സ്‍മിഷന്‍. 

റൈഡർ, ആംബിഷൻ, ഫീനിക്സ്, സ്റ്റൈൽ, മോണ്ടെ കാർലോ എന്നീ അഞ്ച് വേരിയന്റുകളിൽ വാഹനം വിപണിയിലെത്തുന്നു. 7.49 ലക്ഷം മുതൽ 11.79 ലക്ഷം രൂപ വരെയാണ് റാപ്പിഡിന് എക്സ്ഷോറൂം വില.

ഹോണ്ട സിറ്റി, പരിഷ്‌കരിച്ച ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുകി സിയാസ്, ഫോക്‌സ്‌വാഗണ്‍ വെന്റോ എന്നിവരാണ് സ്‍കോഡ റാപ്പിഡിന്‍റെ മുഖ്യ എതിരാളികള്‍.
 

click me!