Latest Videos

താടിയുള്ളപ്പനെ പേടിയുണ്ട്; റീപെയിന്റടിച്ച പുത്തൻ കാര്‍ വിഐപിക്ക് വിറ്റു, വിരട്ടിയപ്പോള്‍ സംഭവിച്ചത് ഇങ്ങനെ!

By Web TeamFirst Published Nov 29, 2022, 3:46 PM IST
Highlights

സംഭവത്തിന്റെ വിശദാംശങ്ങൾ ഫേസ്ബുക്ക് ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്. ഉടമയായ രവീന്ദ്ര കെ വാങ്കഡെ പങ്കിട്ട വിവരമനുസരിച്ച് ഓഗസ്റ്റിൽ അദ്ദേഹം സ്കോഡ സ്ലാവിയ ബുക്ക് ചെയ്തു. തന്റെ 60-ാം ജന്മദിനത്തിൽ ഡെലിവറി എടുക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം എന്ന് ടീംബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു . 

രു പുതിയ കാർ വാങ്ങുക എന്നത് പലരുടെയും ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട അനുഭവമാണ്. എന്നിരുന്നാലും, ചില സംഭവങ്ങൾ ആ സന്തോഷത്തെ നശിപ്പിക്കും. ഒരു സ്കോഡ സ്ലാവിയ ഉടമയാണ് ഇങ്ങനെ റീ പെയിന്‍റ് ചെയ്‍ത വാഹനം ലഭിച്ച ഹതഭാഗ്യവാൻ.  എന്നാല്‍ ആ ഉടമ ചില്ലറക്കാരനായിരുന്നില്ല. അതുകൊണ്ടുതന്നെ പിന്നീട് സ്‌കോഡ ആ പ്രശ്‍നം പരിഹരിച്ചു. ഒടുവിൽ ഉടമയ്ക്ക് മുഴുവൻ റീഫണ്ടും ഒപ്പം വൻതുക നഷ്‍ടപരിഹാരവും ലഭിച്ചു. വിരമിച്ച ഒരു ഇന്ത്യൻ ഫോറിൻ സർവീസ് (ഐഎഫ്എസ്) ഉദ്യോഗസ്ഥനാണ് ആ ഹതഭാഗ്യവനായ ഉടമയെന്ന് കാര്‍ ടോക്ക് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. 

സംഭവത്തിന്റെ വിശദാംശങ്ങൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട് ഉടമ എന്ന് ഇന്ത്യൻ ഓട്ടോ ബ്ലാഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹം പങ്കിട്ട വിവരമനുസരിച്ച് ഓഗസ്റ്റിൽ അദ്ദേഹം സ്കോഡ സ്ലാവിയ ബുക്ക് ചെയ്തു. തന്റെ 60-ാം ജന്മദിനത്തിൽ ഡെലിവറി എടുക്കാനായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം എന്ന് ടീംബിഎച്ച്പി റിപ്പോര്‍ട്ട് ചെയ്യുന്നു . സെപ്റ്റംബറിൽ ഔപചാരികതകൾ പൂർത്തിയാക്കാനും പ്രീ ഡെലിവറി ഇൻസ്പെക്ഷൻ (PDI) ചെയ്യാനും ഷോറൂമിലെത്തി. സി-പില്ലറിന് പിന്നിലുള്ള ഇടത് പിൻ പാനൽ ബോഡിയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി കാണപ്പെടുന്ന സ്ലാവിയയാണ് അദ്ദേഹത്തിന് ലഭിച്ചത്.  

ഡെലിവറി ദിവസം, നടപടിക്രമങ്ങൾ പൂർത്തിയാക്കിയപ്പോഴാണ് സ്ലാവിയയുടെ വലത് പിൻ ക്വാർട്ടർ പാനലിൽ ഒരു പരുക്കൻ പാച്ച് കണ്ടെത്തിയത്. സമഗ്രമായി പരിശോധിച്ചതിനാലാണ് ഈ  വ്യത്യാസം കണ്ടെത്താൻ അദ്ദേഹത്തിന് കഴിഞ്ഞത്. അതേക്കുറിച്ച് അന്വേഷിക്കാൻ ഡീലർഷിപ്പിനെ സമീപിച്ചു. എന്നാല്‍ ബോഡി പാനൽ വീണ്ടും പെയിന്റ് ചെയ്‌തുവെന്ന അവകാശവാദം ഡീലർഷിപ്പ് തള്ളിക്കളയുകയും കാറിൽ പക്ഷി ഇരുന്നതിനാല്‍ തുണി ഉപയോഗിച്ച് വൃത്തിയാക്കണമെന്ന് ഉടമയോട് പറയുകയും ചെയ്‍തു. ഡീലർഷിപ്പ് സൗജന്യമായി പാനലിൽ 3M പോളിഷും കോട്ടിംഗും ചെയ്യാൻ വാഗ്ദാനം ചെയ്‍തു. എന്നാല്‍ 3M പോളിഷിംഗിന് ശേഷവും പരുക്കൻ പാച്ച് അതേപടി തുടർന്നു.

പുതിയ കാര്‍ വാങ്ങുന്നോ? പേപ്പറുകളില്‍ ഒപ്പിടും മുമ്പ് ജാഗ്രത; ഇല്ലെങ്കില്‍ പിന്നെ കരയേണ്ടി വരും!

ഇതോടെ ഉടമ ആഫ്റ്റർ മാർക്കറ്റ് കാർ ഹൗസുകളെ സമീപിച്ചു. DFT മീറ്റർ റീഡിംഗ് എടുത്ത ശേഷം, പാനലിൽ വീണ്ടും പെയിന്റ് ചെയ്തതിന് വ്യക്തമായ തെളിവുകൾ ലഭിച്ചു. സ്‌കോഡ മാനേജ്‌മെന്റിനോടും ഉന്നത ഉദ്യോഗസ്ഥരോടും ഉടമ പ്രശ്‍നം ഉന്നയിച്ചു. എന്നാൽ, പാനലിൽ വീണ്ടും പെയിന്റ് അടിച്ചത് അംഗീകരിക്കാൻ സ്‍കോഡ അധികൃതര്‍ ആദ്യം തയ്യാറായില്ല. സമ്മർദം കൂടുതൽ ശക്തമാക്കാൻ, ഐഎഫ്‌എസ് ഉദ്യോഗസ്ഥനായ ഉടമ ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയും തന്‍റെ ബന്ധങ്ങളുടെ പിൻബലത്തിൽ സർക്കാർ ഇടപെടൽ തേടുകയും ചെയ്‍തു. ഫോക്‌സ്‌വാഗൺ ഇന്ത്യ, ഫോക്‌സ്‌വാഗൺ ജർമ്മനി, കൂടാതെ ഇന്ത്യൻ സർക്കാരിന്റെ സാധ്യമായ ഏറ്റവും ഉയർന്ന സമ്പർക്കം എന്നിവയിലൂടെ സ്‌കോഡ ഇന്ത്യയ്‌ക്ക് മേൽ ശക്തമായ സമ്മർദ്ദം ഉടമ ചെലുത്തി. 

ഇതോടെ നില്‍ക്കക്കള്ളിയില്ലാതായ സ്‍കോഡയും ഡീലര്‍ഷിപ്പും  ഒടുവിൽ വാഹനം റീ പെയിന്റ് ചെയ്‍തതായി സമ്മതിച്ചു. ഉടമയ്ക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്‍ത് നല്‍കി. ഒപ്പം ഉടമ ആവശ്യപ്പെട്ടതിനുസരിച്ച് മാനസിക പീഡനത്തിനുള്ള നഷ്ടപരിഹാരമായി 1.5 ലക്ഷം രൂപ അധികമായി നൽകുകയും ചെയ്‍തു എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തിൽ ഔപചാരികമായ പരാതികൾ നൽകിയിട്ടില്ല. ഈ ഉടമ ഒരു ഉന്നത ഉദ്യോഗസ്ഥൻ ആയിരുന്നതിനാലും ശക്തമായ ബന്ധങ്ങള്‍ ഉള്ളതിനാലും ഒപ്പം യുക്തിസഹമായ നിഗമനത്തിൽ വിഷയം പിന്തുടരാൻ അദ്ദേഹം തയ്യാറായതിനാലും മാത്രമാണ് റീഫണ്ട് ലഭ്യമാക്കാൻ അദ്ദേഹത്തിന് കഴിഞ്ഞത്. അല്ലാത്തപക്ഷം, ഭീമൻ കാർ നിർമ്മാതാക്കൾക്കെതിരെ പിടിച്ചുനിൽക്കാൻ രാജ്യത്തെ ശരാശരി കാർ വാങ്ങുന്നവർക്ക് വളരെ ബുദ്ധിമുട്ടാണ്.

അതേസമയം ചെക്ക് ആഡംബര വാഹന നിര്‍മ്മാതാക്കളായ സ്‍കോഡ ഇപ്പോള്‍ ജര്‍മ്മൻ വാഹന ബ്രാൻഡായ ഫോക്സ്‍വാഗണ്‍ ഗ്രൂപ്പിന് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.  ഏകദേശം 11 ലക്ഷം രൂപയോളം പ്രാരംഭ വിലയിൽ മിഡ്-സൈസ് സെഡാനായ സ്‍ളാവിയയെ ഫെബ്രുവരിയിലാണ് സ്‍കോഡ പുറത്തിറക്കിയത്. ശ്രേണിയിലെ സ്റ്റൈൽ എന്ന് വിളിക്കപ്പെടുന്ന ഏറ്റവും ഉയർന്ന വേരിയന്റിന് 15.39 ലക്ഷം രൂപ വിലവരും. അതിൽ ഓട്ടോമാറ്റിക് ട്രാൻസ്മിഷനും സൺറൂഫും ഉണ്ടാകും. കുഷാക്ക് എസ്‌യുവിക്ക് സമാനമായി സ്‌കോഡയുടെ എംക്യുബി പ്ലാറ്റ്‌ഫോമിലാണ് സെഡാൻ നിർമ്മിച്ചിരിക്കുന്നത്.

ആക്റ്റീവ്, ആംബിഷൻ, സ്റ്റൈൽ എന്നിവ ഉൾപ്പെടുന്ന മൂന്ന് വേരിയന്റുകളിൽ സ്കോഡ സ്ലാവിയ വാഗ്ദാനം ചെയ്യുന്നു. 1.0, 1.5 ലിറ്റർ TSI പെട്രോൾ എഞ്ചിനുകളാണ് സ്കോഡ സ്ലാവിയയ്ക്ക് കരുത്തേകുന്നത്. ആദ്യത്തേത് 114 ബിഎച്ച്പിയും 175 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന മൂന്ന് സിലിണ്ടർ യൂണിറ്റാണ്, രണ്ടാമത്തേത് 148 ബിഎച്ച്പിയും 250 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നു. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവൽ യൂണിറ്റ്, ആറ് സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് യൂണിറ്റ്, ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് യൂണിറ്റ് എന്നിവ ഉൾപ്പെടുന്നു. 
 

click me!