വാഹന ഫാൻസി നമ്പര്‍, സംസ്ഥാന സ്‍പെഷ്യല്‍ ഫീ നിയമവിരുദ്ധമെന്ന് വാദം

By Web TeamFirst Published Aug 22, 2020, 10:41 AM IST
Highlights

കേന്ദ്ര സർക്കാർ നൽകുന്ന രജിസ്ട്രേഷൻ നമ്പർ, നിയമപ്രകാരമുള്ള ഫീസ് ഈടാക്കി വിതരണം ചെയ്യുക മാത്രമാണു സംസ്ഥാനത്തിന്‍റെ ജോലിയെന്നും വാദം

ദില്ലി: രാജ്യത്ത് വാഹനങ്ങൾക്കു ഫാൻസി നമ്പർ നൽകുന്നതിനു സംസ്ഥാനങ്ങൾ പ്രത്യേക ഫീസ് ഈടാക്കുന്നതു നിയമവിരുദ്ധമാണെന്നു സുപ്രീം കോടതിയില്‍ വാദം. ഫാന്‍സി നമ്പര്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട മധ്യപ്രദേശ് സർക്കാരിന്റെ കേസിലെ അമിക്കസ് ക്യൂറിയായ മനോജ് സ്വരൂപാണ് സുപ്രീം കോടതിയില്‍ ഇക്കാര്യം വ്യക്തമാക്കിയത്. മോട്ടോർ വാഹന നിയമത്തിന്റെ 41-ാം വകുപ്പിൽ നിർദേശിച്ചതല്ലാത്ത രജിസ്ട്രേഷൻ ഫീസ് ഈടാക്കാൻ വ്യവസ്ഥയില്ലെന്നും അദ്ദേഹം കോടതിയില്‍ വ്യക്തമാക്കി.  

വാഹനങ്ങൾക്ക് രജിസ്ട്രേഷൻ നമ്പർ ലഭിക്കുന്നതിന്, വാഹന ഉടമ രജിസ്ട്രിംഗ് അതോറിറ്റിക്ക് ഒരു അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്.  സെൻട്രൽ മോട്ടോർ വെഹിക്കിൾസ് റൂൾസ് 1989 ലെ സെക്ഷൻ 41 (2), റൂൾ 81 എന്നിവ പ്രകാരം കേന്ദ്രസർക്കാർ നിർദ്ദേശിക്കുന്ന ഫീസും ഉള്‍പ്പെടെയാണ് അപേക്ഷ നല്‍കേണ്ടത്. 

തുടര്‍ന്ന് കേന്ദ്ര സർക്കാർ നൽകുന്ന രജിസ്ട്രേഷൻ നമ്പർ, നിയമപ്രകാരമുള്ള ഫീസ് ഈടാക്കി വിതരണം ചെയ്യുക മാത്രമാണു സംസ്ഥാനത്തിന്‍റെ ജോലി. വാഹന രജിസ്ട്രേഷനായി ഒരു അപേക്ഷയ്ക്കു മാത്രമേ നിയമത്തിൽ വ്യവസ്ഥയുള്ളൂ. വാഹനത്തിനു നമ്പർ ലഭിക്കുമ്പോഴാണ് അപേക്ഷയുടെ അടിസ്ഥാനത്തിലുള്ള നടപടി പൂർത്തിയാകുന്നത്. അതിനിടെ മറ്റൊരു അപേക്ഷയും ഫീസും വാങ്ങി നമ്പർ ബുക്ക് ചെയ്യുന്നത് നിയമലംഘനമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കുന്നു. 

കേന്ദ്ര മോട്ടോർ വാഹന നിയമത്തിന്റെ അടിസ്ഥാനത്തിൽ ചില ചട്ടങ്ങളുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ടെന്നും എന്നാൽ, രജിസ്ട്രേഷൻ വ്യവസ്ഥയുടെ കാര്യത്തിൽ അധികാരം കേന്ദ്രത്തിനു മാത്രമാണെന്നും അമിക്കസ് ക്യൂറി വ്യക്തമാക്കി. കൂടാതെ, രജിസ്ട്രേഷൻ മുഴുവനായും ഫീസ് നിയമത്തിലെ സെക്ഷൻ 41 (2) ൽ പ്രത്യേകം പരാമർശിച്ചിട്ടുണ്ടെന്നും നിയമത്തിലെ സെക്ഷൻ 41 (6) പ്രകാരം പ്രത്യേക ഫീസൊന്നും പരിഗണിക്കുന്നില്ലെന്നും അദ്ദേഹം കോടതിയില്‍ അറയിച്ചു.

ഫാൻസി നമ്പർ ബുക്ക് ചെയ്യാൻ പ്രത്യേക അപേക്ഷയും ഫീസും വ്യവസ്ഥ ചെയ്‍ത മധ്യപ്രദേശ് സർക്കാർ ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. അതിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി വിധി പറയാൻ മാറ്റിയിരിക്കുകയാണ്. ഈ കേസിലാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്.  
 

click me!