ബസിന്‍റെ ചില്ലുകളിലെ സ്റ്റിക്കറുകള്‍ കീറിയെടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്

By Web TeamFirst Published Mar 7, 2020, 9:43 AM IST
Highlights

ബസുകളുടെ മുന്നിലെ ഗ്ലാസുകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പതിച്ചിരുന്ന ചിത്രങ്ങളും സ്ഥലപ്പേരുകളും ഉള്‍പ്പെടുന്ന സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കീറിമാറ്റി. 

കോട്ടയം: ബസുകളുടെ മുന്നിലെ ഗ്ലാസുകളില്‍ ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പതിച്ചിരുന്ന ചിത്രങ്ങളും സ്ഥലപ്പേരുകളും ഉള്‍പ്പെടുന്ന സ്റ്റിക്കറുകള്‍ മോട്ടോര്‍ വാഹനവകുപ്പ് അധികൃതര്‍ കീറിമാറ്റി. കോട്ടയം നഗരത്തിലെ 16 ഓളം സ്വകാര്യ ബസുകള്‍ക്കതിരേയാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നടപടി.

ബസുകള്‍ അടക്കമുള്ള ഭാരവാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ഒരു മീറ്റര്‍ ബ്ലാക്ക് സ്‌പോട്ടാണെന്നും ഗ്ലാസില്‍ സ്റ്റിക്കറും മറ്റുള്ള അലങ്കാരപ്പണികളും ഉണ്ടാകുമ്പോള്‍ ഇത് രണ്ടു മീറ്റര്‍ വരെയാകുമെന്നും ഇത് അപകടം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി. 

വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. സ്വകാര്യ ബസുകളുടെ കണ്ണാടികളില്‍ നിന്ന് ഇത്തരം അലങ്കാരപ്പണികള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. 

കോട്ടയം നഗരത്തില്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമായിരുന്നു വ്യാപക പരിശോധന. മുമ്പിലെ ഗ്ലാസില്‍ ചിത്രപ്പണികളും ഡിസൈനുകളില്‍ പേരുകളും സ്ഥലപ്പേരുകളും അടക്കമുള്ളവ എഴുതിവച്ചിരുന്നു. ഇതുകൂടാതെ കാഴ്ച മറയ്ക്കുന്ന രീതിയിലുള്ള അലങ്കാരപ്പണികളും പാവകളും മാലകളുമൊക്കെ തൂക്കിയിടുകയും ചെയ്‍തിരുന്നു. ഇവ ഇളക്കിമാറ്റിയത് കൂടാതെ 250 രൂപ പിഴയും ഈടാക്കി.  ബസുകളില്‍ നിന്നും ഇവ നീക്കം ചെയ്യാന്‍ രണ്ട് ദിവസം അനുവദിച്ചു.

click me!