ആഡംബരത്തിന്‍റെ റാണി; കിംഗ് ഖാന്‍റെ മകനെ കുടുക്കിയ 'കടലിന്‍റെ മകള്‍'!

By Web TeamFirst Published Oct 4, 2021, 11:03 AM IST
Highlights

ആഡംബരത്തിന്‍റെ മൂര്‍ത്തരൂപമാണ് കിംഗ് ഖാന്‍റെ മകന്‍ കുടുങ്ങിയ ഈ 'കടലിന്‍റെ മകള്‍' എന്ന ഈ കപ്പല്‍

ഡംബര കപ്പലിലെ ലഹരി പാര്‍ട്ടിക്കിടെ ബോളീവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന്‍റെ മകന്‍ ആര്യന്‍ ഖാന്‍ (Aryan Khan)പിടിയിലായതിന്‍റെ ഞെട്ടലിലാണ് ബോളീവുഡ്.  കഴിഞ്ഞ ദിവസം നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ (Narcotics Control Bureau/ NCB/ എന്‍സിബി) ആണ് ആര്യന്‍ ഖാന്‍ (Aryan Khan)ഉള്‍പ്പെട്ട സംഘത്തെ നടുക്കടലിലെ കപ്പലില്‍ നിന്നും പൊക്കിയത്. 

ഇതോടെ മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് ഈ ആഡംബര കപ്പലും കപ്പല്‍ കമ്പനിയുമെല്ലാം. അമേരിക്കൻ കമ്പനിയായ റോയൽ കരീബിയന്‍റെ പഴയ ക്രൂയിസ്​ കപ്പലാണിത്​.  പക്ഷേ ഫൈവ്​സ്​റ്റാറിന്​ സമാനമായ എല്ലാ സൗകര്യങ്ങളുമുള്ള കോർഡെലിയ എന്ന ഈ കപ്പല്‍ അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുന്ന ഒരു ആഡംബര കൊട്ടാരമാണ്. കടലിന്‍റെ മകളെന്നാണ് കെൽറ്റിക്​ ഭാഷയിൽ കോർഡെലിയ എന്ന വാക്കിന്റെ അർഥം. 

692 അടിയോളം ഉയരമുള്ള കപ്പലില്‍ 11 ഡെക്കുകളിലായി 769 ക്യാബിനുകള്‍ ഉണ്ട്. സ്വിമ്മിംഗ് പൂള്‍, മൂന്ന് ഭക്ഷണശാലകള്‍, അഞ്ച് ബാറുകള്‍, വ്യായാമ കേന്ദ്രങ്ങള്‍, സ്‍പാ, തിയറ്റര്‍, കാസിനോ, നൈറ്റ് ക്ലബ്, ഡിജെ പാര്‍ട്ടികള്‍, ഷോപ്പിംഗ് സെന്‍റര്‍ എന്നിവയെല്ലാം ഈ കപ്പലില്‍ ഉണ്ട്. 1800 യാത്രക്കാരെ വഹിക്കാൻ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്​. കു​ട്ടികൾക്കായുള്ള വലിയ ​പ്ലേ​ ഏരിയയും മുകളിലേക്ക്​ പോകാനും ഇറങ്ങാനും ലിഫ്റ്റുകളുമുണ്ട്​. ലൈവ്​ മ്യൂസിക്​ ഷോ, ക്വിസ്​ ​മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു​.  ഇന്ത്യൻ റെയിൽവേക്ക് കീഴിലെ ഐ.ആർ.സി.ടി.സിയും കോർഡെലിയ ക്രൂയിസ് കപ്പൽ സർവീസ് ഓപ്പറേറ്റ് ചെയ്യുന്നുണ്ട്. മെനു കാർഡിൽ നൂറിലധികം വിഭവങ്ങൾ ലഭ്യമാണ്. മൂന്ന് രാത്രിയും നാല് പകലും നീളുന്ന കപ്പൽ യാത്രയ്ക്ക് 22,000 രൂപ മുതൽ 30,000 രൂപ വരെയാണു നിരക്ക്.  മുംബൈ -കൊച്ചി​​ സർവിസും ഇവർ നടത്തുന്നുണ്ട്​​. ദിവസങ്ങള്‍ക്ക് മുന്‍പാണ് ഈ കപ്പല്‍ കൊച്ചിവിട്ടത്. പിന്നീടാണ് മുംബൈയില്‍ എത്തിയത്. 

ഈ ആത്യാഡംബര കപ്പല്‍ ഉദ്ഘാടനം ചെയ്‍തിട്ട് അധികകാലം ആയിട്ടില്ല. രണ്ടാഴ്‍ച മുമ്പാണ് ഈ കപ്പൽ ഉദ്ഘാടനം ചെയ്‍തത് എന്നാണ് റിപ്പോര്‍ട്ടുകള്‍. കടലിലൂടെയാണ് സഞ്ചാരം എന്നതാണ് ലഹരിമരുന്ന് പാര്‍ട്ടികളുടെ സുരക്ഷിതയിടമായി ഇത് മാറിയത് എന്നാണ് അന്വേഷകര്‍ പറയുന്നത്. കടല്‍ മധ്യത്തിലെ ഇത്തരം ലഹരിപാര്‍ട്ടികളില്‍ 80,000 രൂപയോളമാണ് ഒരാളുടെ ടിക്കറ്റ് വിലയായി ഈടാക്കുന്നത് എന്നും എന്‍സിബി വൃത്തങ്ങള്‍ വ്യക്തമാക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

click me!