വാഹന ഡീലർമാരുടെ പോരാട്ടം; 2500 കോടിയുടെ നികുതിക്കുരുക്ക്

Published : Mar 16, 2026, 08:35 AM IST
car showroom, car dealer, car dealerships

Synopsis

ജിഎസ്‍ടി 2.0 നടപ്പിലാക്കിയതിനെ തുടർന്ന് തടഞ്ഞുവച്ച 2,500 കോടിയിലധികം രൂപയുടെ കംപൻസേഷൻ സെസ് ക്രെഡിറ്റുകൾക്കായി വാഹന ഡീലർമാരുടെ സംഘടനയായ എഫ്എഡിഎ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജി ഫയലിൽ സ്വീകരിച്ച കോടതി, കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു. ഈ തുക ഉപയോഗിക്കാൻ കഴിയാത്തത് ഡീലർഷിപ്പുകളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുവെന്ന് ഹർജിയിൽ പറയുന്നു.

രാജ്യത്തെ വാഹന ഡീലർമാർക്ക് വലിയ പ്രാധാന്യമുള്ള ഒരു നികുതി വിഷയത്തിൽ നിർണായകമായ നിയമനടപടി ആരംഭിച്ച് സുപ്രീം കോടതി. ജിഎസ്‍ടി 2.0 നടപ്പിലാക്കിയതിനെത്തുടർന്ന് തടഞ്ഞുവച്ച 2,500 കോടിയിൽ അധികം രൂപയുടെ നഷ്‍ടപരിഹാര സെസ് ക്രെഡിറ്റുകളിൽ ഇളവ് തേടി രാജ്യത്തെ വാഹന ഡീലർമാരുടെ സംഘടനയായ ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് (എഫ്എഡിഎ) സമർപ്പിച്ച ഹർജി സുപ്രീം കോടതി ഫയലിൽ സ്വീകരിച്ചു. 2,500 കോടിയിലധികം മൂല്യമുള്ള കംപൻസേഷൻ സെസ് ക്രെഡിറ്റുകൾ ഉപയോഗിക്കാൻ കഴിയാതെ തടഞ്ഞുകിടക്കുന്നതാണ് ഹർജിയുടെ പ്രധാന വിഷയമായി ഉയർന്നിരിക്കുന്നത്.

കേസിൽ കേന്ദ്ര സർക്കാരിന് സുപ്രീം കോടതി നോട്ടീസ് നൽകി. ഈ വിഷയത്തിൽ അടുത്ത വാദം 2026 മാർച്ച് 25-ന് നടത്തുമെന്ന് കോടതി അറിയിച്ചു. രാജ്യത്തെ ആയിരക്കണക്കിന് വാഹന ഡീലർമാരുടെ സാമ്പത്തിക നിലയെ ബാധിക്കാവുന്ന കേസായതിനാൽ തന്നെ ഈ ഹർജി വ്യവസായ മേഖലയിലും വലിയ ശ്രദ്ധ നേടുന്നുണ്ട്.

ജിഎസ്‍ടി 2.0 നടപ്പിലാക്കുന്നതിന് മുമ്പ് ഡീലർമാർ വലിയ തോതിൽ വാഹന ഇൻവെന്ററി വാങ്ങിയിരുന്നു എന്ന് ഫെഡറേഷൻ ഓഫ് ഓട്ടോമൊബൈൽ ഡീലേഴ്‌സ് അസോസിയേഷൻസ് സമർപ്പിച്ച ഹർജിയിൽ പറയുന്നു. അന്ന് വാഹനങ്ങൾ വാങ്ങുമ്പോൾ ഡീലർമാർ ജിഎസ്‍ടിക്ക് ഒപ്പം കംപൻസേഷൻ സെസും അടച്ചിരുന്നു. ഈ സെസ് പിന്നീട് ക്രെഡിറ്റ് ആയി കണക്കാക്കപ്പെടുകയും ഭാവിയിൽ നികുതി ബാധ്യതകൾക്ക് എതിരെ ഉപയോഗിക്കാവുന്നതുമായിരുന്നു എന്നാണ് സംഘടന വ്യക്തമാക്കുന്നത്.

എന്നാൽ ജിഎസ്‍ടി 2.0 പ്രാബല്യത്തിൽ വന്നതോടെ നികുതി ഘടനയിൽ വലിയ മാറ്റങ്ങൾ നടപ്പിലായി. കംപൻസേഷൻ സെസ് ഒഴിവാക്കുകയും പല വാഹന വിഭാഗങ്ങളിലും ജിഎസ്‍ടി നിരക്കുകൾ കുറയ്ക്കുകയും ചെയ്തു. ഇതോടെ പഴയ നികുതി സംവിധാനത്തിൽ വാങ്ങിയ വാഹനങ്ങളിൽ നിന്നുള്ള സെസ് ക്രെഡിറ്റുകൾ ഉപയോഗിക്കാൻ ഡീലർമാർക്ക് സാധിക്കാത്ത അവസ്ഥ രൂപപ്പെട്ടു.

എഫ്എഡിഎയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ വാഹന ഡീലർ നെറ്റ്‌വർക്കിലുടനീളം 2,500 കോടിയിലധികം മൂല്യമുള്ള ക്രെഡിറ്റുകൾ ഇപ്പോൾ തടഞ്ഞ നിലയിലാണ്. ഈ തുക ഉപയോഗിക്കാൻ കഴിയാത്തത് ഡീലർഷിപ്പുകളുടെ പ്രവർത്തന മൂലധനത്തെ ബാധിക്കുന്നതായി സംഘടന പറയുന്നു. പ്രത്യേകിച്ച് എംഎസ്എംഇ വിഭാഗത്തിൽപ്പെടുന്ന ചെറിയയും ഇടത്തരം ഡീലർഷിപ്പുകളും ഈ പ്രശ്നം കാരണം കൂടുതൽ സാമ്പത്തിക സമ്മർദ്ദം നേരിടുന്നതായും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.

ഈ സാഹചര്യത്തിൽ ഉപയോഗിക്കാനാകാത്ത കംപൻസേഷൻ സെസ് ക്രെഡിറ്റുകൾ മറ്റ് ജിഎസ്‍ടി ബാധ്യതകളോട് ക്രമീകരിക്കാൻ കഴിയുന്ന ഒരു ട്രാൻസിഷണൽ സംവിധാനം സർക്കാർ കൊണ്ടുവരണമെന്ന് എഫ്എഡിഎ കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഈ ക്രെഡിറ്റുകൾ ഒടുവിൽ എഴുതി തള്ളേണ്ടി വന്നാൽ ചെറിയ ഡീലർഷിപ്പുകൾക്ക് പ്രവർത്തനം ചുരുക്കുകയോ അടയ്ക്കുകയോ ചെയ്യേണ്ടി വരാം എന്നും ഡീലർമാരുടെ സംഘടന അവകാശപ്പെടുന്നു. അതോടെ രാജ്യത്തെ വാഹന റീട്ടെയിൽ മേഖലയിലുടനീളം തൊഴിലവസരങ്ങൾക്കും തിരിച്ചടി ഉണ്ടാകാനുള്ള സാധ്യതയും ഉയരുന്നുണ്ടെന്നും ഡീലർമാർ ചൂണ്ടിക്കാട്ടുന്നു.

PREV
Read more Articles on
click me!

Recommended Stories

'ക്ലാവിസ് ദിനം' ആഘോഷിച്ച് കിയ ഡീലർഷിപ്പുകൾ
നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ