'കടല്‍പ്പക്ഷി'ക്ക് വന്‍ ഡിമാന്‍ഡ്, വില കൂട്ടി ടാറ്റ!

By Web TeamFirst Published Aug 13, 2020, 1:01 PM IST
Highlights

ടാറ്റയുടെ ഏറ്റവും ആവശ്യക്കാരുള്ള മോഡലായി മാറിയിരിക്കുന്ന അള്‍ട്രോസിന്‍റെ​ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. 

ടാറ്റ അടുത്തിടെ അവതരിപ്പിച്ച ആദ്യ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. 2020 ജനുവരിയിലാണ് വാഹനത്തെ കമ്പനി വിപണിയില്‍ അവതരിപ്പിക്കുന്നത്.  ഇപ്പോള്‍ ടാറ്റയുടെ ഏറ്റവും ആവശ്യക്കാരുള്ള മോഡലായി മാറിയിരിക്കുന്ന അള്‍ട്രോസിന്‍റെ​ വില വർധിപ്പിച്ചിരിക്കുകയാണ് കമ്പനി. 6000 മുതൽ 15,000 രൂപ വരെയുള്ള വർധനവാണ്​ ഉണ്ടായിരിക്കുന്നത്​. 

5.29 ലക്ഷത്തിൽ ആരംഭിച്ചിരുന്ന വിലയിലാണ്​ വർധനവ്​ ഉണ്ടായിരിക്കുന്നത്​. 5.44 ലക്ഷം മുതൽ 7.75 ലക്ഷം വരെയാണ്​ പുതിയ പെട്രോൾ മോഡലി​ന്‍റെ വില. ഡീസലിന്​ 6.99 മുതൽ 9.35 ലക്ഷംവരെ വിലവരും. പെട്രോളിലേയും ഡീസലി​ലേയും ഏറ്റവും ഉയർന്ന മോഡലുകൾക്ക്​ 6000 രൂപ മാത്രമെ ടാറ്റ ഉയർത്തിയിട്ടുള്ളു.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.   'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

ഇംപാക്റ്റ് ഡിസൈൻ 2.0 ഭാഷയിൽ രൂപകൽപ്പന ചെയ്ത രണ്ടാമത്തെ വാഹനമായ  അള്‍ട്രോസ്, പുതിയ ആൽ‌ഫ ആർക്കിടെക്ച്ചറിൽ  ആദ്യമായി വികസിപ്പിച്ചെടുത്ത വാഹനം കൂടിയാണ്.  നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമേകും. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍. വൈകാതെ അല്‍ട്രോസില്‍ ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷന്‍ ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

നേരത്തെ ഗ്ലോബല്‍ എന്‍-ക്യാപ് ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും ഈ വാഹനം സ്വന്തമാക്കിയിരുന്നു. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്. ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, ഇബിഡി, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സെന്‍ട്രല്‍ ലോക്ക്, സ്പീഡ് സെന്‍സിങ്ങ് ഓട്ടോ ഡോര്‍ ലോക്ക്, ചൈല്‍ഡ് ലോക്ക്, ഇമ്മോബിലൈസര്‍, പെരിമെട്രിക് അലാറം സിസ്റ്റം, കോണ്‍ണര്‍ ലൈറ്റ്, റിയര്‍ ഡിഫോഗര്‍ എന്നിവയാണ് അല്‍ട്രോസില്‍ സുരക്ഷയൊരുക്കുന്നത്. 

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍,  എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്. പിന്‍ഭാഗവും പതിവ് ടാറ്റ കാറുകളില്‍നിന്ന് വ്യത്യസ്‍തമാണ്. വശങ്ങളിലെ വലിയ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന് മസില്‍മാന്‍ രൂപം നല്‍കും.

വാഹനത്തിന്‍റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

click me!