നെക്സോണിന്‍റെ ഹൃദയവുമായി ടാറ്റയുടെ കടല്‍പ്പക്ഷി ഇന്നു പറന്നിറങ്ങും!

Web Desk   | Asianet News
Published : Jan 13, 2021, 08:30 AM IST
നെക്സോണിന്‍റെ ഹൃദയവുമായി ടാറ്റയുടെ കടല്‍പ്പക്ഷി ഇന്നു പറന്നിറങ്ങും!

Synopsis

ഇന്ന് ഉച്ചയോടെയാകും വാഹനത്തിന്‍റെ വെര്‍ച്വല്‍ ലോഞ്ചിംഗ്. നെക്സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാകും പുത്തന്‍ ടര്‍ബോ അള്‍ട്രോസിന്റെ ഹൃദയം.

രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മതാക്കളായ ടാറ്റയുടെ ആദ്യത്തെ പ്രീമിയം ഹാച്ച് ബാക്ക് മോഡലാണ് അള്‍ട്രോസ്. ചുരുങ്ങിയ കാലം കൊണ്ട് ജനപ്രിയ മോഡലായി മാറിയ അള്‍ട്രോസിന്‍റെ ടര്‍ബോ പതിപ്പും വിപണിയിലേക്ക് എത്തുകയാണ്. ഇന്നാണ് വാഹനത്തിന്റെ അവതരണം. ഉച്ചയോടെയാകും വാഹനത്തിന്‍റെ വെര്‍ച്വല്‍ ലോഞ്ചിംഗ്. 

ജനീവ ഇന്റര്‍നാഷണല്‍ മോട്ടോര്‍ ഷോയില്‍ ടാറ്റ അള്‍ട്രോസ് ടര്‍ബോ എഞ്ചിന്‍ മോഡല്‍ അവതരിപ്പിച്ചിരുന്നു. പരീക്ഷണയോട്ടത്തിനിടെ നിരവധി തവണ ക്യാമറയില്‍ കുടുങ്ങിയ വാഹനത്തിന്റെ വാഹനത്തിന്റെ ടീസര്‍ വീഡിയോയും അടുത്തിടെ കമ്പനി പുറത്തുവിട്ടിരുന്നു. മുമ്പ് നിരത്തുകളില്‍ എത്തിയിട്ടുള്ള അള്‍ട്രോസിന്റെ ഡിസൈനില്‍ തന്നെയാണ് ടര്‍ബോ പതിപ്പും എത്തുന്നതെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ടര്‍ബോ ബാഡ്‍ജിംഗ് മാത്രമാണ് ഈ വാഹനത്തില്‍ പുറംമോടിയില്‍ അധികമായിട്ടുള്ളത്. എന്നാല്‍, മെക്കാനിക്കലായി വലിയ മാറ്റമാണ് വരുത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. നെക്സോണില്‍ നല്‍കിയിട്ടുള്ള 1.2 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാകും പുത്തന്‍ ടര്‍ബോ അള്‍ട്രോസിന്റെ ഹൃദയം. ഈ എഞ്ചിന്‍ 108 ബി.എച്ച്.പി പവറും 141 Nm ടോര്‍ക്കും ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ട്രാന്‍സ്മിഷനും ഈ വരവിലെ പുതുമായാണ്. 

2020 ജനുവരിയിലാണ് അള്‍ട്രോസിനെ ടാറ്റ ആദ്യമായി വിപണിയില്‍ അവതരിപ്പിക്കുന്നത്. നിലവില്‍ XE, XM, XT, XZ, XZ (O) എന്നീ വകഭേദങ്ങളായെത്തുന്ന ഈ വാഹനത്തില്‍ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് കരുത്തേകുന്നത്. പെട്രോള്‍ എന്‍ജിന്‍ 86 പിഎസ് പവറും 113 എന്‍എം ടോര്‍ക്കും, ഡീസല്‍ 90 പിഎസ് പവറും 200 എന്‍എം ടോര്‍ക്കുമാണ് സൃഷ്‍ടിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ട്രാന്‍സ്‍മിഷന്‍.  ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ സുരക്ഷാ റേറ്റിങും വാഹനം സ്വന്തമാക്കിയിട്ടുണ്ട്. ഇന്ന് രാജ്യത്ത് വില്‍പ്പനയ്ക്ക് എത്തുന്ന ഏറ്റവും സുരക്ഷിതമായ പ്രീമിയം ഹാച്ച്ബാക്ക് വാഹനമാണ് ആള്‍ട്രോസ്. ടാറ്റയുടെ ആല്‍ഫ പ്ലാറ്റ്ഫോമിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. ഇംപാക്റ്റ് 2.0 ഡിസൈന്‍ ശൈലിയില്‍ എത്തുന്ന രണ്ടാമത്തെ ടാറ്റ വാഹനം കൂടിയാണിത്.

45 എക്‌സ് കൺസെപ്റ്റ് മോഡലെന്ന നിലയിൽ ടാറ്റ മോട്ടോഴ്‌സ് ആദ്യമായി 2018 ഫെബ്രുവരിയിൽ ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച വാഹനം,  തുടർന്ന് 2018 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർ ഷോയിലും പ്രദർശിപ്പിച്ചിരുന്നു.  ഫ്യൂച്ചറിസ്റ്റ് ഡിസൈനും അതിശയകരമായ പ്രൊഫൈലും കൊണ്ട് ഇരു ഷോകളിലും  45 എക്‌സ് കൺസെപ്റ്റ് പ്രേക്ഷകരെ അമ്പരപ്പിച്ചിരുന്നു.  ആശയം യാഥാർത്ഥ്യത്തിലേക്ക് വഴിമാറിക്കൊണ്ട്  ടാറ്റ മോട്ടോഴ്സ് 2019 മാർച്ചിൽ ജനീവ ഇന്റർനാഷണൽ മോട്ടോർസ് ഷോയിൽ വെച്ചാണ് അള്‍ട്രോസിനെ ലോകത്തിന് മുന്നില്‍ അവതരിപ്പിക്കുന്നത്. 'ആൽബട്രോസ്' എന്ന മനോഹരമായ കടൽ പക്ഷിയുടെ പേരിൽ നിന്നുമാണ് അൾട്രോസ് എന്ന പേര് ലഭിച്ചത്.  ഏറ്റവും വലിപ്പംകൂടിയ കടൽപ്പക്ഷിയാണ് ആൽബട്രോസ്.  

വാഹനത്തിന്‍റെ ഉള്‍വശവും സ്പോര്‍ട്ടി ലുക്കിലാണ്. കണക്ടിവിറ്റി സംവിധാനങ്ങളാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റി, വോയിസ് കമാന്റ് സംവിധാനമുള്ള ഏഴ് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലുള്ളത്. കുറഞ്ഞ വകഭേദങ്ങളില്‍ ഹര്‍മാന്‍ ഓഡിയോ സിസ്റ്റമാണുള്ളത്. ഓട്ടോ ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റ്, വണ്‍ ടച്ച് ഓട്ടോ ഡൗണ്‍ വിന്റോ, ആംറെസ്റ്റ് എന്നിവയും ഇന്റീരിയറിനെ സമ്പന്നമാക്കുന്നു.

3990 എംഎം നീളവും 1755 എംഎം വീതിയും 1523 എംഎം ഉയരവുമാണ് ഈ വാഹനത്തിനുള്ളത്. 165 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും 345 ലിറ്റര്‍ ബൂട്ട് സ്‌പേസും അല്‍ട്രോസ് ഒരുക്കുന്നുണ്ട്. ഇന്ത്യൻ വിപണിയിൽ 90 ഡിഗ്രി ഓപ്പണിംഗ് ഡോറുകൾ വാഗ്ദാനം ചെയ്യുന്ന ആദ്യത്തെ ഉൽപ്പന്നങ്ങളിൽ ഒന്നുകൂടിയാണ് ആൾ‌ട്രോസ് ഹാച്ച്ബാക്ക്. എൽഇഡി ഡേ ടൈം റണ്ണിംഗ് ലൈറ്റുകൾ, നേര്‍ത്ത ഡിസൈനിലുള്ള വീതിയേറിയ ഗ്രില്ല്, സ്പോര്‍ട്ടി ബമ്പര്‍,  എൽഇഡി ടൈൽ‌ലൈറ്റുകൾ, 16 ഇഞ്ച് ഡയമണ്ട് കട്ട് അലോയ് വീലുകൾ, സെമി ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ എന്നിവയടങ്ങുന്ന 7.0 ഇഞ്ച് ഫ്ലോട്ടിംഗ് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം എന്നിവ സ്റ്റാൻഡേർഡ് സവിശേഷതകളാണ്. 

Image Courtesy: India Today

PREV
click me!

Recommended Stories

നിങ്ങളുടെ നഗരത്തിലെ ഇന്നത്തെ ഡീസൽ, പെട്രോൾ വിലകൾ
നിങ്ങളുടെ കാർ ലോൺ ഇഎംഐ ഇത്രയും കുറഞ്ഞേക്കും; ആർബിഐയുടെ നിർണായക നീക്കം