കൂടുതല്‍ സുരക്ഷ വേണം; ടാറ്റയുടെ പടക്കുതിരയെ സ്വന്തമാക്കി മഹാരാഷ്‍ട്ര മുഖ്യന്‍!

By Web TeamFirst Published Jun 9, 2020, 12:26 PM IST
Highlights

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് ടാറ്റയുടെ പടക്കുതിര ഹാരിയര്‍ എസ്‍യുവി

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ സുരക്ഷ വാഹനവ്യൂഹത്തില്‍ ഇടംപിടിച്ച് ടാറ്റയുടെ പടക്കുതിര ഹാരിയര്‍ എസ്‍യുവി. 2019-ല്‍ നിര്‍മിച്ച ബ്ലാക്ക് ഫിനീഷിങ്ങിലുള്ള ഹാരിയറുകളാണ് ഉദ്ദവിന്‍റെ സുരക്ഷ വാഹനങ്ങളിലേക്ക് എത്തിയിരിക്കുന്നതെന്നാണ് സൂചന. വിദേശ നിര്‍മിത ലാന്‍ഡ് റോവര്‍ റേഞ്ച് റോവര്‍ വാഹനങ്ങളും മെഴ്‌സിഡീസ് ജിഎല്‍എസ് മോഡലുകളിലുമാണ് ഉദ്ധവ് താക്കറെയുടെ യാത്രകള്‍. എന്നാല്‍ അദ്ദേഹത്തിന് സുരക്ഷയൊരുക്കുന്നത് ഇന്ത്യന്‍ നിര്‍മിത വാഹനങ്ങളാണെന്നതാണ് ശ്രദ്ധേയം. 

ഉദ്ദവിന്‍റെ സുരക്ഷ വാഹന വ്യൂഹത്തിലേക്ക് എത്തിയിട്ടുള്ള ഹാരിയറിന് ഫോഗ് ലാമ്പുകള്‍ ഇല്ല. അതുകൊണ്ടു തന്നെ ഇവ ഹാരിയറിന്റെ അടിസ്ഥാന വേരിയന്റായ എക്‌സ്ഇ ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹാരിയറിന്റെ അടിസ്ഥാന വേരിയന്റിന് അറ്റ്‌ലസ് ബ്ലാക്ക് ഫിനീഷിങ്ങ് നല്‍കി പ്രത്യേകമായി നിര്‍മിച്ച വാഹനങ്ങളാണ് പൈലറ്റ് വാഹനങ്ങളായി എത്തിയിട്ടുള്ളതെന്നാണ് സൂചന.

ലാന്‍ഡ് റോവര്‍ ഡി8 ആര്‍ക്കിടെക്ച്ചറില്‍ ടാറ്റയുടെ പുതിയ ഓമേഗ പ്ലാറ്റ്ഫോമിലാണ് ഹാരിയറിന്റെ നിര്‍മാണം. ടാറ്റയും ജാഗ്വാര്‍ ലാന്‍ഡ് റോവറും സംയുക്തമായി ചേര്‍ന്ന് വികസിപ്പിച്ചതാണ് ഈ അടിത്തറ.  4598 എംഎം നീളവും 1894 എംഎം വീതിയും 1706 എംഎം ഉയരവും 2741 എംഎം വീല്‍ബേസുമാണ് വാഹനത്തിനുള്ളത്. 205 എംഎം ആണ് ഗ്രൗണ്ട് ക്ലിയറന്‍സ്. 1675 കിലോഗ്രമാണ് ഭാരം.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്.

ബിഎസ്-4 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലാണ് ഹാരിയര്‍ ആദ്യം പുറത്തിറങ്ങിയിരുന്നത്. ഈ എഞ്ചിന്‍ 140 പിഎസ് പവറും 350 എന്‍എം ടോര്‍ക്കും ആണ് ഉത്പാദിപ്പിച്ചിരുന്നത്. എന്നാല്‍, ബിഎസ്-6 നിലവാരത്തിലേക്ക് മാറിയതോടെ എന്‍ജിന്റെ പവര്‍ 170 പിഎസ് ആയി ഉയര്‍ത്തി. ആറ് സ്പീഡ് മാനുവല്‍ ഓട്ടോമാറ്റിക് എന്നിവയാണ് ഇപ്പോള്‍ ട്രാന്‍സ്‍മിഷനുകള്‍. 

പുതിയ വാഹനത്തില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി എസ്‌യുവിയുടെ എല്ലാ വേരിയന്റുകളിലും ഇപ്പോള്‍ ഇഎസ്പി (ഇലക്ട്രോണിക് സ്റ്റബിലിറ്റി പ്രോഗ്രാം) നല്‍കിയിരിക്കുന്നു. പുതുതായി കാലിപ്‌സോ റെഡ് നിറവും സ്റ്റൈലിഷ് പുറം കണ്ണാടികളും നല്‍കിയതോടെ ടാറ്റ ഹാരിയര്‍ മുമ്പത്തേക്കാള്‍ ആകര്‍ഷകമാണ്.

പുതുതായി എക്‌സ്ഇസഡ് പ്ലസ്/എക്‌സ്ഇസഡ്എ പ്ലസ് എന്നീ ടോപ് വേരിയന്റുകളിലും ടാറ്റ ഹാരിയര്‍ ലഭിക്കും. പനോരമിക് സണ്‍റൂഫ്, ആറ് വിധത്തില്‍ ക്രമീകരിക്കാവുന്ന പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ക്രമീകരിക്കാവുന്ന ലംബാര്‍ സപ്പോര്‍ട്ട്, ഓട്ടോ ഡിമ്മിംഗ് റിയര്‍ വ്യൂ മിററുകള്‍, ഡുവല്‍ ടോണ്‍ ഡയമണ്ട് കട്ട് 17 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ വേരിയന്റുകളുടെ ഫീച്ചറുകളാണ്. എക്‌സ്എംഎ, എക്‌സ്ഇസഡ്എ, എക്‌സ്ഇസഡ്എ പ്ലസ് എന്നീ വേരിയന്റുകളില്‍ ഓട്ടോമാറ്റിക് ഹാരിയര്‍ ലഭിക്കും. 

click me!