വില്‍പ്പനയില്‍ 62 ശതമാനം വളര്‍ച്ചയുമായി ടാറ്റ ഹാരിയര്‍

By Web TeamFirst Published Sep 16, 2021, 11:05 AM IST
Highlights

2020 ഓഗസ്റ്റിൽ വിറ്റ ടാറ്റ ഹാരിയറിന്റെ 1,694 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 62 ശതമാനം വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. 

ഇന്ത്യൻ വിപണിയിലെ മികച്ച പ്രകടനം തുടര്‍ന്ന് ടാറ്റയുടെ ഹാരിയർ എസ്‍യുവി. 2021 ഓഗസ്റ്റിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തു വരുമ്പോള്‍ എസ്‌യുവിയുടെ 2,743 യൂണിറ്റുകൾ രാജ്യത്ത് വിറ്റതായി ഗാഡിവാഡി ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.  2020 ഓഗസ്റ്റിൽ വിറ്റ ടാറ്റ ഹാരിയറിന്റെ 1,694 യൂണിറ്റുമായി താരതമ്യം ചെയ്യുമ്പോൾ വിൽപനയിൽ 62 ശതമാനം വളർച്ചയാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. ഇതോടെ നെക്സോൺ, അൾട്രോസ്, ടിയാഗോ എന്നീ മോഡലുകളുടെ പിന്നിൽ രാജ്യത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന നാലാമത്തെ ടാറ്റ കാറായി ഹാരിയർ മാറി.

2018 ഓട്ടോ എക്സ്പോയിൽ H5X എന്ന പേരിൽ അവതരിപ്പിച്ച വാഹനമാണ് ഹാരിയർ. തുടര്‍ന്ന് 2019 ജനുവരി ആദ്യവാരമാണ് വാഹനത്തെ ടാറ്റ വിപണിയില്‍ അവതരിപ്പിച്ചത്. കുറഞ്ഞ വിലയില്‍ ശക്തമായ സുരക്ഷയും വമ്പന്‍ സാങ്കേതികവിദ്യയും സമ്മാനിച്ച വാഹനത്തിന് അന്നുമുതല്‍ വിപണിയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

ജാഗ്വാർ ആന്റ് ലാന്റ് റോവറുമായി ചേർന്ന് ഒപ്ടിമൽ മോഡുലാർ എഫിഷ്യൻറ് ഗ്ലോബൽ അഡ്വാൻസ്ഡ് സാങ്കേതികവിദ്യയനുസരിച്ച് വാഹനത്തിന്‍റെ രൂപകല്‍പ്പന. ജാഗ്വാർ ആന്‍റ് ലാന്‍ഡ് റോവറിന്‍റെ ഡി8 പ്ലാറ്റ് ഫോമിലാണ് വാഹനം നിർമ്മിച്ചിരിക്കുന്നത്. 2.2 ദശലക്ഷം കിലോമീറ്റർ വരുന്ന ദുർഘടമായ പാതകളിലൂടെ ഹാരിയർ ഡ്രൈവ് ചെയ്ത് പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. പൂനെയിലെ 90 ശതമാനവും ഓട്ടോമേറ്റഡായ പുതിയ അസംബ്ലി ലൈനിലാണ് ഹാരിയർ നിർമ്മിച്ചിരിക്കുന്നത്. XE, XM, XT, XT+, XZ, XZ+ എന്നിങ്ങനെ ആറ് വ്യത്യസ്‌ത വകഭേദങ്ങളിലായി 22 ഓളം വേരിയന്റുകളാണ് ഹാരിയറില്‍ ടാറ്റ വാഗ്‌ദാനം ചെയ്യുന്നത്. 

പരമാവധി 170 bhp കരുത്തിൽ 350 Nm torque ഉത്പാദിപ്പിക്കുന്ന ഫിയറ്റിൽ നിന്നുള്ള 2.0 ലിറ്റർ ക്രയോടെക് ഡീസൽ എഞ്ചിനാണ് ടാറ്റ ഹാരിയറിന്റെ ഹൃദയം. ആറ് സ്പീഡ് മാനുവൽ അല്ലെങ്കിൽ ഹ്യുണ്ടായിയിൽ നിന്നും കടമെടുത്ത ആറു സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർബോക്‌സ് ഓപ്ഷൻ ഉപയോഗിച്ച് വാഹനം തെരഞ്ഞെടുക്കാം. എസ്‌യുവിയിൽ 8.8 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി, കണക്റ്റഡ് കാർ-ടെക്, പനോരമിക് സൺറൂഫ് തുടങ്ങിയ സംവിധാനങ്ങളെല്ലാം കമ്പനി വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഒപ്പം  സെനോൺ എച്ച്ഐഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 6-വേ ഇലക്ട്രിക്കലി ക്രമീകരിക്കാവുന്ന ഡ്രൈവർ സീറ്റ്, 9-സ്പീക്കർ ജെബിഎല്ലിൽ നിന്നുള്ള പ്രീമിയം ഓഡിയോ സിസ്റ്റം, ക്രൂയിസ് കൺട്രോൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള 7 ഇഞ്ച് ഡിസ്പ്ലേ, ഒരു ഓട്ടോ-ഡിമ്മിംഗ് ഐആർവിഎം, മൾട്ടിപ്പിൾ ഡ്രൈവ് മോഡുകൾ തുടങ്ങിയവയും ടാറ്റ ഹാരിയറിലെ പ്രധാന സവിശേഷതകളാണ്.

ഹിൽ ഹോൾഡ് കൺട്രോൾ, ഹിൽ ഹോൾഡ് ഡിസെന്റ്, ഇബിഡിയുള്ള എബിഎസ്, 6 എയർബാഗുകൾ, ട്രാക്ഷൻ കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, റോൾഓവർ മിറ്റിഗേഷൻ, റിയർ പാർക്കിംഗ് സെൻസറുകൾ, റിവേഴ്സ് പാർക്കിംഗ് ക്യാമറ തുടങ്ങിയവ ഹാരിയറിന് സുരക്ഷ ഒരുക്കുന്നു.  ഡേറ്റോണ ഗ്രേ, കാമോ ഗ്രീൻ, ഡാർക്ക് (ഒബറോൺ ബ്ലാക്ക്), ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിങ്ങനെ അഞ്ച് നിറങ്ങളിൽ അണിഞ്ഞൊരുങ്ങിയാണ് ടാറ്റ ഹാരിയർ വിപണിയിൽ എത്തുന്നത്. ഇവയെ ഓർക്കസ് വൈറ്റ്, കാലിപ്സോ റെഡ് എന്നിവയെ വ്യത്യസ്തമായ കറുത്ത മേൽക്കൂരയുമായി ജോടിയാക്കാനും സാധിക്കും. 

എംജി ഹെക്‌ടര്‍,  ജീപ്പ് കോംപസ്, മഹീന്ദ്രയുടെ പുതിയ XUV700, പഴയ XUV500 തുടങ്ങിയ മോഡലുകളാണ് ടാറ്റ ഹാരിയറിന്‍റെ വിപണിയിലെ മുഖ്യ എതിരാളികള്‍.  14.39 ലക്ഷം രൂപ മുതൽ 21.90 ലക്ഷം രൂപ വരെയാണ് ഹാരിയർ എസ്‌യുവിയുടെ ഇന്ത്യയിലെ എക്സ്ഷോറൂം വില. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!