വരുന്നുണ്ട്, ഈ 'ഇന്‍ട്രാ' വേറെ 'ലെവലാന്‍ട്രാ' എന്നും പറഞ്ഞ് ടാറ്റ!

By Web TeamFirst Published May 9, 2019, 5:52 PM IST
Highlights

ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കിയാണ് വാഹനത്തിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു.

മുംബൈ: 1.1 ടൺ ഭാരവാഹകശേഷിയുള്ള ആധുനിക കോംപാക്ട് ട്രക്കുമായി ടാറ്റ മോട്ടോഴ്‍സ്. ടാറ്റ എയ്സ് ശ്രേണിയിലെ ഈ ഏറ്റവും വലിയ വാഹനത്തിന്  ‘ഇൻട്രാ’ എന്നാണ് പേരിട്ടിരിക്കുന്നത്. കൂടുതല്‍ സ്റ്റോറേജ് സ്പേസും പിക്ക്അപ്പും ഇന്ധനക്ഷമതയുമുള്ള വാഹനം മെയ് 22ന് വിപണിയില്‍ എത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍.

ആധുനിക സൗകര്യങ്ങളും രൂപഭംഗിയും കരുത്തും സമ്മേളിക്കുന്ന ‘പ്രീമിയം ടഫ്’ ആശയം അടിസ്ഥാനമാക്കിയാണ് വാഹനത്തിന്‍റെ രൂപകല്‍പ്പനയെന്ന് കമ്പനി വ്യക്തമാക്കുന്നു. 70 എച്ച്പി കരുത്തുള്ള 1396 സിസി ഡീസല്‍ എന്‍ജിനാണ് വാഹനത്തിന്‍റെ ഹൃദയം.  ഈ എന്‍ജിന്‍ 1396 സിസിയില്‍ 69 ബിഎച്ച്പി പവറും 140 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കും.  

1100 കിലോഗ്രാമാണ് ലോഡ് കപ്പാസിറ്റി. മുന്നില്‍ ആറ് ലീഫും പിന്നില്‍ ഏഴ് ലീഫും സസ്പെന്‍ഷനും ഉള്ള വാഹനത്തിന് 4316 എംഎം നീളവും 1639 എംഎം വീതിയും 1919 എംഎം ഉയരവുമാണുള്ളത്. 14 ഇഞ്ച് റേഡിയല്‍ ടയര്‍, 8.2 അടി x 5.3 അടി വിസ്തീര്‍ണമുള്ള ലോഡ് ഏരിയ, മുന്നിലും പിന്നിലും കരുത്തുറ്റ ആക്‌സിലും ലീഫ് സ്പ്രിങ്ങും എന്നിങ്ങനെയുള്ള സാങ്കേതിക മികവുകളും എസിയും കിടന്നു വിശ്രമിക്കാവുന്ന പരന്ന സീറ്റുമൊക്കെയുള്ള വിശാലമായ ക്യാബിനും ഇന്‍ട്രായുടെ സവിശേഷതകളാണ്. ഡാഷ്ബോര്‍ഡില്‍ സ്ഥാനം പിടിച്ചിരിക്കുന്ന ഗിയര്‍ലിവര്‍, ലോക്ക് ചെയ്യാന്‍ സാധിക്കുന്ന ഗ്ലോബോക്സ്, എസി, റേഡിയോ, ഓക്സിലറി, യുഎസ്ബി എന്നീ സംവിധാനമുള്ള മ്യൂസിക് സിസ്റ്റം തുടങ്ങിയവ അടങ്ങിയതാണ് ഇന്റീരിയറര്‍. 

ടാറ്റയുടെ പാസഞ്ചര്‍ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ക്രോമിയം സ്ലാറ്റുകള്‍, വലിയ ഗ്രില്ലും, എയര്‍ ഡാമും ഹെഡ്ലൈറ്റുമുമൊക്കെ ഇന്‍ട്രായുടെ മുന്‍ വശത്തെ കൂടുതല്‍ മനോഹരമാക്കുന്നു.  ശരിയായ ഗിയര്‍ തിരഞ്ഞെടുക്കാന്‍ സഹായിക്കുന്ന ഗിയര്‍ ഷിഫ്റ്റ് അഡ്വൈസര്‍ ഉള്ള വാണിജ്യവാഹനമാണിതെന്നും കമ്പനി അവകാശപ്പെടുന്നു.  മൈലേജ് ഉയര്‍ത്താന്‍ ഇത് സഹായിക്കും. 2 വര്‍ഷം അഥവാ 70,000 കിലോമീറ്റര്‍ വാറന്‍റിയുമാണ് കമ്പനി വാഗാദാനം ചെയ്യുന്നത്. 
വാഹനത്തിന്‍റെ വില സംബന്ധിച്ച വിവരങ്ങള്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.
 

click me!