
തങ്ങളുടെ ഉപഭോക്താക്കൾക്കായി രാജ്യവ്യാപകമായി മഴക്കാല ചെക്ക്-അപ്പ് ക്യാമ്പ് ആരംഭിച്ച് ഇന്ത്യയിലെ മുൻനിര വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ്. 500 നഗരങ്ങളിലായി 1,090-ലധികം അംഗീകൃത വർക്ക്ഷോപ്പുകളുടെ പിന്തുണയോടെയാണ് ഈ വിപുലമായ സർവീസ് ക്യാമ്പ് നടത്തുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ജൂൺ 6 മുതൽ 20 വരെയാണ് ഈ സേവനം. സമഗ്ര വാഹന പരിശോധന സൗജന്യമായി ലഭിക്കും. മുപ്പതിലധികം നിർണായക ചെക്ക് പോയിന്റുകൾ ഉൾപ്പെടെ പ്രധാന സംവിധാനങ്ങൾ പരിശോധിക്കും. ഇലക്ട്രിക്ക് വാഹനങ്ങൾക്ക് പ്രത്യേക പരിശോധനകളും ക്യാമ്പിൽ ഉൾപ്പെടുന്നു.
മഴക്കാലം ആരംഭിക്കുന്നതോടെ വെള്ളകെട്ടുകളും വെല്ലുവിളികളും നിറഞ്ഞതുമായ ഡ്രൈവിംഗ് സാഹചര്യങ്ങളിൽ വാഹനത്തിന്റെ പ്രവർത്തന ശേഷിയും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് ഈ ക്യാമ്പ് കൊണ്ട് ലക്ഷ്യം വെക്കുന്നത്. കാർ ടോപ്പ് വാഷ്, ഒറിജിനൽ സ്പെയർ പാർട്സ്, എഞ്ചിൻ ഓയിൽ, ആക്‌സസറികൾ, എക്സ്റ്റെൻഡഡ് വാറന്റി, ലേബർ ചാർജുകൾ എന്നിവയിൽ എക്‌സ്‌ക്ലൂസീവ് കിഴിവുകളും ക്യാമ്പ് വാഗ്ദാനം ചെയ്യുന്നു.
ഇതിന് പുറമെ പുതിയ ടാറ്റാ കാറുകൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളിലൂടെ പ്രയോജനം നേടാനും ഉപഭോക്താക്കൾക്ക് അവസരമുണ്ട്. നിലവിലുള്ള വാഹനങ്ങളുടെ സൗജന്യ മൂല്യനിർണ്ണയവും ഇതിൽ ഉൾപ്പെടുന്നു. മഴക്കാല ചെക്ക്-അപ്പ് ക്യാമ്പ് പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള അംഗീകൃത ടാറ്റ മോട്ടോഴ്‌സ് വർക്ക്ഷോപ്പ് സന്ദർശിക്കാം.
ടാറ്റയിൽ നിന്നുള്ള മറ്റ് വാർത്തകൾ പരിശോധിച്ചാൽ, ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ട്രക്ക് ഡ്രൈവർമാർക്ക് അടുത്തിടെ ഒരു വലിയ സമ്മാനം നൽകി. ടാറ്റ മോട്ടോഴ്‌സ് ഇന്ത്യൻ വിപണിയിലെ തങ്ങളുടെ ട്രക്ക് പോർട്ട്‌ഫോളിയോയിലുടനീളം ഫാക്ടറി ഫിറ്റഡ് എയർ കണ്ടീഷനിംഗ് സിസ്റ്റം അവതരിപ്പിച്ചു. ഈ സൗകര്യം ഇനി മുതൽ SFC, LPT, അൾട്രാ, സിഗ്ന, പ്രൈമ ക്യാബിനുകൾ തുടങ്ങിയ എല്ലാ ടാറ്റ ട്രക്ക് സെഗ്‌മെന്റുകളിലും ലഭ്യമാകും.
ലക്ഷക്കണക്കിന് ട്രക്ക് ഡ്രൈവർമാരുടെ ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്താൻ ഈ തീരുമാനം സഹായിക്കും. തുടർച്ചയായി യാത്ര ചെയ്യുന്ന ഡ്രൈവർമാർക്ക് ഇപ്പോൾ സുഖകരവും തണുത്തതുമായ ഒരു ക്യാബിൻ ലഭിക്കും. ഇത് അവരുടെ ക്ഷീണം കുറയ്ക്കുകയും പ്രവർത്തന ശേഷി വർദ്ധിപ്പിക്കുകയും ചെയ്യും. എസി ക്യാബിൻ ഡ്രൈവർമാർക്ക് മികച്ച ജോലി അന്തരീക്ഷം പ്രദാനം ചെയ്യുക മാത്രമല്ല, അവരുടെ ഉൽപ്പാദനക്ഷമതയും ആരോഗ്യവും മെച്ചപ്പെടുത്തുകയും ചെയ്യുമെന്ന് ടാറ്റയുടെ വൈസ് പ്രസിഡന്റ് (ട്രക്ക് ബിസിനസ് ഹെഡ്) രാജേഷ് കൗൾ പറഞ്ഞു. ഉപഭോക്തൃ ഫീഡ്‌ബാക്കിന്റെ അടിസ്ഥാനത്തിൽ സ്മാർട്ട് എഞ്ചിനീയറിംഗ് വഴിയാണ് ഈ അപ്‌ഗ്രേഡുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും അതുവഴി മൊത്തത്തിലുള്ള ചെലവ് കുറയ്ക്കുകയും ലാഭം വർദ്ധിപ്പിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.