വളര്‍ച്ച 505 ശതമാനം; കണ്ണുതള്ളി എതിരാളികള്‍, കണ്ണുനനഞ്ഞ് ടാറ്റ!

By Web TeamFirst Published Apr 9, 2021, 9:15 AM IST
Highlights

ആഭ്യന്തര വാഹന വിൽപ്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മിന്നുന്ന പ്രകടനവുമായി ടാറ്റ

2021 മാർച്ച് മാസത്തെ ആഭ്യന്തര വാഹന വിൽപ്പനയുടെ കണക്കുകള്‍ പുറത്തുവന്നപ്പോള്‍ മിന്നുന്ന പ്രകടനവുമായി ടാറ്റാ മോട്ടോഴ്‍സ്. 2020 മാർച്ചിനെ അപേക്ഷിച്ച് 505 ശതമാനം വിൽപന വളർച്ചയാണു ടാറ്റ മോട്ടോഴ്‍സ് 2021 മാര്‍ച്ചില്‍ സ്വന്തമാക്കിയതെന്ന് ഇ ഓട്ടോ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ മാസം ആഭ്യന്തര വിപണിയിൽ 66,609 യൂണിറ്റ് വാഹനങ്ങളാണ് ടാറ്റ വിറ്റത്. 2020 മാർച്ചിൽ മൊത്തം 11,012 വാഹനം വിറ്റ സ്ഥാനത്താണിത്.  

കഴിഞ്ഞ ഒൻപതു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വിൽപന വളർച്ചയാണു മാർച്ചിലും ജനുവരി–മാർച്ച് ത്രൈമാസത്തിലും കൈവരിച്ചതെന്നും ടാറ്റ മോട്ടോഴ്സ് വൃത്തങ്ങള്‍ പറയുന്നു. മുൻവർഷം മാർച്ചിൽ 5,676 യാത്രാവാഹനം വിറ്റത് കഴിഞ്ഞ മാസം 29,654 ആയി ഉയർന്നു. കഴിഞ്ഞ ഏപ്രിൽ – മാർച്ച് കാലത്തെ യാത്രാവാഹന വിൽപനയിലും 2019–20 സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് 69% വളർച്ച നേടി. 2,22,025 യൂണിറ്റാണു 2020–21ൽ ടാറ്റ മോട്ടോഴ്സിന്റെ യാത്രാവാഹന വിൽപന. യാത്രാവാഹന വിഭാഗത്തിൽ കമ്പനിയുടെ കഴിഞ്ഞ എട്ടു വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന വാർഷിക വിൽപനയാണിതെന്നും റിപ്പോര്‍ട്ടുകളുണ്ട്.  പുത്തൻ സഫാരിയടക്കമുള്ള ന്യൂ ഫോറെവർ ഉൽപന്നങ്ങളുടെ മികച്ച പ്രകടനമാണ് യാത്രാവാഹന വിഭാഗത്തിൽ ടാറ്റ മോട്ടോഴ്‍സിനു മികച്ച കുതിപ്പ് നേടിക്കൊടുത്തത്. 

വാണിജ്യ വാഹന വിഭാഗത്തിൽ 36,955 യൂണിറ്റ് വിൽപ്പനയാണു മാർച്ചിൽ ടാറ്റ മോട്ടോഴ്സ് കൈവരിച്ചത്; 2020 മാർച്ചിൽ വിറ്റ 5,336 യൂണിറ്റിനെ അപേക്ഷിച്ച് 593% അധികമാണിത്. കഴിഞ്ഞ സാമ്പത്തിക വർഷം 4,64,515 വാണിജ്യ വാഹനങ്ങളാണ് ടാറ്റ മോട്ടോഴ്സ് ആഭ്യന്തര വിപണിയിൽ വിറ്റത്. 2019 — 20ൽ വിറ്റ 4,42,051 യൂണിറ്റിനെ അപേക്ഷിച്ച് അഞ്ചു ശതമാനത്തോളം അധികമാണിത്. 

വൈദ്യുത വാഹന വിഭാഗത്തിൽ 4,219 യൂണിറ്റാണ് 2020–21ലെ വിൽപന. മുൻ സാമ്പത്തിക വർഷത്തെ ഇ വി വിൽപ്പനയെ അപേക്ഷിച്ച് മൂന്ന് ഇരട്ടിയോളമാണിത്. മാർച്ചിൽ 705 വൈദ്യുത വാഹനങ്ങളും 2021 ജനുവരി – മാർച്ച് പാദത്തിൽ 1,711 ഇ വികളുമാണ് കമ്പനി വിറ്റത്. 
 

click me!