ടാറ്റയുടെ ഓഹരിവില 100 രൂപക്കും താഴെ, ഒരു ദശാബ്‍ദത്തിനിടെ ഇതാദ്യം!

By Web TeamFirst Published Mar 14, 2020, 10:23 AM IST
Highlights

ടാറ്റ മോട്ടോഴ്‌സ് ഓഹരിവില നൂറു രൂപയിലും താഴേക്ക് ഇടിഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരിവില ഇത്രയും താഴുന്നത്. 

ടാറ്റ മോട്ടോഴ്‌സ് ഓഹരിവില നൂറു രൂപയിലും താഴേക്ക് ഇടിഞ്ഞു. കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനു ശേഷം ഇതാദ്യമായാണ് കമ്പനിയുടെ ഓഹരിവില ഇത്രയും താഴുന്നത്. കഴിഞ്ഞ ദിവസം ബിഎസ്ഇയില്‍ 99 രൂപയായിരുന്നു കമ്പനിയുടെ ഓഹരി വില. ഡിമാന്‍ഡിലുണ്ടായ കുറവും ഉല്‍പ്പാദന തകര്‍ച്ചയുമാണ് ഇതിനു കാരണം എന്നാണ് റിപ്പോര്‍ട്ടുകള്‍.

വ്യക്തിഗത, വാണിജ്യ വാഹനങ്ങളുടെ ഡിമാന്‍ഡിലുണ്ടായ കുറവും കൊറോണ വ്യാപിച്ചതോടെ ഉല്‍പ്പാദനത്തിലുണ്ടായ തകര്‍ച്ചയും ഇടിവിനു കാരണമായതായി റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ടാറ്റ മോട്ടോഴ്‌സിന്റെ 11 കോടിയില്‍ കൂടുതല്‍ ഓഹരികള്‍ എന്‍എസ്ഇയിലും 57.43 ലക്ഷം ഓഹരികള്‍ ബിഎസ്ഇയിലും വ്യാപാരം നടത്തി.

യൂറോപ്പ്, യുകെ, യുഎസ് തുടങ്ങി കമ്പനിക്ക് സാന്നിധ്യമുള്ള എല്ലായിടങ്ങളിലും വൈറസ് ബാധ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ചൈനയിലെ ഡിമാന്‍ഡില്‍ കുറവുണ്ടായതിനെ തുടര്‍ന്ന് ഉല്‍പ്പാദനത്തിലും വന്‍ കുറവുണ്ടായിട്ടുണ്ട്. ഇതോടെ കമ്പനിയുടെ പുതിയ മോഡല്‍ അവതരണവും മറ്റും താല്‍ക്കാലികമായി നിര്‍ത്തി വച്ചേക്കും എന്നാണ് സൂചന.

ആഭ്യന്തര ബിസിനസില്‍ നാലാം പാദത്തില്‍ ഇടിവുണ്ടാകുമെന്ന് മുമ്പ് തന്നെ പ്രതീക്ഷിച്ചിരുന്നതാണെന്നും ബിഎസ്4 ല്‍ നിന്നും ബിഎസ്6 ലേക്കുള്ള മാറ്റം ചെറിയ തോതില്‍ വെല്ലുവിളി സൃഷ്ടിക്കുമെന്ന് കമ്പനി പ്രതീക്ഷിച്ചിരുന്നതായും വരും മാസങ്ങളില്‍ ബിഎസ്6 മോഡലുകള്‍ സ്ഥിരത കൈവരിക്കുമെന്നും കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

ജനുവരി -മാര്‍ച്ച് കാലയളവിലെ ആഭ്യന്തര ബിസിനസില്‍ ചൈനയില്‍ നിന്നുള്ള വിതരണ ശൃംഖലയിലെ പ്രതിസന്ധി കാരണം ചെറിയ തോതിലുള്ള നഷ്ടമുണ്ടാകുമെന്നും ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. ജാഗ്വര്‍ ലാന്‍ഡ് റോവറിന്റെ ചൈനയിലെ വില്‍പ്പനയില്‍ കഴിഞ്ഞ മാസം 85 ശതമാനം ഇടിവാണുണ്ടായത്. ചൈനയിലെ സംയുക്ത പ്ലാന്റ് കഴിഞ്ഞയാഴ്ചയാണ് കമ്പനി വീണ്ടും തുറന്നത്. ജോലിക്കാര്‍ തിരികെ എത്തുന്നതോടെ ഉല്‍പ്പാദനം കൂടുമെന്നും അധികം വൈകാതെ വിപണിയില്‍ ഡിമാന്‍ഡ് ഉയരുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.  

click me!