ഡീസലിനെ പിന്നിലാക്കി ഈ നെക്സോണ്‍ കുതിക്കുന്നു, കണ്ണുനിറഞ്ഞ് ടാറ്റ; അമ്പരന്ന് എതിരാളികള്‍!

By Web TeamFirst Published Jul 30, 2021, 12:59 PM IST
Highlights

രാജ്യത്ത് പലയിടങ്ങളിലും നെക്‌സോൺ ഇവിയുടെ വിൽപ്പന ഡീസൽ വേരിയന്റിന്റെ വിൽപ്പനയെ മറികടന്നതായി റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം ഇപ്പോള്‍ നെക്സോണ്‍ ഡീസല്‍ വേരിയന്‍റിനെ കടത്തിവെട്ടി മുന്നേറാനൊരുങ്ങുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. 

നെക്സോൺ ഡീസൽ വേരിയന്റിനെപ്പോലെ തന്നെ ആവശ്യക്കാർ വർദ്ധിച്ചിരിക്കുകയാണ് ഇലക്ട്രിക് പതിപ്പിനും എന്ന് മണി കണ്ട്രോള്‍ റിപ്പോർട്ട് ചെയ്യുന്നു. 2021 ഏപ്രിൽ മുതൽ ജൂൺ വരെയുള്ള പാദത്തിൽ നെക്സോൺ ഇവിയുടെ വിൽപന വർദ്ധിച്ചു. നെക്‌സോൺ ഇ.വിയുടെ ഇക്കാലയളവിലെ വിൽപന 1,715 യൂണിറ്റാണ്.

രാജ്യത്ത് പലയിടങ്ങളിലും നെക്‌സോൺ ഇവിയുടെ വിൽപ്പന ഡീസൽ വേരിയന്റിന്റെ വിൽപ്പനയെ മറികടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. 12.64 ലക്ഷം രൂപയാണ് മുംബൈയിലെ നെക്‌സോണിന്റെ പൂർണമായി ലോഡുചെയ്‌ത ഡീസൽ വേരിയന്റിന്റെ വില. എന്നാൽ 13.99 ലക്ഷം രൂപ ആണ് ഇവി പതിപ്പിന്റെ എൻട്രി വേരിയന്റിന്റെ വില. മഹാരാഷ്ട്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങൾക്ക് ഒരു ലക്ഷം രൂപ സബ്‌സിഡി നൽകുന്നതിനാലും റോഡ് ടാക്സ് പൂർണമായും എഴുതിത്തള്ളുന്നതിനാലും നെക്‌സോൺ ഇ.വിയുടെ ഓൺ-റോഡ് വില ഡീസൽ വേരിയന്റിന് വളരെ അടുത്താണ്. അതുകൊണ്ടുതന്നെ ആണ് പുതിയ ഉപഭോക്താക്കൾ കൂടുതലായി ഇവി തെരഞ്ഞെടുക്കുന്നത് എന്നാണ് സൂചന. പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനവിനെ തുടര്‍ന്ന് ഇന്ത്യൻ വാഹനവിപണിയിലെ നാടകീയമായ മാറ്റത്തെയാണ് ഈ പ്രവണത ചൂണ്ടിക്കാണിക്കുന്നത് എന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്. 

മൂന്ന് ശതമാനമാണ് നെക്സൺ ഇവികളുടെ വിപണി വിഹിതം. പെട്രോൾ, ഡീസൽ, ബാറ്ററി ഇലക്ട്രിക് എന്നിങ്ങനെ മൂന്ന് ഡ്രൈവ് ഓപ്ഷനുകളുള്ള ഇന്ത്യയിലെ രണ്ട് മോഡലുകളിൽ ഒന്നാണ് നെക്സോൺ ഇവി. ഇലക്ട്രിക് വാഹനങ്ങൾക്ക് സമഗ്രമായ ഡിമാൻഡ് പ്രോത്സാഹന പദ്ധതികൾ മഹാരാഷ്ട്രയും ഗുജറാത്തും ഏതാനും ആഴ്ചകൾക്കുമുമ്പ് പ്രഖ്യാപിച്ചിരുന്നു. ഒരു നെക്സൺ ഇവിക്ക് ഒരു കിലോമീറ്ററിന് ഒരു രൂപയിൽ താഴെ മാത്രമാണ് ഇന്ധന ചെലവും ഡീസൽ വേരിയന്റിന് കിലോമീറ്ററിന് 6 രൂപയോളം ചെലവ് വരാമെന്നാണ് ടാറ്റ മോട്ടോഴ്‌സ് രണ്ട് പവർട്രെയിനുകൾക്കും പങ്കിട്ട മൈലേജ് ഡാറ്റയിൽ സൂചിപ്പിക്കുന്നത്.

അടുത്തിടെ നെക്സോണ്‍ ഇവിയെ ടാറ്റ അല്‍പ്പം പരിഷ്‍കരിച്ചുന്നു. ടച്ച് സ്‍ക്രീനിലും പുതിയ അലോയി വീലുകള്‍ സ്ഥാപിച്ചതും ഉള്‍പ്പെടെയുള്ള പരിഷ്‍കാരങ്ങളാണ് ഈ ജൂണ്‍ മാസം ഒടുവില്‍ നെക്സോണ്‍ ഇവിക്ക് ലഭിച്ചത്.  7.0-ഇഞ്ച് ടച്ച്സ്ക്രീൻ യൂണിറ്റിന്റെ താഴെയായി ക്രമീകരിച്ചിരുന്ന ഡയലുകൾ ഒഴിവാക്കി പൂർണമായും ടച്ച് സ്‌ക്രീനാക്കി മാറ്റി. എസി വെന്റുകൾക്ക് കീഴെയായി സ്ഥാപിച്ചിരുന്ന ഡയലുകളുടെ സ്ഥാനത്ത് ഇപ്പോൾ നെക്‌സോൺ ബ്രാൻഡിങ് ആണ്.

എക്‌സ്റ്റീരിയറിൽ അലോയ് വീലിന്റെ ഡിസൈനിലാണ് മാറ്റം. ഡ്യുവൽ ടോൺ ഫിനിഷിൽ 5 സ്പോക്ക് അലോയ് വീൽ ആണ് പുതുതായി ഇടം പിടിച്ചിരിക്കുന്നത്. മേല്പറഞ്ഞ രണ്ട് മാറ്റങ്ങളും പെട്രോൾ, ഡീസൽ എഞ്ചിനുകളുള്ള നെക്‌സോൺ എസ്‌യുവിക്ക് സമാനമായാണ് പരിഷ്‍കരിച്ചിരിക്കുന്നത്.  XM, XZ+, XZ+ ലക്സ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളിൽ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്ന നെക്‌സോൺ ഇവിയ്ക്ക് യഥാക്രമം 13.99 ലക്ഷം, 14.99 ലക്ഷം, 15.99 ലക്ഷം എന്നിങ്ങനെയായിരുന്നു ലോഞ്ച് വില. ഈ വർഷത്തിന്റെ തുടക്കത്തിലും മെയ് മാസത്തിലുമായി രണ്ടു തവണ XM പതിപ്പ് ഒഴിച്ച് ബാക്കി രണ്ട് വേരിയന്റുകളുടെയും വില ടാറ്റ മോട്ടോർസ് വർദ്ധിപ്പിച്ചിരുന്നു. ഇതനുസരിച്ച് XZ+ പതിപ്പിന് 15.56 ലക്ഷം, XZ+ ലക്സ് പതിപ്പിന് 16.56 ലക്ഷം എന്നിങ്ങനെയാണ് വില.

ഈ മെയ് മാസത്തില്‍ വാഹനത്തിന് 16000 രൂപയുടെ വില വര്‍ദ്ധനവ് ലഭിച്ചിരുന്നു. വില വര്‍ധനവിന് ശേഷം നെക്സോണ്‍ ഇവി XZ + വേരിയന്റിന് 15.56 ലക്ഷം രൂപയും ടോപ്പ് സ്പെക്ക് XZ + LUX വേരിയന്റിന് 16.56 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില. ബേസ്-സ്‌പെക്ക് XM ട്രിമ്മുകളുടെ വില 13.99 ലക്ഷം രൂപയാണ്.  ഒറ്റ ചാർജിങ്ങിൽ 312 കിലോമീറ്റർ ദൂരം താണ്ടാനുള്ള ഈ വാഹനത്തിന്റെ ശേഷി ഓട്ടോമോട്ടീവ് റീസേർച്ച് അസോസിയേഷൻ ഓഫ് ഇന്ത്യ സെർട്ടിഫൈ ചെയ്തിട്ടുണ്ട്. കാര്യക്ഷമമായ ഉയർന്ന വോൾട്ടേജ് സംവിധാനം, വേഗതയേറിയ ചാർജിംഗ് ശേഷി, വിപുലീകൃത ബാറ്ററി ലൈഫ്, മുൻനിര സുരക്ഷാ സവിശേഷതകൾ. എന്നിവയും നെക്‌സോൺ ഇവിയുടെ സവിശേഷതകളാണ്. രാജ്യത്തെ  22 നഗരങ്ങളിലെ 60 അംഗീകൃത ഡീലർഷിപ്പുകളിലായി മൂന്ന് ട്രിം ലെവലുകളിൽ നെക്സൺ ഇവി ലഭ്യമാകും. സിഗ്നേച്ചർ ടീൽ ബ്ലൂ, മൂൺലിറ്റ് സിൽവർ, ഗ്ലേസിയർ വൈറ്റ് എന്നിങ്ങനെ ആകർഷകമായ മൂന്ന് കളർ ഓപ്ഷനുകളിൽ ഇത് ലഭ്യമാണ്.

നെക്‌സൺ ഇവിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന കരുത്തുറ്റതും ഉയർന്ന ക്ഷമതയുള്ളതുമായ 129 പിഎസ് പെർമനന്റ് മാഗ്നറ്റ് എസി മോട്ടോറിൽ ഉയർന്ന ശേഷിയുള്ള 30.2 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററി സജ്ജീകരിച്ചിരിക്കുന്നത്.  മോട്ടോർ 245 എൻ‌എം തൽക്ഷണ ടോർക്ക് നിലനിർത്തുന്നു, ഇത് വെറും 9.9 സെക്കൻഡിനുള്ളിൽ 0 മുതൽ 100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ നെക്‌സൺ ഇവിയെ പ്രാപ്‌തമാക്കുന്നു.  ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും. ഒമ്പത് മണിക്കൂറാണ് ബാറ്ററി പൂര്‍ണമായും ചാര്‍ജാവാനുള്ള സമയം. എന്നാല്‍, ഫാസ്റ്റ് ചാര്‍ജര്‍ ഉപയോഗിച്ച് ഒരു മണിക്കൂറില്‍ ബാറ്ററി 80 ശതമാനം ചാര്‍ജ് ചെയ്യാം.

നിരത്തിലും വിപണിയിലും ജനപ്രിയമായി കുതിച്ചുപായുകയാണ് നെക്സോണ്‍ ഇവി. നിരത്തിലെത്തി 14 മാസത്തിനകം വാഹനത്തിന്‍റെ 4000 യൂണിറ്റുകള്‍ വിറ്റിരുന്നു. നിരത്തിലെത്തി ഏഴു മാസത്തിനകം വിൽപന 1,000 യൂണിറ്റ് പിന്നിട്ടിരുന്നു. 2020 ഡിസംബറില്‍ വിൽപന 2,000 യൂണിറ്റും 2021 ജനുവരിയില്‍ 3000 യൂണിറ്റുകളും കടന്നു. മാർച്ച് അവസാനവാരത്തിലാണ് 4,000 യൂണിറ്റുകള്‍ പിന്നിട്ടത്. വൈദ്യുത വാഹനങ്ങളോടു പൊതുവെ പ്രത്യേകിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ വാഹനലോകത്ത് ചുരുങ്ങിയ കാലത്തിനകം ഈ നേട്ടം കൈവരിക്കുക എന്നത് എന്നതും ശ്രദ്ധേയമാണ്. ‌

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!