അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാൻ കാർ വെട്ടിച്ചു, ഇടിച്ചു കയറിയത് എബ്രഹാം ലിങ്കന്‍റെ വീട്ടില്‍!

By Web TeamFirst Published Jul 30, 2021, 10:37 AM IST
Highlights

ലിങ്കന്‍റെ ഹിങ്ഹാമിലെ വീട്ടിലേയ്ക്കാണ് നിയന്ത്രണം വിട്ട കാ‍ർ ഇടിച്ചു കയറിയതെന്ന് ഡയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു

ഡ്രൈവിംഗിനിടെ റോഡിനു കുറുകെ വന്ന അണ്ണാൻ കുഞ്ഞിനെ രക്ഷിക്കാനായി യുവതി കാ‍ർ വെട്ടിച്ചു. ഈ കാര്‍ ഇടിച്ചുകയറിയത് അമേരിക്കയുടെ 16-ാമത് പ്രസിഡന്റ് എബ്രഹാം ലിങ്കണിന്റെ വീട്ടിലേക്ക്. അമേരിക്കയിലെ മസാച്യുസെറ്റ്സില്‍ അടുത്തിടെയാണ് സംഭവം.

ലിങ്കന്‍റെ ഹിങ്ഹാമിലെ വീട്ടിലേയ്ക്കാണ് നിയന്ത്രണം വിട്ട കാ‍ർ ഇടിച്ചു കയറിയതെന്ന് ഡയിലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തിന്റെ ചിത്രങ്ങൾ ഹിങ്ഹാം പോലീസ് ഡിപ്പാർട്ട്‌മെന്റ് ട്വിറ്ററിൽ പങ്കുവച്ചു. എബ്രഹാം ലിങ്കണിന്റെ പൂർവ്വികരുടെ വകയായ ചരിത്ര ഭവനമാണ് കാ‍ർ ഇടിച്ചു കയറിയതിനെ തുട‍ർന്ന് ത‍കർന്നത്. വീടിന്റെ മുൻവശത്തുള്ള ഒരു മുറിയിലേയ്ക്കാണ് കാ‍ർ ഇടിച്ചു കയറിയത്. അപകടത്തിന് കാരണമായ വാഹനം 2014 മോഡൽ ഓഡി ക്യു 7 ആണെന്നാണ് റിപ്പോർട്ട്.

ഇടിയുടെ ആഘാതത്തില്‍ കാറിന്റെ പകുതി ഭാഗം വീടിനുള്ളിലേയ്ക്ക് പ്രവേശിച്ചിരുന്നു. കാ‍ർ ഓടിച്ചിരുന്നത് 19 കാരിയായ യുവതിയാണ്. ഡ്രൈവർക്കും വീടിനുള്ളിൽ താമസിക്കുന്നവർക്കും പരിക്കേറ്റിട്ടില്ലെന്ന് ഹിങ്ഹാം പോലീസ് പത്രക്കുറിപ്പിൽ അറിയിച്ചു. അണ്ണാൻ കുഞ്ഞിന്റെ ദേഹത്ത് വാഹനം കയറാതിരിക്കാൻ റോഡിന്റെ വലതുവശത്തേക്ക് വാഹനം വെട്ടിക്കുകയായിരുന്നുവെന്ന് യുവതി പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.  അപകടം നടക്കുമ്പോള്‍ യുവതി എത്ര വേഗത്തിൽ ആണ് ഔഡി ഡ്രൈവ് ചെയ്‍തിരുന്നത് എന്ന് വ്യക്തമല്ല. സാമുവൽ ലിങ്കൺ കോട്ടേജ് എന്നാണ് ഈ സ്‍മാരകം അറിയപ്പെടുന്നത്. 1650ൽ എബ്രഹാം ലിങ്കണിന്റെ പൂർവികരാണ് ഈ വീട് നിർമിച്ചത്. ചരിത്രവസതി അറ്റകുറ്റപ്പണി നടത്താനാണ് ഉടമകളുടെ തീരുമാനം. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!