നാഴികക്കല്ല് പിന്നിട്ട് ടാറ്റ നെക്‌സോണ്‍ ഇവി

By Web TeamFirst Published Dec 4, 2020, 3:44 PM IST
Highlights

ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവി 2000 കാറുകള്‍ വിറ്റഴിച്ച് നാഴികക്കല്ല് പിന്നിട്ടു

മുംബൈ: ഇലക്ട്രിക് കാറായ ടാറ്റ നെക്‌സോണ്‍ ഇവി 2000 കാറുകള്‍ വിറ്റഴിച്ച് നാഴികക്കല്ല് പിന്നിട്ടു. പുറത്തിറങ്ങി 10 മാസത്തിനുള്ളില്‍, 2020 നവംബര്‍ വരെയുള്ള നെക്‌സണ്‍ ഇവിയുടെ വില്‍പ്പന 2200 യൂണിറ്റിലെത്തിയെന്ന് കമ്പനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. 

ഇത് വ്യക്തിഗത കാര്‍ വിഭാഗത്തില്‍ ഇവികള്‍ക്കുള്ള ഉയര്‍ന്ന ഡിമാന്‍ഡിനെ സൂചിപ്പിക്കുന്നതായി കമ്പനി പറയുന്നു. ഈ വര്‍ഷം ഓഗസ്റ്റോടെ 1000 കാറുകള്‍ പുറത്തിറക്കിയ നെക്‌സണ്‍ ഇവി തുടര്‍ന്നുള്ള മൂന്നു മാസമെന്ന റെക്കോര്‍ഡ് സമയത്തിനുള്ളില്‍ (സെപ്റ്റംബര്‍-നവംബര്‍ 2020) 1000 യൂണിറ്റുകള്‍ വിറ്റഴിച്ചു. ശ്രദ്ധേയമായ മൂല്യ നിര്‍ണയത്തോടെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ഇലക്ട്രിക് കാറായി നെക്‌സണ്‍ ഇവി മാറി. നിലവില്‍ 74 ശതമാനം വിപണി വിഹിതവുമായി ടാറ്റ മോട്ടോഴ്‌സ് ഇവി വിഭാഗത്തില്‍ മുന്നിലാണ്. ഇന്ത്യയുടെ സ്വന്തം ഇലക്ട്രിക് എസ്‌യുവിയായ ടാറ്റ നെക്‌സോണ്‍ ഇവിക്ക് ഉപഭോക്താക്കളില്‍ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണത്തിന്റെ തെളിവാണ് ഈ നേട്ടമെന്നും കമ്പനി അവകാശപ്പെടുന്നു.

ഉപഭോക്താക്കളില്‍ നിന്നുള്ള മികച്ച പ്രതികരണത്തില്‍ നന്ദി രേഖപ്പെടുത്തുന്നതായി ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍ ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞു. ഇന്ത്യയില്‍ ഇവികള്‍ സ്വീകരിക്കപ്പെടുന്നത് ത്വരിതപ്പെടുത്താനുള്ള യാത്രയില്‍ ഞങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്നവര്‍ക്കും ഇത് വളരെ അഭിമാനകരമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ടാറ്റ നെക്‌സണ്‍ ഇവി പുറത്തിറങ്ങിയ ശേഷം രാജ്യത്തിന്റെ മുഴുവന്‍ സങ്കല്‍പ്പങ്ങളെയും പിടിച്ചെടുക്കുകയും വൈദ്യുത വാഹന ശ്രേണിയിലേക്ക് നിരന്തരം നയിക്കുകയും ചെയ്തു. ആവേശകരമായ പ്രകടനം, സീറോ എമിഷന്‍സ് കണക്ടഡ് ഡ്രൈവ് എക്‌സ്പീരിയന്‍സ്, ആകര്‍ഷകമായ വിലനിര്‍ണ്ണയം എന്നിവ വാഗ്ദാനം ചെയ്യുന്ന നെക്‌സണ്‍ ഇവി ഉപഭോക്താക്കളില്‍ വ്യാപകമായ സ്വീകാര്യത കണ്ടെത്തി. വര്‍ദ്ധിച്ചുവരുന്ന അവബോധം, വികസിച്ചുവരുന്ന ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍, സര്‍ക്കാര്‍ പ്രോത്സാഹനങ്ങള്‍, ഇവികളെ ചുറ്റിപ്പറ്റിയുള്ള മിഥ്യാധാരണകള്‍, ഇതോടൊപ്പം ഏറ്റവും പ്രധാനമായി ഇത് വാഗ്ദാനം ചെയ്യുന്ന എതിരില്ലാത്ത ആനുകൂല്യങ്ങള്‍ അതായത് കുറഞ്ഞ പ്രവര്‍ത്തനച്ചെലവ് എന്നിവയാണ് ഈ വര്‍ദ്ധിച്ചുവരുന്ന ആവശ്യത്തിന്റെ പിന്നിലുള്ളത്. കൂടാതെ, രജിസ്‌ട്രേഷന്‍, റോഡ് ടാക്‌സ് എന്നിവ പോലുള്ള ആനുകൂല്യങ്ങളുടെ കാര്യത്തില്‍ സര്‍ക്കാരിന്റെ തുടര്‍ച്ചയായ പിന്തുണയോടെ ഇവികള്‍ ഉടന്‍ തന്നെ ഇന്ത്യയിലെ ഉപഭോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിലഷണീയവും മുഖ്യധാരാ തിരഞ്ഞെടുപ്പുമായി മാറുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ, ഇന്ത്യയില്‍ ഇവികളുടെ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതിന് ടാറ്റാ മോട്ടോഴ്‌സ്, മറ്റ് ടാറ്റ ഗ്രൂപ്പ് കമ്പനികളുടെ കരുത്തും അനുഭവവും സമന്വയിപ്പിക്കുന്ന ഒരു സമഗ്ര ഇ-മൊബിലിറ്റി ഇക്കോസിസ്റ്റമായ 'ടാറ്റ യൂണിവേര്‍സ്' അവതരിപ്പിച്ചു. ടാറ്റാ യൂണിവേര്‍സിലൂടെ ഉപഭോക്താക്കള്‍ക്ക് ചാര്‍ജിംഗ് സൊല്യൂഷനുകള്‍, നൂതന റീട്ടെയില്‍ അനുഭവങ്ങള്‍, എളുപ്പത്തിലുള്ള ധനസഹായ ഓപ്ഷനുകള്‍ എന്നിവ ഉള്‍പ്പെടെയുള്ള ഇ-മൊബിലിറ്റി ഓഫറുകളിലേക്ക് പ്രവേശനം ലഭിക്കും. 

click me!