1,000 പൊതു ഇവി ചാർജിംഗ് പോയിന്‍റുകളുമായി ടാറ്റ പവർ

By Web TeamFirst Published Oct 28, 2021, 3:20 PM IST
Highlights

കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി അതിവേഗം തങ്ങളുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വിപുലീകരിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു

രാജ്യത്തുടനീളം 1,000 ഇലക്ട്രിക് വാഹന ചാർജിംഗ് സ്റ്റേഷനുകളുടെ ശൃംഖലയുണ്ടെന്ന് പ്രഖ്യാപിച്ച് രാജ്യത്തെ ഏറ്റവും വലിയ ഇന്റഗ്രേറ്റഡ് പവർ കമ്പനിയായ ടാറ്റ പവർ (Tata Power). കഴിഞ്ഞ മൂന്ന് മാസത്തിനിടെ കമ്പനി അതിവേഗം തങ്ങളുടെ ചാര്‍ജ്ജിംഗ് സ്റ്റേഷനുകളുടെ എണ്ണം വിപുലീകരിച്ചതായി ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ജൂലൈയിൽ, ടാറ്റ പവർ HPCL-മായി പങ്കാളിത്തം പ്രഖ്യാപിച്ചപ്പോൾ ഏകദേശം 100 നഗരങ്ങളിലായി 500 ഓളം ഇവി ചാർജിംഗ് സ്റ്റേഷനുകൾ മാത്രം ഉണ്ടായിരുന്ന സ്ഥാനത്താണ് ഈ വളര്‍ച്ച എന്നാണ് റിപ്പോര്‍ട്ടുകള്‍. 

മുംബൈയിലാണ് ആദ്യമായി ടാറ്റ ഇവി ചാർജറുകൾ സ്ഥാപിച്ചത്. ഇപ്പോൾ അവർ ഏകദേശം 180 നഗരങ്ങളിലെ ഒന്നിലധികം സംസ്ഥാന- ദേശീയ പാതകളിലും വിവിധ മാർക്കറ്റ് സെഗ്‌മെന്റുകളിലും സാനിധ്യമുണ്ട്. രാജ്യത്തെ വിവിധ ഹൈവേകളിൽ 10,000 ചാർജിംഗ് സ്റ്റേഷനുകൾ കൂടി സ്ഥാപിക്കാനും അതുവഴി അവയെ ഇ-ഹൈവേകളാക്കി മാറ്റാനും കമ്പനി പദ്ധതിയിടുന്നുണ്ടെന്നും ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പൊതു ഇവി ചാർജിംഗ് സ്റ്റേഷനുകളുടെ ശക്തമായ ഈ 1,000 ശൃംഖല ഓഫീസുകൾ, മാളുകൾ, ഹോട്ടലുകൾ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ, പൊതു പ്രവേശന സ്ഥലങ്ങൾ എന്നിങ്ങനെ വിവിധ സ്ഥലങ്ങളിൽ വ്യാപിച്ചിരിക്കുന്നു. ടാറ്റ പവർ ഇസെഡ് ചാർജ് മൊബൈൽ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ചാർജിംഗ് പ്രവർത്തനക്ഷമമാക്കിയിരിക്കുന്നു. വാസ്‍തവത്തിൽ പൊതു ചാർജിംഗ്, ക്യാപ്‌റ്റീവ് ചാർജിംഗ്, വീട്, ജോലിസ്ഥലത്ത് ചാർജിംഗ്, ബസുകൾക്കുള്ള അൾട്രാ റാപ്പിഡ് ചാർജറുകൾ ഉള്‍പ്പെടെ ഇവി ഇക്കോ സിസ്റ്റത്തിന്റെ എല്ലാ സെഗ്‌മെന്റുകളിലും ടാറ്റ പവറിന്‍റെ സാനിധ്യമുണ്ട്.

ടാറ്റ മോട്ടോഴ്‌സ്, എംജി മോട്ടോഴ്‌സ് ഇന്ത്യ, ജാഗ്വാർ ലാൻഡ് റോവർ, ടിവിഎസ് മോട്ടോർ തുടങ്ങിയ വാഹന നിർമ്മാതാക്കളുമായി ടാറ്റ പവർ സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. തങ്ങളുടെ വിവിധ ഉപഭോക്താക്കൾക്കും ഡീലർമാർക്കുമായി ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ വികസിപ്പിക്കുകയാണ് കമ്പനി. ഒന്നിലധികം സംസ്ഥാന ട്രാൻസ്പോർട്ട് യൂട്ടിലിറ്റികളുമായുള്ള പങ്കാളിത്തം ഇ-ബസ് ചാർജ്ജിംഗ് സുഗമമാക്കുന്നതിനും ഹരിത പൊതുഗതാഗതത്തിന്‍റെ ശക്തി വർദ്ധിപ്പിക്കുന്നതിനും സഹായിക്കുമെന്നും കമ്പനി പറയുന്നു. ഇവി ചാർജിംഗ് ഇൻഫ്രാസ്ട്രക്ചർ (ഇവിസിഐ) വികസിപ്പിക്കുന്നതിനായി ടാറ്റ പവർ ഐഒസിഎൽ, എച്ച്പിസിഎൽ, ഐജിഎൽ, എംജിഎൽ, ഒന്നിലധികം സംസ്ഥാന സർക്കാരുകൾ എന്നിവയുമായി സജീവമായി സഹകരിക്കുന്നുണ്ട്.

പ്രധാന നഗരങ്ങളിലും മെട്രോകളിലും, ഇലക്ട്രിക് ത്രീ-വീലർ, ടൂ വീലർ ചാർജിംഗ് വിപണിയിലേക്ക് പദ്ധതികള്‍ വിപുലീകരിച്ചുകൊണ്ടിരിക്കുകയാണ് ടാറ്റ പവര്‍. ഈ മാസം ആദ്യം, ടാറ്റ പവറും ടിവിഎസ് മോട്ടോറും ഇന്ത്യയിലുടനീളം EVCI സമഗ്രമായി നടപ്പിലാക്കുന്നതിനും ടിവിഎസ് മോട്ടോർ ലൊക്കേഷനുകളിൽ സൗരോർജ്ജ സാങ്കേതികവിദ്യകൾ വിന്യസിക്കുന്നതിനുമുള്ള തന്ത്രപരമായ പങ്കാളിത്തത്തിൽ ഒപ്പുവച്ചിരുന്നു.

ജൂലൈയിൽ, ടാറ്റ പവറും ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡും (എച്ച്‌പിസിഎൽ) ചേർന്ന് രാജ്യത്തുടനീളമുള്ള ഒന്നിലധികം നഗരങ്ങളിലും പ്രധാന ഹൈവേകളിലും എച്ച്‌പിസിഎല്ലിന്റെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ എൻഡ്-ടു-എൻഡ് ഇവി ചാർജിംഗ് സ്റ്റേഷനുകളും ലഭ്യമാക്കിയിരുന്നു. 

click me!