വിപണിയില്‍ വന്‍ കുതിപ്പുമായി ടാറ്റ

By Web TeamFirst Published Aug 1, 2020, 7:14 PM IST
Highlights

ആഭ്യന്തര വാഹന വിപണിയിൽ വന്‍കുതിപ്പുമായി ടാറ്റ മോട്ടോഴ്‍സ്. 

ആഭ്യന്തര വാഹന വിപണിയിൽ വന്‍കുതിപ്പുമായി ടാറ്റ മോട്ടോഴ്‍സ്. 15,012 യൂണിറ്റുകൾ വിറ്റഴിച്ച് ശക്തമായ വിൽപ്പനയാണ് 2020 ജൂലൈ മാസം ടാറ്റ മോട്ടോഴ്‍സ് കൈവരിച്ചിരിക്കുന്നത്. 2019 ലെ ഇതേ കാലയളവുമായി താരതമ്യപ്പെടുത്തുമ്പോൾ  4,527 യൂണിറ്റ് വളർച്ചയാണ് കമ്പനി രേഖപ്പെടുത്തുന്നത്.

ഇത് പ്രതിവർഷ വിൽപ്പനയിലെ 43 ശതമാനത്തിന്റെ വർധനവാണ് ചൂണ്ടിക്കാണിക്കുന്നത്. അതോടൊപ്പം ഇന്ത്യൻ വിപണിയിലെ ജൂലൈ മാസത്തെ വിൽപ്പനയിൽ മൂന്നാം സ്ഥാനത്തെത്താനും ടാറ്റയ്ക്ക് സാധിച്ചു.  മാരുതി സുസുക്കി, ഹ്യുണ്ടായി തുടങ്ങിയവരാണ് ഒന്നും രണ്ടും സ്ഥാനത്ത്. 

2019 ജൂലൈയിലെ 5.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ബ്രാൻഡിന്റെ വിപണി വിഹിതം 7.6 ശതമാനമായി ഉയർന്നു. പ്രതിമാസ വിൽപ്പന വളർച്ച 31 ശതമാനം ഉയർന്ന നിലവാരത്തിലാണ്. ടിയാഗൊ, ടിഗൊർ, നെക്സോൺ എന്നിവ മുൻ‌നിരയിലെത്തിയതോടെ ടാറ്റ 2020-ൽ പുതിയ മോഡലുകളും നിരത്തിലെത്തിച്ചു.

അതേസമയം ആഗോളവിപണിയില്‍ നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ത്രൈമാസപാദത്തില്‍ 8,438 കോടി രൂപയുടെ നഷ്‍ടമാണ് ടാറ്റ മോട്ടോഴ്‌സിന് സംഭവിച്ചത്. കഴിഞ്ഞവര്‍ഷം ഇതേകാലയളവില്‍ 3,689 കോടി രൂപയായിരുന്നു ടാറ്റ നേരിട്ടിരുന്ന നഷ്ടം. കൊറോണ വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ ആണ് കമ്പനിക്ക് ആഘാതമായത്. 

എന്നാല്‍ ചൈനയിലും അമേരിക്കയിലും ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ നടത്തിയ ഭേദപ്പെട്ട വില്‍പ്പന ടാറ്റയ്ക്ക് കൈത്താങ്ങാവുന്നുണ്ട്. ചൈനയില്‍ ചെറി ഓട്ടോമൊബീല്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡുമായി ചേര്‍ന്നാണ് ജാഗ്വാര്‍ ലാന്‍ഡ് റോവറിനെ ടാറ്റ വില്‍ക്കുന്നത്. ജൂണ്‍ പാദം പിന്നിടുമ്പോള്‍ 16,513 ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ യൂണിറ്റുകള്‍ വില്‍ക്കാന്‍ കമ്പനിക്ക് കഴിഞ്ഞു. 

click me!