'കാലം നോക്കി കൃഷി, മേളം നോക്കി ചാട്ടം'; ടാറ്റയുടെ പണിപ്പുരയില്‍ ഒരുങ്ങുന്നത് പുതിയ തന്ത്രങ്ങള്‍!

By Web TeamFirst Published Sep 10, 2021, 2:02 PM IST
Highlights

 വന്‍ പദ്ധതികളാണ് ടാറ്റയുടെ അണിയറയില്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍

രാജ്യം നിശബ്‍ദമായ ഒരു ഇവി വിപ്ലവത്തിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയില്‍ ആധിപത്യം നേടാനുള്ള പദ്ധതിയുടെ ഒരുക്കത്തിലാണ് ടാറ്റാ മോട്ടോഴ്‌സ്. ഇതിന്റെ മുന്നോടിയായി വന്‍ പദ്ധതികളാണ് അണിയറയിലൊരുങ്ങുന്നത് എന്ന് മോട്ടോര്‍ ബീം റിപ്പോര്‍ട്ട് ചെയ്യുന്നു. 

2025 ഓടെ 10 ഇവികള്‍ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് ടാറ്റ എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആകെ വില്‍പ്പനയില്‍ ഇവികളുടെ പങ്കാളിത്തം 25 ശതമാനമാക്കി ഉയര്‍ത്തുമെന്ന് ടാറ്റ മോട്ടോഴ്‌സ് വ്യക്തമാക്കി. നിലവില്‍ ഇന്ത്യയിലെ ഇലക്ട്രിക് വാഹന വിപണിയില്‍ മുന്‍നിരയിലുള്ളത് ടാറ്റ മോട്ടേഴ്‌സ് തന്നെയാണ്. 70 ശതമാനത്തോളം പങ്കാളിത്തമാണ് ടാറ്റ മോട്ടോഴ്‌സിനുള്ളത്. മിക്ക കാര്‍ നിര്‍മാതാക്കളും തങ്ങളുടെ ആദ്യ ഇലക്ട്രിക് കാര്‍ പോലും പുറത്തിറക്കാത്ത സമയത്താണ് ടാറ്റ രണ്ടാമത്തെ ഇവിയായ ടിഗോര്‍ പുറത്തിറക്കിയത്. നിലവില്‍ നെക്‌സോണ്‍ ഇവി, ടിഗോര്‍ ഇവി എന്നിവയാണ് ടാറ്റയുടെ ഇലക്ട്രിക് വാഹന ശ്രേണി. 

അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ വാഹന ശ്രേണിയില്‍ 25 ശതമാനം ഇലക്ട്രിക് വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നതെന്ന് ടാറ്റ മോട്ടോഴ്‌സിന്റെ പാസഞ്ചര്‍ വെഹിക്കിള്‍സ് ബിസിനസ് യൂണിറ്റ് പ്രസിഡന്റ് ശൈലേഷ് ചന്ദ്ര പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. സബ് കോംപാക്ട് എസ്‌യുവികളുടെ ഇലക്ട്രിക് പതിപ്പുകള്‍ അവതരിപ്പിക്കാന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് സാധിച്ചിട്ടുണ്ട്. എന്നിരുന്നാലും, വലിയ എസ്‌യുവികളെ ഈ നിരയിലേക്ക് കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല. ഇത്തരം വാഹനങ്ങള്‍ ദീര്‍ഘദൂര യാത്രകള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും അതിനാല്‍ വലിയ ബാറ്ററി പായ്ക്കുകള്‍ ആവശ്യമായി വരുമെന്നും അദ്ദേഹം പറഞ്ഞു. ബാറ്ററി വില കുറയുമ്പോള്‍, അത് വലിയ എസ്യുവി വിഭാഗങ്ങളിലും അവസരങ്ങള്‍ സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യത്തെ ഇലക്ട്രിക് വാഹന ശ്രേണിയിൽ വിപ്ലവം സൃഷ്‍ടിച്ചുകൊണ്ട് 2020 ജനുവരിയിലാണ് ടാറ്റ നെക്സോണ്‍ ഇവി ഇന്ത്യന്‍ വിപണിയില്‍ എത്തുന്നത്. തുടക്കം മുതല്‍ വിപണിയില്‍ മികച്ച പ്രതികരണമുള്ള വാഹനം ഇപ്പോള്‍ നെക്സോണ്‍ ഡീസല്‍ വേരിയന്‍റിനെ കടത്തിവെട്ടി മുന്നേറുകയാണ്.  നിരത്തിലെത്തി 14 മാസത്തിനകം വാഹനത്തിന്‍റെ 4000 യൂണിറ്റുകള്‍ വിറ്റിരുന്നു. നിരത്തിലെത്തി ഏഴു മാസത്തിനകം വിൽപന 1,000 യൂണിറ്റ് പിന്നിട്ടിരുന്നു. 2020 ഡിസംബറില്‍ വിൽപന 2,000 യൂണിറ്റും 2021 ജനുവരിയില്‍ 3000 യൂണിറ്റുകളും കടന്നു. മാർച്ച് അവസാനവാരത്തിലാണ് 4,000 യൂണിറ്റുകള്‍ പിന്നിട്ടത്. വൈദ്യുത വാഹനങ്ങളോടു പൊതുവെ പ്രത്യേകിച്ച് താല്‍പ്പര്യം പ്രകടിപ്പിക്കാത്ത ഇന്ത്യൻ വാഹനലോകത്ത് ചുരുങ്ങിയ കാലത്തിനകം ഈ നേട്ടം കൈവരിക്കുക എന്നത് എന്നതും ശ്രദ്ധേയമാണ്. ‌

നെക്സോണിലെ സിപ്ട്രോൺ പവർട്രെയിൻ ഉപയോഗപ്പെടുത്തി പരിഷ്‍കരിച്ച ടിഗോർ ഇവിയെ അടുത്തിടെയാണ് ടാറ്റാ മോട്ടോഴ്‍സ് വിപണിയില്‍ അവതരിപ്പിച്ചത്.  കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കൂടുതല്‍ റേഞ്ച് നല്‍കുന്ന ഇലക്ട്രിക് വാഹനം എന്ന വിശേഷണത്തോടെ ഓഗസ്റ്റ് 31നാണ് പുത്തന്‍ ടിഗോര്‍ ഇവി വിപണിയില്‍ എത്തിയത്. നാല് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 11.99 ലക്ഷം രൂപ മുതല്‍ 12.99 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറും വില. മികച്ച സുരക്ഷയും പുതിയ ടിഗോര്‍ ഇവി വാഗ്‍ദാനം ചെയ്യുന്നു. ഗ്ലോബര്‍ എന്‍ക്യാപ് ക്രാഷ് ടെസ്റ്റില്‍ ഫോര്‍ സ്റ്റാര്‍ റേറ്റിംഗ് നേടിയാണ് ടിഗോര്‍ ഇവി സുരക്ഷ തെളിയിച്ചത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

click me!