ലോക്ക് ഡൗണ്‍; ഓര്‍ഡര്‍ ചെയ്‍താല്‍ ടാറ്റയുടെ പുത്തന്‍ വണ്ടി വീട്ടിലെത്തും!

By Web TeamFirst Published Apr 3, 2020, 2:35 PM IST
Highlights

വാഹനങ്ങളുടെ ഹോം ഡെലിവറിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‍സ്.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ലോക്ക്ഡൗണിലാണ് രാജ്യം. ഈ സാഹചര്യത്തില്‍ വാഹനങ്ങളുടെ ഹോം ഡെലിവറിയുമായി എത്തിയിരിക്കുകയാണ് ടാറ്റാ മോട്ടോഴ്‍സ്.

വെബ്‌സൈറ്റിലൂടെ എങ്ങനെ വാഹനം വാങ്ങാനാകുമെന്ന പ്രക്രിയയെക്കുറിച്ച് ഒരു വീഡിയോയിലൂടെ ടാറ്റ മോട്ടോർസ് വ്യക്തമായി വിശദീകരിക്കുന്നു. 

വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ ടാറ്റയുടെ ഔദ്യോഗിക വെബ്‌സൈറ്റിലെത്തി സ്ഥലവും ഡീലര്‍ഷിപ്പും തിരഞ്ഞെടുത്ത് വാഹനം ബുക്കുചെയ്യുക. ഈ സമയത്ത് തന്നെ അഡ്വാന്‍സ് തുക ഈടാക്കും. ഏറ്റവും ചെറിയ വാഹനമായ ടിയോഗോയ്ക്ക് 5000 രൂപയും ടാറ്റയുടെ ഏറ്റവും ഉയര്‍ന്ന വാഹനമായ ഹാരിയറിന് 30,000 രൂപയുമാണ് അഡ്വാന്‍സ് തുകയായി ഈടാക്കുന്നത്. 

ബുക്കിങ്ങ് കഴിഞ്ഞാല്‍ നിങ്ങള്‍ തിരഞ്ഞെടുത്ത ഡീലര്‍ നിങ്ങളെ വിളിക്കുകയും ഓഫറുകളും ഫിനാന്‍സ് സൗകര്യങ്ങളും മറ്റും വിശദീകരിക്കുകയും ചെയ്യും. ഇ-മെയില്‍ സന്ദേശങ്ങളിലൂടെയും വീഡിയോ കോളിലൂടെയുമായിരിക്കും ഈ ഇടപാടുകള്‍ നടക്കുക. ഒപ്രക്രിയ പൂർത്തിയാക്കി നിങ്ങൾക്ക് ഒരു ഡെലിവറി തീയതി ലഭിച്ചുകഴിഞ്ഞാൽ ഡീലർഷിപ്പിൽ നിന്ന് കാർ എടുക്കാം അല്ലെങ്കിൽ അത് ഹോം ഡെലിവറി ചെയ്യാനുള്ള ഓപ്ഷനും ഉണ്ട്.

ടാറ്റയുടെ ബിഎസ്-4 വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനാണ് ഈ സംവിധാനം തുറന്നിരിക്കുന്നത്. ബിഎസ്-4 എന്‍ജിനിലുള്ള വാഹനങ്ങള്‍ വിറ്റഴിക്കുന്നതിനുള്ള സമയപരിധി ലോക്ക് ഡൗണ്‍ കഴിഞ്ഞുള്ള 10 ദിവസത്തേക്ക് കൂടി അനുവദിച്ചതിനെ തുടര്‍ന്നാണ് ടാറ്റ മോട്ടോഴ്‌സ് ഈ മാര്‍ഗം സ്വീകരിച്ചിരിക്കുന്നത്. മറ്റ് കമ്പനികളും ഉടന്‍ ഈ സംവിധാനം നടപ്പാക്കുമെന്നാണ് സൂചന.

click me!