ചൈനയിൽ ടെസ്‌ല തകർന്നടിയുന്നു, ഇലോൺ മസ്‍കിനെ തൂക്കിയടിച്ച് ഈ കമ്പനി!

Published : Mar 10, 2025, 01:52 PM IST
ചൈനയിൽ ടെസ്‌ല തകർന്നടിയുന്നു, ഇലോൺ മസ്‍കിനെ തൂക്കിയടിച്ച് ഈ കമ്പനി!

Synopsis

ലോകത്തിലെ ഏറ്റവും വലിയ വാഹന വിപണിയായ ചൈനയിൽ ടെസ്‌ലയുടെ വിൽപ്പനയിൽ ഗണ്യമായ കുറവ്. അതേസമയം, ചൈനീസ് വാഹന നിർമ്മാതാക്കളായ ബി വൈ ഡി വിപണിയിൽ മുന്നേറ്റം നടത്തുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ ഇലോൺ മസ്‍കിന്‍റെ ഉടമസ്ഥതയിലുള്ള അമേരിക്കൻ ഇലക്ട്രിക്ക് വാഹന ഭീമനാണ് ടെസ്‍ല. ചൈന ഉൾപ്പെടെ ലോകത്തിലെ വമ്പൻ വാഹന വിപണികളിൽ ടെസ്‍ലയ്ക്ക് സജീവ സാനിധ്യമുണ്ട്. എന്നാൽ ഇപ്പോഴിതാ, ടെസ്‍ലയ്ക്ക് ചൈനയിൽ വൻ തിരിച്ചടി എന്നാണ് പുതിയ റിപ്പോർട്ടുകൾ. ചൈനയിൽ കമ്പനി കഴിഞ്ഞ അഞ്ച് മാസമായി തുടർച്ചയായി വിൽപ്പനയിൽ പിന്നോട്ട് പോകുകയാണെന്ന് രാജ്യത്തെ പാസഞ്ചർ കാർ അസോസിയേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. ഫെബ്രുവരിയിൽ ടെസ്‌ലയുടെ കയറ്റുമതി മുൻ വർഷത്തെ അപേക്ഷിച്ച് 49 ശതമാനം ഇടിഞ്ഞ് 30,688 വാഹനങ്ങളായി. കൊവിഡ് കാലത്ത് 2022 ജൂലൈയിൽ 28,217 ഇലക്ട്രിക് വാഹനങ്ങൾ മാത്രം കയറ്റുമതി ചെയ്തതിനു ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിമാസ കണക്കാണിതെന്നാണ് റിപ്പോർട്ടുകൾ. 

ചൈനയിൽ ടെസ്‌ലയുടെ വിപണി വിഹിതം അഞ്ച ശതമാനത്തിൽ താഴെയാണ്. അതേസമയം ചൈനീസ് വാഹന ഭീമനായ ബിവൈഡി (ബിൽഡ് യുവർ ഡ്രീംസ്) വിപണി വിഹിതം 15 ശതമാനത്തിലേക്ക് നീങ്ങുന്നു. കഴിഞ്ഞ മാസം ബിവൈഡി 318,000 ൽ അധികം വാഹനങ്ങൾ വിറ്റു, ഇത് കഴിഞ്ഞ വർഷത്തേക്കാൾ 161% കൂടുതലാണ്. വിപണിയിൽ ടെസ്‌ലയുടെ സ്ഥാനം ബിവൈഡി സ്വന്തമാക്കാൻ തുടങ്ങിയിട്ടുണ്ടെന്നാണ് സൂചനകൾ. കഴിഞ്ഞ മാസം 318,000-ത്തിലധികം പൂർണ്ണമായും ഇലക്ട്രിക്, ഹൈബ്രിഡ് പാസഞ്ചർ വാഹനങ്ങൾ വിറ്റഴിച്ചു, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 161 ശതമാനം വർധനവാണ്. ഷെൻ‌ഷെൻ ആസ്ഥാനമായുള്ള കാർ നിർമ്മാതാക്കളായ ബിവൈഡി വിദേശ വിൽപ്പനയിൽ മറ്റൊരു റെക്കോർഡ് മാസവും കുറിച്ചു.  67,025 യൂണിറ്റായിരുന്നു വിദേശത്തെ വിൽപ്പന കണക്കുകൾ. 

അതേസമയം ടെസ്‍ല ഉടമ ഇലോൺ മസ്‌ക് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുമ്പോൾ ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ ടെസ്‌ല വിൽപ്പന കുത്തനെ ഇടിയുകയാണ് എന്നതാണ് ശ്രദ്ധേയം. ജർമ്മനിയിലെ ടെസ്‍ലയുടെ വിൽപ്പന കഴിഞ്ഞ മാസം 76 ശതമാനം ഇടിഞ്ഞ് 1,429 കാറുകളായി. മൊത്തത്തിലുള്ള ഇലക്ട്രിക് വാഹന രജിസ്ട്രേഷനുകൾ കുതിച്ചുയർന്നപ്പോഴും ചൈനയിലും കമ്പനി താഴേക്കാണ് പോകുന്നത്.  ചൈന ഓട്ടോമോട്ടീവ് ടെക്‌നോളജി ആൻഡ് റിസർച്ച് സെന്റർ തയ്യാറാക്കിയ കണക്കുകൾ പ്രകാരം, വർഷാവസാന ഡാറ്റ പ്രകാരം ആഭ്യന്തര വിൽപ്പനയിൽ ടെസ്‌ലയുടെ വിഹിതം 2.6 ശതമാനമാണ്. ഇത് 12 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്.

ടെസ്‌ല ഷാങ്ഹായിൽ നിർമ്മിക്കുന്ന രണ്ട് വാഹനങ്ങളായ മോഡൽ Y, മോഡൽ 3 എന്നിവയുടെ വില വളരെ വലുതാണ്. ഒരെണ്ണം വാങ്ങുന്നതിന് ഇപ്പോഴും ശരാശരി 33,500 ഡോളർ ചിലവാകും. അതേസമയം ഈ വർഷം ചൈനയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ബിവൈഡി മോഡലായ സോങ്ങ് പ്ലസ് എന്ന സ്പോർട്ടി ഹാച്ച്ബാക്കിന്റെ സ്റ്റിക്കർ വില കാറിന്റെ സവിശേഷതകൾ അനുസരിച്ച് എട്ട് ശതമാനം മുതൽ 18 ശതമാനം വരെ കുറച്ചു. ഏറ്റവും വിലകൂടിയ സോങ്ങ് പ്ലസ് ഇവിയുടെ വില ഏകദേശം 21,000 ഡോളർ ആണ് . അതായത് ഒരു ടെസ്‌ല കാറിനെക്കാൾ വളരെ വിലകുറഞ്ഞതാണ് ബിവൈഡി മോഡലെന്ന് ചുരുക്കം. ബിവൈഡിയുടെ മറ്റൊരു ജനപ്രിയ മോഡലായ സീഗളിന് ഈ വർഷം ഏകദേശം 82,435 ഉപഭോക്താക്കളെ ലഭിച്ചു. ഈ കാർ ഏകദേശം 9,900 ഡോളർ വിലയിൽ ലഭ്യമാണ്.

ആഭ്യന്തര ഡ്രൈവിംഗ് സാഹചര്യങ്ങൾക്ക് അനുയോജ്യമായ പ്രാദേശികവൽക്കരിച്ച സോഫ്റ്റ്‌വെയറിന്റെ കാര്യത്തിലും ചൈനീസ് കാർ നിർമ്മാതാക്കളായ ബിവൈഡി മികച്ച രീതിയിൽ മുന്നേറിയിട്ടുണ്ട്. ഈ വർഷം ആദ്യം ബിവൈഡി തങ്ങളുടെ വിലകുറഞ്ഞ ചില കാറുകളിൽ പോലും ഗോഡ്‌സ് ഐ സാങ്കേതികവിദ്യ ഉൾപ്പെടുത്തി ഡ്രൈവർ സഹായ സംവിധാനത്തെ കൂടുതൽ ജനങ്ങളിലേക്ക് എത്തിക്കുകയാണെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ ലെയ്ൻ കീപ്പിംഗ്, അഡാപ്റ്റീവ് ക്രൂയിസ് കൺട്രോൾ തുടങ്ങിയ സവിശേഷതകൾ ഇടത്തരം മുതൽ ഉയർന്ന നിലവാരമുള്ള മോഡലുകൾ വാങ്ങാൻ കഴിയുന്ന ആളുകൾക്ക് ഉൾപ്പെടെ എല്ലാവർക്കും ഉപയോഗിക്കാം.

വിപണി വിഹിതം അനുസരിച്ച് ചൈനയിലെ നാലാം സ്ഥാനത്തുള്ള കാർ നിർമ്മാതാക്കളായ ഗീലി ഓട്ടോമൊബൈൽ ഹോൾഡിംഗ്സ് ലിമിറ്റഡ്, ഗാലക്സി, സീക്കർ, ലിങ്ക് എന്നിവയുൾപ്പെടെ എല്ലാ ബ്രാൻഡുകളിലും എഐ പവർ പൈലറ്റ് സിസ്റ്റം ചേർക്കുമെന്ന് കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു. ജി-പൈലറ്റ് സാങ്കേതികവിദ്യ കാറുകൾക്ക് ഹൈവേകളിൽ സഞ്ചരിക്കാനും സ്വയം പാർക്ക് ചെയ്യാനും പ്രാപ്‍തമാക്കും.

PREV
Read more Articles on
click me!

Recommended Stories

2.70 കോടി രൂപയുടെ ആഡംബര കാർ വാങ്ങി ബോളിവുഡ് താരം വിക്കി കൗശൽ
കുട്ടിയുമായി റോഡിലെ ആ നടത്തം; കേരളാ പൊലീസ് ചോദിക്കുന്നു, ശരിയായ രീതി ഏത്?