37 ലക്ഷത്തിന്‍റെ കാര്‍ സ്വന്തമാക്കി ഈ പൊലീസുകാര്‍, ഇന്ധനലാഭം 6.27 ലക്ഷം!

By Web TeamFirst Published Jan 2, 2021, 1:29 PM IST
Highlights

 ഏകദേശം 37.59 ലക്ഷം രൂപയോളം വില വരുന്ന കാറാണ് പൊലീസ് സേന സ്വന്തമാക്കിയിരിക്കുന്നത്

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമന്മാരായ ടെസ്‌ലയുടെ ഇടത്തരം ഇലക്ട്രിക്ക് എസ്‌യുവി ആണ് മോഡൽ വൈ. ഈ വാഹനം ഇനിമുതല്‍ ഒരു പൊലീസ് സേനയുടെ ഭാഗമാകുകയാണ്.  ന്യൂയോർക്ക് പൊലീസ് (എൻ വൈ പി ഡി) വാഹനവ്യൂഹത്തിലേക്കാണ് മോഡല്‍ വൈ ചേരുന്നത്.

ന്യൂയോർക്കിലെ വെസ്റ്റ്ചെസ്റ്റർ കൗണ്ടിയിലെ ഹേസ്റ്റിങ്സ് ഓൺ  ഹഡ്സൻ പൊലീസ് ഡിപ്പാർട്ട്മെന്റിന്റെ പട്രോൾ കാറായിട്ടാണ് മോഡല്‍ വൈ എത്തുകയെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പൊലീസിലെ ഡിറ്റക്ടീവ് വിഭാഗത്തിന്റെ കാറായിട്ടാവും മോഡൽ വൈ സേവനം അനുഷ്ഠിക്കുക. ലോകത്തു തന്നെ ഇതാദ്യമായിട്ടാണ് മോഡൽ വൈ പൊലീസ് വാഹന രൂപത്തിൽ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.  

ഒറ്റ ചാർജിൽ ദീർഘദൂരം സഞ്ചരിക്കാൻ സാധിക്കുന്ന ലോങ് റേഞ്ച് വകഭേദമാണു പൊലീസ് സ്വന്തമാക്കിയത്.19 ഇഞ്ച് ജെമിനി വീലും മിഡ്‍നൈറ്റ് സിൽവർ നിറവുമുള്ള  മോഡൽ വൈ ആണ് പൊലീസില്‍ ചേര്‍ന്നത്. 

അത്യാധുനിക വീലെൻ സെൻകോം കോർ ലൈറ്റിങ് സാങ്കേതികവിദ്യ സഹിതമാണു പൊലീസിലേക്ക് കാർ എത്തുന്നത്.  വാഹനം പൊലീസിന്‍റെ ഭാഗമാകുമ്പോള്‍ പ്രത്യേക ലൈറ്റുകളും സൈറണും റേഡിയോയുമൊക്കെ ഘടിപ്പിക്കും. കോൺഫിഗറബിലിറ്റിയും മികച്ച വേഗവുമൊക്കെ ഉറപ്പു നൽകുന്ന സെൻകോം കോർ സിസ്റ്റം അത്യാധുനിക ഓട്ടമേഷൻ, റിമോട്ട് കണക്ടിവിറ്റി സൗകര്യങ്ങളുടെ പിൻബലത്തിൽ പൊലീസ് ഓഫിസർമാർക്കു മികച്ച സുരക്ഷയും വാഗ്ദാനം ചെയ്യുന്നു.

ഹരിത സാങ്കേതികവിദ്യയെയും ബദൽ ഇന്ധനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന്‍റെ ഭാഗമായിട്ടാണ് പൊലീസിന്‍റെ ഈ നീക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. മോഡല്‍ വൈ എത്തുന്നതോടെ  വരുന്ന അഞ്ചു വർഷത്തിനിടയിലെ ഇന്ധന ചെലവിൽ 8,525 ഡോളറോളം അഥവാ ഏകദേശം 6.27 ലക്ഷം രൂപയുടെ ലാഭമാണു പൊലീസ് കണക്കുകൂട്ടുന്നത്. 

കമ്പനി വെബ്‍സൈറ്റ് പ്രകാരം 49,990 ഡോളർ ആണ് മോഡൽ വൈയുടെ വില. ഇത് ഏകദേശം 37.59 ലക്ഷം രൂപയോളം വരും. ടെസ്ലയുടെ മോഡൽ ത്രീ, മോഡൽ എസ് കാറുകൾ നേരത്തെ തന്നെ വിവിധ അമേരിക്കന്‍ സംസ്ഥാനങ്ങളിലെ പൊലീസിന്റെ ക്രൂസർ വാഹനങ്ങളായി ഉപയോഗിക്കുന്നുണ്ട്. എന്നാൽ ദീർഘ ദൂര സഞ്ചാര ശേഷിയുള്ള, പ്രകടനക്ഷമതയേറിയ മോഡൽ വൈ പൊലീസില്‍ ചേരുന്നത് ഇപ്പോഴാണെന്നു മാത്രം. 

click me!