
തായ്പേ: ഹൈവേയില്‍ അപകടത്തില്‍പ്പെട്ട് തകര്‍ന്ന് കിടന്ന ട്രക്കിലേക്ക് ഇടിച്ച് കയറി ടെസ്‍ല. ഓട്ടോപൈലറ്റ് സംവിധാനമുള്ള വാഹനം നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് അപകടത്തോടുള്ള ഡ്രൈവറുടെ പ്രതികരണം. അതേസമയം ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
തിങ്കളാഴ്ച രാവിലെ തായ്‍വാനിലാണ് സംഭവം നടന്നത്. സിസിടിവി ദൃശ്യങ്ങള്‍ ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. ടെസ്ല മോഡല്‍ 3 വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
തന്‍റെ വാഹനം ഓട്ടോപൈലറ്റ് മോഡിലായിരുന്നുവെന്നും അപകടസമയത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വേഗതയിലാണ് വാഹനം സഞ്ചരിച്ചിരുന്നതെന്നും ഉടമ ഹോംഗ് പറഞ്ഞു. രണ്ട് തരത്തിലുള്ള സെമി ഓട്ടോണോമസ് സംവിധാനമാണ് ടെസ്ലയുടെ ഇലക്ട്രിക് കാറുകളില്‍ ഉള്ളത് - ഓട്ടോ പൈലറ്റ്, സെല്‍ഫ് - ഡ്രൈവിംഗ്.
അപകടത്തോടെ ടെസ്ലയുടെ ടയറുകളില്‍ നിന്ന് പുക ഉയര്‍ന്നിരുന്നു. ട്രക്ക് മുന്നില്‍ കണ്ടതോടെ താന്‍ തന്നെ ബ്രേക്ക് ചെയ്യുകയായിരുന്നുവെന്ന് ഹോംഗ് പറഞ്ഞു. എന്നാല്‍ വളരെ വൈകിയാണ് അത്തരമൊരു നീക്കമുണ്ടായത്. അപ്പോഴേക്കും വാഹനം ട്രക്കില്‍ ഇടിച്ചിരുന്നു. പരിക്കുകളില്ലാതെ ഹോംഗ് രക്ഷപ്പെട്ടുവെന്ന് ഫോക്സ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.