ഡ്രൈവര്‍ വേണ്ടാ വണ്ടികളുമായി അയാള്‍ ഇന്ത്യയിലേക്ക്, കണ്ടറിയണം ഇനി സംഭവിക്കുന്നത്!

By Web TeamFirst Published Oct 5, 2020, 8:57 AM IST
Highlights

ഈ വാഹനങ്ങളൊക്കെ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയാല്‍ വമ്പന്‍ വാഹന വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.
 

അമേരിക്കന്‍ ഇലക്ട്രിക് കാർ ഭീമന്മാരയ ടെസ്‍ല ഇന്ത്യയിലേക്കെത്തുന്നു. കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഇലോൺ മസ്‍ക് തന്നെയാണ് 2021 ൽ കമ്പനി ഇന്ത്യയിലേക്ക് എത്തുമെന്ന സൂചന നൽകിയത്. ഇന്ത്യയ്ക്ക് ടെസ്‍ല വേണം എന്ന ടി-ഷർട്ടിന്റെ ഫോട്ടോയുള്ള ഒരു ട്വിറ്റർ പോസ്റ്റിന് മറുപടിയായാണ് മസ്‍ക് ഇന്ത്യയിലേക്കുളള കമ്പനിയുടെ വരവിന്റെ സൂചന നൽകിയത്. 

"അടുത്ത വർഷം ഉറപ്പാണ്, " എന്നായിരുന്നു ഇലോൺ മസ്‍ക് ഈ ട്വീറ്റിന് നൽകിയ മറുപടി. ‘കാത്തിരുന്നതിന് നന്ദി’ എന്നും മറുപടിയിലുണ്ട്.

കേന്ദ്ര സർക്കാർ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗവും നിർമ്മാണവും പ്രോത്സാഹിപ്പിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമയത്താണ് ടെസ്‍ലയുടെ ഇന്ത്യൻ വിപണിയിലേക്കുളള പ്രവേശനം സംബന്ധിച്ച പ്രഖ്യാപനം എത്തുന്നത്.

കഴിഞ്ഞ വർഷം ഡിമാൻഡ് മന്ദഗതിയിലായ ഇന്ത്യയുടെ വാഹനമേഖലയെ കൊറോണ വൈറസ് പകർച്ചവ്യാധി വലിയ തോതിൽ ബാധിച്ചു, വിൽപ്പന വർധിപ്പിക്കാൻ കാർ നിർമ്മാതാക്കൾ സർക്കാരിന്റെ പിന്തുണ തേടിയിരിക്കുകയാണ്. 

കാലിഫോര്‍ണിയയിലെ പാലോ ആള്‍ട്ടോ ആസ്ഥാനമായുള്ള ഓട്ടോമോട്ടീവ്, വാഹന നിര്‍മാണ കമ്പനിയാണ് ടെസ്‍ല. ടെസ്‍ല റോഡ്സ്റ്റര്‍ എന്ന, പൂര്‍ണമായും വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യത്തെ സ്പോര്‍ട്സ് കാര്‍ നിര്‍മിച്ചതോടെയാണ് കമ്പനി ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. തുടര്‍ന്ന് മോഡല്‍ എസ് എന്ന പേരില്‍ ഒരു സെഡാനും, പിന്നാലെ ക്രോസോവര്‍ വാഹനമായ മോഡല്‍ എക്സും കമ്പനി വിപണിയിലെത്തിച്ചു. 

2015 ല്‍ ലോകത്തിലെ ഏറ്റവും വില്‍പന നേടിയ ഇലക്ട്രിക്ക് കാര്‍ ആയിമാറിയിരുന്നു മോഡല്‍ എസ്. 2015 ഡിസംബറിലെ കണക്ക് പ്രകാരം ഒരു ലക്ഷം മോഡല്‍ എസ് കാറുകളാണ് വിറ്റഴിച്ചത്. 2017ല്‍ ടെസ്‍ല ഓട്ടോപൈലറ്റ് കാറുകളും പുറത്തിറക്കിയിരുന്നു. ഈ വാഹനങ്ങളൊക്കെ ഇന്ത്യന്‍ നിരത്തിലേക്കെത്തിയാല്‍ വമ്പന്‍ വാഹന വിപ്ലവത്തിനാകും രാജ്യം സാക്ഷ്യം വഹിക്കുക.
 

click me!