തകര്‍ത്തത് ജോജുവിന്‍റെ പുത്തന്‍ ഡിഫന്‍ഡര്‍, രക്ഷകനായത് സിഐ!

By Web TeamFirst Published Nov 1, 2021, 2:03 PM IST
Highlights

വാഹനങ്ങളോട് ഏറെ കമ്പമുള്ള ജോജു അടുത്തിടെ സ്വന്തമാക്കിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ (Land Rover Difender) ആണ് അക്രമത്തില്‍ തകര്‍ന്നത്. 
 

ന്ധനവില വര്‍ധനയ്‌ക്കെതിരായ കോണ്‍ഗ്രസിന്റെ (Congress) വഴിതടയല്‍ സമരത്തിനിടെ പ്രതിഷേധിച്ച നടന്‍ ജോജു ജോര്‍ജിന്റെ (Joju George) വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്ത സംഭവം വന്‍ വിവാദമായിരിക്കുകയാണ്.  വാഹനങ്ങളോട് ഏറെ കമ്പമുള്ള ജോജു അടുത്തിടെ സ്വന്തമാക്കിയ പുതിയ ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ (Land Rover Defender) ആണ് അക്രമത്തില്‍ തകര്‍ന്നത്. 

പ്രതിഷേധിച്ച ജോജുവിന്റെ വാഹനം കടന്നുപോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. ഇതിനിടെ വാഹനത്തിന്‍റെ പിന്നിലെ ചില്ല് ചിലര്‍ അടിച്ചു തകര്‍ത്തു. ഒടുവില്‍ സിഐ തന്നെ വാഹനത്തില്‍ കയറി ഡ്രൈവ് ചെയ്‍ത് ജോജുവിനെ സ്ഥലത്തു നിന്ന് മാറ്റുകയായിരുന്നു. നേരെ പനങ്ങാട് പൊലീസ് സ്‌റ്റേഷനിലേക്കാണ് വാഹനം മാറ്റിയത്. 

ടാറ്റയുടെ ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ആഡംബര വാഹന നിര്‍മാതാക്കളായ ലാന്‍ഡ് റോവര്‍ അടുത്തിടെ പുറത്തിറക്കിയ പുത്തന്‍ ഡിഫന്‍ഡറിന്റെ ഫൈവ് ഡോര്‍ പതിപ്പായ 110-ന്റെ ഫസ്റ്റ് എഡിഷന്‍ മോഡല്‍ ഈ ഓഗസ്റ്റിലാണ് ജോജു ജോര്‍ജ് സ്വന്തമാക്കിയത്. 83 ലക്ഷം രൂപ മുതൽ 1.12 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ ഇന്ത്യയിലെ എക്സ്ഷോറും വില. 

ലാന്‍ഡ് റോവറിന്റെ ഐതിഹാസിക മോഡലുകളില്‍ ഒന്നാണ് ഡിഫന്‍ഡര്‍ എസ്.യു.വി. പതിറ്റാണ്ടുകള്‍ നിരത്തുകളില്‍ നിറഞ്ഞുനിന്നിരുന്ന ഈ വാഹനം ഒരു ഇടവേളയ്ക്ക് ശേഷം 2019-ലാണ് ആഗോള വിപണിയില്‍ എത്തിയത്. മുമ്പ് കരുത്തായിരുന്നു ഡിഫന്‍ഡറിന്റെ മുഖമുദ്രയെങ്കില്‍ രണ്ടാം വരവില്‍ കരുത്തിനൊപ്പം മികച്ച സാങ്കേതികവിദ്യയുടെയും അകമ്പടിയിലാണ് ഈ വാഹനം എത്തിയത്. 

5018 എം.എം നീളവും 2105 എം.എം വീതിയും 1967 എം.എം ഉയരവും 3022 എം.എം. വീല്‍ബേസുമാണ് ഡിഫന്‍ഡറിലുള്ളത്. വാഹന ഭാഗങ്ങൾ വിദേശത്ത് തന്നെയാണ് നിർമ്മിക്കപെട്ടത്.2.0 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനിലാണ് ഡിഫന്‍ഡറിനുള്ളത്. 292 ബിഎച്ച്പി പവറും 400 എന്‍എം ടോര്‍ക്കുമാണ് ഇതിന് കരുത്തേകുന്നത്. ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലെത്തുന്ന ഈ വാഹനത്തില്‍ ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും ഉണ്ട്. 12.3 ഇഞ്ച് ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, ഓവർ ദി എയർ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ നാല് സ്പോക്ക് മൾട്ടി ഫങ്ഷൻ സ്റ്റിയറിങ് വീൽ തുടങ്ങിയ ഫീച്ചറുകളുമുണ്ട് വാഹനത്തിന്. 

പത്ത് ഇഞ്ച് വലിപ്പത്തിലുള്ള പുതിയ പിവി പ്രോ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് സാങ്കേതികവിദ്യയില്‍ ഈ വാഹനത്തെ മിടുക്കനാക്കുന്നതില്‍ മുഖ്യന്‍. 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഓവര്‍ ദി എയര്‍ അപ്ഡേറ്റ്സ്, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ നാല് സ്പോക്ക് മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ തുടങ്ങി നിരവധി ഫീച്ചറുകള്‍ ഇന്റീരിയറിനെ സമ്പന്നമാക്കുന്നുണ്ട്. 145 ഡിഗ്രി വരെ ചെരിവുള്ള പ്രതലത്തില്‍ സഞ്ചരിക്കാന്‍ സാധിക്കുന്ന ടെറൈന്‍ റെസ്പോണ്‍സ് സംവിധാനവും ഇതിലുണ്ട്. ജീപ്പ് റാംഗ്ലറും, മിനി കൂപ്പറും അടക്കമുള്ള വാഹനങ്ങൾ ജോജുവിന്‍റെ ഗാരേജില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. 

അതേസമയം എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിച്ചത്. ദേശീയ പാതയിലെ സമരത്തെ തുടർന്ന് നൂറ് കണക്കിന് വാഹനങ്ങള്‍ വഴിയില്‍ കുടുങ്ങുകയായിരുന്നു. കാറുകളും മുച്ചക്രവാഹനങ്ങളും ഉപയോഗിച്ച് ബൈപ്പാസിലെ ഇടപ്പളളി മുതൽ റോഡിന്‍റെ ഇടതുവശമാകും ഉപരോധിച്ചത് വന്‍ പ്രതിഷേധത്തിനാണ് ഇടയാക്കിയത്. രോഗികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഏറെ നേരം വഴിയില്‍ കുടുങ്ങിയതോടെയാണ് ജോജു ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. 

ഗതാഗതം തടസപ്പെടുത്തിയുള്ള സമരത്തിനെതിരെയായിരുന്നു ജോജുവിന്റെ പ്രതിഷേധം. വാഹനത്തില്‍നിന്നിറങ്ങിയ ജോജു സമരക്കാരുടെ അടുത്തെത്തി രോഷാകുലനായി തന്റെ പ്രതിഷേധം അറിയിക്കുകയായിരുന്നു. ഇത് ചെറിയരീതിയിലുള്ള വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് മണിക്കൂറോളമായി ആളുകള്‍ കഷ്ടപ്പെടുകയാണെന്നും താന്‍ ഷോ കാണിക്കാന്‍ വന്നതല്ലെന്നും ജോജു മാധ്യമങ്ങളോട് പറഞ്ഞു. തനിക്ക് കൂടുതലായി ഒന്നും പറയാനില്ലെന്നും സമരം ചെയ്യുന്നവരോടാണ് ചോദ്യങ്ങള്‍ ചോദിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

ഇതിനിടെ, കാശുണ്ടായത് കൊണ്ടാണ് ജോജു ജോര്‍ജ് ഇത്തരത്തില്‍ പ്രതികരിക്കുന്നതെന്ന് സമീപത്തുനിന്ന് ഒരാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. താന്‍ പണിയെടുത്താണ് കാശുണ്ടാക്കുന്നതെന്നായിരുന്നു ജോജു നല്‍കിയ മറുപടി. ഇതിനുപിന്നാലെയാണ് ജോജുവിന്റെ വാഹനത്തിന് നേരേ ആക്രമണമുണ്ടായത്.  


 

click me!