പുത്തന്‍ ജീപ്പ് കോംപസ് ജനുവരി 7ന് എത്തും

By Web TeamFirst Published Dec 29, 2020, 2:11 PM IST
Highlights

പുതിയ കോംപസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു.

ഐക്കണിക്ക് അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ജീപ്പിന്റെ ഇന്ത്യയിലെ ജനപ്രിയ മോഡലാണ് കോംപസ്. വാഹനത്തിന്‍റെ പുതിയ പതിപ്പ് ഇന്ത്യയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. പുത്തന്‍ കോംപസ് 2021 ജനുവരി 7-ന് വിപണിയിലേക്കെത്തും എന്ന് ഓട്ടോ കാര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇക്കാര്യം വ്യക്തമാക്കി ജീപ്പ് ട്വീറ്റ് ചെയ്‌തതായാണ് റിപ്പോര്‍ട്ടുകള്‍. കോംപസില്‍ പ്രതീക്ഷിക്കാവുന്ന മാറ്റങ്ങളെ സംബന്ധിച്ച് ചില സൂചനകളും ടീസര്‍ വീഡിയോ നൽകുന്നുണ്ട്.

പുതിയ കോംപസിനെ ഗ്വാങ്‌ഷോ ഇന്റർനാഷണൽ മോട്ടോർ ഷോയിൽ ജീപ്പ് പ്രദർശിപ്പിച്ചിരുന്നു.  2016 ൽ രണ്ടാം തലമുറ അരങ്ങേറ്റം മുതൽ എസ്‌യുവിയുടെ ഏറ്റവും പ്രധാനപ്പെട്ട ഫെയ്‌സ്‌ലിഫ്റ്റാണിത്. ഈ ചൈന-സ്പെക് കോംപസ് തന്നെയാണ് ചില മാറ്റങ്ങളോടെ ഇന്ത്യയിലെത്തുക എന്നാണ് ടീസർ ചിത്രം വ്യക്തമാക്കുന്നത്. കാര്യമായ അഴിച്ചു പണിക്ക് പകരം ചില ഘടകങ്ങൾ പരിഷ്കരിച്ച് പുതുമ വരുത്തുകയാവും ജീപ്പ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫ്രണ്ട് ബമ്പർ, സ്ലിമ്മർ ഗ്രിൽ, എൽഇഡി ഹെഡ്‌ലാമ്പുകൾ എന്നിവപോലുള്ള ചെറിയ മാറ്റങ്ങളോടെയാണ് എസ്‌യുവി എത്തുന്നത്. പുതിയ 3 സ്‌പോക്ക് സ്റ്റിയറിംഗ് വീലും ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററും എസ്‌യുവിക്ക് ലഭിച്ചേക്കും.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റ് പഴയ എഞ്ചിനുകൾ നിലനിർത്തിയേക്കും. 170 bhp കരുത്തിൽ 350 Nm ടോർക്ക് ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റർ, 4 സിലിണ്ടർ ഡീസൽ, 161 bhp പവറും 250 Nm ടോർക്കും നൽകുന്ന 1.4 ലിറ്റർ ടർബോ പെട്രോൾ എഞ്ചിൻ ആണ് ലഭിക്കുക. രണ്ട് എഞ്ചിനുകളും സ്റ്റാൻഡേർഡായി ആറ് സ്പീഡ് മാനുവൽ ഗിയർബോക്‌സുമായാണ് ജോടിയാക്കിയിരിക്കുന്നത്. 1.3 ലിറ്റർ ടർബോ പെട്രോൾ എഞ്ചിനും പുതിയ കോമ്പസിൽ ജീപ്പ് നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

കോമ്പസ് ഫെയ്‌സ്‌ലിഫ്റ്റിന്റെ നീളവും ഉയരവും യഥാക്രമം 29 മില്ലീമീറ്ററും 17 മില്ലീമീറ്ററും വർധിച്ചിട്ടുണ്ട്. വീൽബേസ് 2636 മില്ലീമീറ്ററായി തുടരുന്നു. ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിലെ പ്രധാന ആകർഷണം ക്രോമിൽ‌ പൂർ‌ത്തിയാക്കിയ സെവൻ ബോക്സ് ഫ്രണ്ട് ഗ്രില്ലാണ്. ആമസോൺ അലക്സാ പിന്തുണ, ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ കണക്റ്റിവിറ്റി എന്നിവയുള്ള ഫ്ലോട്ടിംഗ് 10.1 ഇഞ്ച് ടച്ച്സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് ഹെഡ്-യൂണിറ്റ് ഉപയോഗിച്ച് പുനർരൂപകൽപ്പന ചെയ്ത ഡാഷ്‌ബോർഡ് വാഹനത്തിന്റെ അകത്തളത്തിൽ ലഭിക്കുന്നുണ്ട്.

ഇന്ത്യന്‍ വാഹന വിപണിയുടെ മുഖച്ഛായ തന്നെ മാറ്റിക്കൊണ്ട് 2017 ജൂലൈ 31നാണ് കോംപസ് ഇന്ത്യയിലെത്തിയത്. പൂണെയിലെ രംഞ്ജന്‍ഗോവന്‍ പ്ലാന്റില്‍ ഏഴുപത് ശതമാനത്തിലേറെ പ്രാദേശികമായാണ് കോംപസിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. നിരത്തിലിറങ്ങി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഏറെ ഹിറ്റായി മാറിയ വാഹനമാണ് കോംപസ്. ക്രാഷ് ടെസ്റ്റില്‍ ഉള്‍പ്പെടെ കിടിലന്‍ പ്രകടനം കാഴ്ച വച്ച കോംപസ് വില്‍പ്പനയിലും ചരിത്രം സൃഷ്‍ടിച്ചിരുന്നു.  

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക്, ട്രെയ്ല്‍ഹോക്ക് തുടങ്ങിയ സ്‌പെഷ്യല്‍ എഡിഷനുകളും കോംപസിലുണ്ട്. അടുത്തിടെയാണ് വാഹനത്തിന്‍റെ ബിഎസ്6 പതിപ്പ് നിരത്തിലെത്തിയത്.

നിലവില്‍ 16.49 ലക്ഷം മുതൽ 24.99 ലക്ഷം വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്-ഷോറൂം വില. പരിഷ്കരിച്ചെത്തുന്ന മോഡലിന് സ്വാഭാവികമായും വില വർദ്ധിക്കും. പുതിയ മോഡലിനായുള്ള ബുക്കിംഗ് ഡീലർമാർ സ്വീകരിച്ചു തുടങ്ങിയെന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

click me!