"പണമെന്തുചെയ്യും? പത്തുവിധം ചെയ്യും.." 21 കോടിയുടെ കാര്‍ കയറ്റാന്‍ 17 കോടിയുടെ കാരവാന്‍!

By Web TeamFirst Published Sep 7, 2021, 5:30 PM IST
Highlights

ആഡംബരത്തിന്‍റെ ആറാട്ട്.  21 കോടിയുടെ കാര്‍ കയറ്റി 17 കോടിയുടെ കാരവാന്‍. വീഡിയോ വൈറല്‍

ഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍  വൈറലായിരിക്കുകയാണ് ഒരു കാരവാന്‍. ജർമ്മൻ മോട്ടോർഹോം സ്പെഷ്യലിസ്​റ്റായ വോൾക്​നർ ഡിസൈന്‍ ചെയ്‍ത ഈ കാരവാനിന്‍റെ പ്രത്യേകത എന്തെന്നല്ലേ?​ കാര്‍സ്‍കൂപ്പ്‍സ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നത് അനുസരിച്ച് അത്യാഡംബരം നിറഞ്ഞ ഈ കാരവന്‍റെ വില 17 കോടി രൂപയാണ് എന്നാണ്. എന്നാല്‍ ഈ വില മാത്രമല്ല  ഈ കാരവാനിനെ സോഷ്യല്‍ മീഡിയയില്‍ വൈറലാക്കുന്നത്. അതെന്താണെന്നല്ലേ?

ഈ കാരവാന്‍റെ ലഗേജ്​ സ്​പെയ്​സ്​ കാണിക്കാൻ വ്യത്യസ്​തമായൊരു പരസ്യം കഴിഞ്ഞദിവസം​ വോൾക്​നർ പുറത്തുവിട്ടു. ഈ കാരവനിൽ 21 കോടിയില്‍ അധികം രൂപ വിലവരുന്ന ഹൈപ്പർ കാറായ ബ്യൂഗാട്ടി ഷിറോൺ കയറ്റുന്ന വീഡിയോ ആയിരുന്നു​ കമ്പനി പുറത്തുവിട്ടത്​. 17 കോടിയുടെ വണ്ടിയുടെ അകത്ത് 21 കോടിയുടെ കാറുമായി സഞ്ചരിക്കുന്നതിലെ ആഡംബംരം ഒന്നാലോചിച്ചു നോക്കൂ! പിന്നെങ്ങനെ സോഷ്യല്‍ മീഡിയയും വാഹന ലോകവും ഞെട്ടാതിരിക്കും?

ഇനി ഈ അത്യാഡബംര കാരവാന്‍റെ വിശേഷങ്ങള്‍ അറിയാം. മൊബീൽ പെർഫോമൻസ് എസ് എന്നാണ് ഈ​ കാരവന് നിര്‍മ്മാതാക്കളായ​ വോൾക്​നർ നല്‍കിയിരിക്കുന്ന പേര്. ലോകത്ത്​ എവിടേക്കും സെവൻസ്​റ്റാർ ആഡംബരവുമായി സഞ്ചരിക്കാന്‍ സാധിക്കും എന്നതാണ്​ ഈ ആഡംബര കൊട്ടാരത്തിന്‍റെ പ്രത്യേകത. 

കാരവ​ന്‍റെ അകത്തളത്തില്‍ ആഡംബരത്തി​ന്‍റെ ആറാട്ടാണ്. തുകൽ ഫിനിഷാണ്​ എവിടെയും. ക്രീം നിറമുള്ള പെയിന്റും ലെതർ അപ്ഹോൾസ്റ്ററിയും ചേർന്നതാണ് മോട്ടോർഹോമിന് ആഡംബരത്തികവ് നൽകുന്നത്.  354,000 ഡോളർ വിലയുള്ള പ്രീമിയം ബർമെസ്റ്റർ ഓഡിയോ സിസ്റ്റമാണ്​ മറ്റൊരു പ്രത്യേകത. ബിൽറ്റ്-ഇൻ കോഫി മെഷീൻ, എൽ ആകൃതിയിലുള്ള അടുക്കള, വലിയ കുളിമുറി തുടങ്ങിയവ വാഹനത്തില്‍ ഉണ്ട്. 

ഇൻഡക്ഷൻ കുക്ക്‌ടോപ്പ്, മൈക്രോവേവ്, ഓവൻ, വൈൻ കാബിനറ്റ് എന്നിവയുൾപ്പെടെ ഉപഭോക്താക്കൾക്ക് അവർ ആഗ്രഹിക്കുന്ന എല്ലാ സൗകര്യങ്ങളും കാരവാനില്‍ ഉണ്ട്. ഇൻഡക്ഷൻ കുക്​ടോപ്പിനും മൈക്രോവേവ് ഓവനും കൂടാതെ വൈൻ കാബിനറ്റ് എന്നിവയും മറ്റ് സവിശേഷതകളിൽ ഉൾപ്പെടുന്നു. തീര്‍ന്നില്ല, ഒരു മൾട്ടി-സോൺ എയർകണ്ടീഷൻ സംവിധാനവും വാഹനത്തിലുണ്ട്​.  

430 എച്ച്​.പി പവർട്രെയിനാണ് ഈ കാരവന്‍റെ ഹൃദയം. 2,000 വാട്ട് സോളാർ സിസ്റ്റത്തിൽ നിന്നാണ് വാഹനത്തിന്​ ആവശ്യമായ വൈദ്യുതി ലഭിക്കുന്നത്​. ഒരു കാറിനെ ഉൾക്കൊള്ളാൻ കഴിയുന്ന അണ്ടർബോഡി സ്റ്റോറേജ് തന്നെയാണ് വാഹനത്തി​ന്‍റെ മുഖ്യ പ്രത്യേകത. എളുപ്പത്തിൽ സ്ലൈഡ് ചെയ്​ത്​ പുറത്തുവരുന്ന പ്ലാറ്റ്ഫോമും  സ്​റ്റോറേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്​.

ഈ സ്റ്റോറേജ് സ്‍പേസിലേക്ക് ബുഗാട്ടി ഷിറോണ്‍ കയറ്റുന്ന വീഡിയോ ആണ് വൈറലാകുന്നത്. ഈ കാരവാന്‍ സ്വന്തമാക്കി വിനോദ സഞ്ചാരത്തിനു പോകുന്ന ശതകോടീശ്വരന്മാര്‍ക്ക് തങ്ങളുടെ കോടികള്‍ വിലയുള്ള കാറും ഒപ്പം കൊണ്ടുപോകാമെന്ന് ചുരുക്കം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!