
പുതുക്കിയ ഒറ്റത്തവണ നികുതി ഘടന നടപ്പിലാക്കി മഹാരാഷ്ട്ര സർക്കാർ. ഇതോടെ ജൂലൈ ഒന്നുമുതൽ സംസ്ഥാനത്തെ ഉയർന്ന നിലവാരമുള്ള കാറുകൾ, സിഎൻജി, എൽഎൻജി വാഹനങ്ങൾ, ചരക്ക് വാഹനങ്ങൾ എന്നിവയുടെ വില വർദ്ധിച്ചു. ഒറ്റത്തവണ നികുതിയുടെ മുൻ പരിധി 20 ലക്ഷമായിരുന്നെങ്കിൽ ഇപ്പോൾ 30 ലക്ഷമായി. ഇതോടെ ₹ 20 ലക്ഷമോ അതിൽ കൂടുതലോ എക്സ്-ഷോറൂം വിലയുള്ള കാറുകൾക്ക് കുറഞ്ഞത് 10 ലക്ഷം വരെ വില വർധിക്കും. ഇത് വാഹനവില 30 ലക്ഷമോ അതിൽ കൂടുതലോ വർദ്ധിപ്പിക്കും .
മഹാരാഷ്ട്ര സർക്കാരിന്റെ പുതിയ നികുതി നയം പ്രകാരം, ഇപ്പോൾ പെട്രോൾ, ഡീസൽ കാറുകൾക്ക് അവയുടെ വിലയ്ക്കനുസരിച്ച് നികുതി ചുമത്തും. ഇതനുസരിച്ച് 10 ലക്ഷം രൂപയിൽ താഴെയുള്ള പെട്രോൾ കാറുകൾക്ക് 11 ശതമാനം നികുതി ചുമത്തും. 10 ലക്ഷം രൂപ മുതൽ 20 ലക്ഷം രൂപ വരെയുള്ള കാറുകൾക്ക് 12 ശതമാനം നികുതി നൽകേണ്ടിവരും. 20 ലക്ഷം രൂപയ്ക്ക് മുകളിലുള്ള കാറുകൾക്ക് 13% നികുതി നൽകേണ്ടിവരും. അതേസമയംഡീസൽ കാറുകളുടെ ഈ നികുതി യഥാക്രമം 13%, 14%, 15% എന്നിങ്ങനെയായിരിക്കും. എങ്കിലും സംസ്ഥാനത്തെ ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇവി) നികുതി ഇളവുകൾ തുടർന്നും ലഭിക്കും. 30 ലക്ഷത്തിന് മുകളിൽ വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് ആറ് ശതമാനം നികുതി ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ നേരത്തെ നിർദ്ദേശിച്ചിരുന്നുവെങ്കിലും പിന്നീട് ഈ നിർദ്ദേശം പിൻവലിച്ചു.
സംസ്ഥാനത്ത് ഒരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉയർന്ന നിലവാരമുള്ള പെട്രോൾ, ഡീസൽ കാറുകൾക്ക് യഥാക്രമം 1.54 കോടി രൂപയും 1.33 കോടി രൂപയും വിലയുള്ളവയ്ക്ക് ഇനി മുതൽ 20 ലക്ഷം രൂപയിൽ കൂടുതൽ ഒറ്റത്തവണ നികുതി ഈടാക്കുമെന്ന് പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. മഹാരാഷ്ട്രയിൽ, ഒരു വ്യക്തിയുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പെട്രോൾ കാറുകൾക്ക് 10 ലക്ഷത്തിൽ താഴെ വിലയുള്ളവയ്ക്ക് 11 ശതമാനവും, 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വിലയുള്ളവയ്ക്ക് 12 ശതമാനവും , 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 13 ശതമാനവുമാണ് ഒറ്റത്തവണ നികുതി. ഡീസൽ കാറുകൾക്ക്, 10 ലക്ഷത്തിൽ താഴെ വിലയുള്ള കാറുകൾക്ക് 13 ശതമാനവും , 10 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിൽ വിലയുള്ളവയ്ക്ക് 14 ശതമാനവും , 20 ലക്ഷത്തിന് മുകളിൽ വിലയുള്ളവയ്ക്ക് 15 ശതമാനവുമാണ് ഒറ്റത്തവണ നികുതി .
പിക്കപ്പ് ട്രക്കുകൾ, 7,500 കിലോഗ്രാം വരെ ഭാരമുള്ള ടെമ്പോകൾ, ക്രെയിനുകൾ, കംപ്രസ്സറുകൾ, പ്രൊജക്ടറുകൾ തുടങ്ങിയ നിർമ്മാണ വാഹനങ്ങൾക്ക് ഇനി വിലയുടെ ഏഴ് ശതമാനം നികുതി ചുമത്തും. മുൻകാലങ്ങളിൽ ഉണ്ടായിരുന്ന മൊത്തം വാഹന ഭാരത്തിന് പകരം വിലയുടെ അടിസ്ഥാനത്തിലാണ് ഈ വാഹനങ്ങൾക്ക് ഇനി നികുതി ചുമത്തുകയെന്നാണ് റിപ്പോർട്ടുകൾ. ഉദാഹരണത്തിന്, മുമ്പ്, ഏകദേശം 10 ലക്ഷം വിലയുള്ള ഒരു പിക്കപ്പ് വാഹനത്തിന് ഭാരം അടിസ്ഥാനമാക്കി ഏകദേശം 20,000 രൂപ നികുതി ഈടാക്കുമായിരുന്നു , പരിഷ്കരിച്ച ഘടന പ്രകാരം ഇത് ഏകദേശം 70,000 രൂപ ആയിരിക്കും. സംസ്ഥാന ഗതാഗത വകുപ്പിന്റെ വെബ്‌സൈറ്റ് അനുസരിച്ച്, 750 കിലോഗ്രാമിനും 7,500 കിലോഗ്രാമിനും ഇടയിൽ ഭാരമുള്ള ചരക്ക് വാഹനങ്ങൾക്ക് നേരത്തെ 8,400 രൂപ മുതൽ 37,800 രൂപ വരെയായിരുന്നു ഒറ്റത്തവണ നികുതി.
ഒരു വാഹനം ഇറക്കുമതി ചെയ്യുകയോ കമ്പനിയുടെ പേരിൽ രജിസ്റ്റർ ചെയ്യുകയോ ചെയ്താൽ, സംസ്ഥാനത്തെ പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് അവയുടെ വില പരിഗണിക്കാതെ തന്നെ 20 ശതമാനം ഒറ്റത്തവണ നികുതി ഈടാക്കും. പുതുക്കിയ നികുതി ഘടന പ്രകാരം, കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) അല്ലെങ്കിൽ ലിക്വിഡ് നാച്ചുറൽ ഗ്യാസ് (എൽഎൻജി) എന്നിവയിൽ പ്രവർത്തിക്കുന്ന കാറുകൾക്കും അൽപ്പം വില കൂടുമെന്നും ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർദ്ധനവുണ്ടാകുമെന്നും ആർടിഒ ഉദ്യോഗസ്ഥർ പറഞ്ഞതായി റിപ്പോർട്ടിൽ പറയുന്നു.