മോഷ്‍ടിച്ച കാറില്‍ കുഞ്ഞ്, തിരികെയെത്തി അമ്മയെ ഉപദേശിച്ച് കാറുമായി വീണ്ടും കടന്ന് കള്ളന്‍!

By Web TeamFirst Published Jan 20, 2021, 8:55 AM IST
Highlights

കുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച്​ അമ്മക്ക്​ ഒരു സ്റ്റഡി ക്ലാസ് തന്നെ​ എടുത്തുകളഞ്ഞു നമ്മുടെ ഈ മോഷ്‍ടാവ്. കൂടെ കുഞ്ഞിനെ കാറില്‍ ഒറ്റയ്ക്കിരുത്തിയ അമ്മയെ കണക്കിന് ശകാരിക്കുകയും ചെയ്‍തു. 

അവിടെ ആ കാര്‍ പാര്‍ക്ക് ചെയ്യുമ്പോള്‍ ആ അമ്മയോ നിര്‍ത്തിയിട്ടിരിക്കുന്ന ആ കാർ മോഷ്‍ടിച്ചു കടക്കുമ്പോള്‍ ആ മോഷ്‍ടാവോ ചിന്തിച്ചിരിക്കില്ല ഇനി നടക്കാനിരിക്കുന്ന നാടകീയ സംഭവങ്ങളെപ്പറ്റി. എന്തായാലും കാര്‍ മോഷണ ശേഷം അരങ്ങേറിയത് കൌതുകകരമായ സംഭവങ്ങൾ തന്നെയായിരുന്നു. 

ഗ്രോസറിക്ക്​ മുന്നിൽ നിർത്തിയിട്ടിരുന്ന കാറും തട്ടിയെടുത്ത്​​ അൽപദൂരം ഓടിച്ച ശേഷമാണ്​ മോഷ്​ടാവ്​ കാറിനുള്ളിൽ ഒരു കുട്ടിയെ കാണുന്നത്​.  ഏകദേശം നാലു വയസ് പ്രായം. പിന്നെ ഒന്നും ചിന്തിച്ചില്ല അയാള്‍, യൂ ടേണ്‍ അടിച്ച് നേരെ അമ്മയുടെ അരികിലേക്ക് തന്നെ വണ്ടി വിട്ടു. പിന്നെ നടന്ന കൌതുകകരമായ സംഭവത്തെക്കുറിച്ച് ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ഇങ്ങനെ. 

അമേരിക്കയിലെ ഒറിഗോണിലെ ബേസിക്സ് മീറ്റ് മാർക്കറ്റിൽ സാധനം വാങ്ങാൻ കുട്ടിയുമായി എത്തിയതായിരുന്നു ക്രിസ്റ്റൽ ലിയറി എന്ന അമ്മ. കുഞ്ഞിനെ കാറിലിരുത്തി, എൻജിൻ സ്റ്റാർട്ട് ചെയ്‍ത് നിർത്തി സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇവര്‍ പുറത്തേക്കിറങ്ങി. ഈ തക്കം നോക്കി വണ്ടിയിൽ കയറിയ കള്ളൻ കാറും കവര്‍ന്ന് കടന്നുകളഞ്ഞു. 

എന്നാല്‍ കാറുമായി കുറേദൂരം ചെന്നപ്പോഴാണ് കാറിനുള്ളിൽ ഇയാള്‍ കുഞ്ഞിനെ കാണുന്നത്. അതോടെ വണ്ടി തിരിച്ചുവിട്ടു. മകനും കാറും നഷ്​ടമായി മനംതകർന്ന്​ നിൽക്കുന്ന അമ്മയുടെ അരികിൽ അയാള്‍  ആ 2013 മോഡൽ ​​ഹോണ്ട പൈലറ്റ് കാർ നിർത്തി. എന്നിട്ട് കുഞ്ഞിനെ തിരികെയേൽപ്പിച്ചു. ഇനിയാണ്​ കഥയിലെ യതാര്‍ത്ഥ യൂ ടേൺ. 

കുട്ടികളെ എങ്ങനെ വളർത്തണം എന്നതിനെക്കുറിച്ച്​ അമ്മക്ക്​ ഒരു സ്റ്റഡി ക്ലാസ് തന്നെ​ എടുത്തുകളഞ്ഞു നമ്മുടെ ഈ മോഷ്‍ടാവ്. കൂടെ കുഞ്ഞിനെ കാറില്‍ ഒറ്റയ്ക്കിരുത്തിയ അമ്മയെ കണക്കിന് ശകാരിക്കുകയും ചെയ്‍തു. കുട്ടിയെ കാറിൽ ഒറ്റക്ക്​ ഇരുത്തി പുറത്തേക്ക്​ പോയ നിങ്ങളെക്കുറിച്ച് പൊലീസിൽ അറിയിക്കും എന്ന് ഭീഷണിപ്പെടുത്തുക കൂടി ചെയ്‍ത ശേഷമാണത്രെ മോഷ്‌ടാവ്‌ മടങ്ങിയത്; അതും മോഷ്‌ടിച്ച അതേ കാറിൽ തന്നെ! 

മോഷണത്തിനിടെ ഇയാൾ കുഞ്ഞിനെ ഒരുതരത്തിലും പരിക്കേൽപ്പിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. കുട്ടി സുരക്ഷിതനായിരിക്കുന്നതായി പൊലീസും വ്യക്തമാക്കി. സംഭവത്തിന്‍റെ നടുക്കത്തിലാണ് ഇപ്പോഴും അമ്മയായ  ക്രിസ്റ്റൽ ലീറി.  "അമ്മമാർ സാധാരണ എപ്പോഴും തിരക്കിലായിരിക്കും. ഒറ്റ സെക്കൻഡിൽ ഏല്ലാം നടത്തി തിരികെ വരാമെന്ന ​വിശ്വാസത്തിലായിരിക്കും അവർ. പക്ഷേ, ആ ഒരു സെക്കൻഡിലെ അശ്രദ്ധ പോലും എത്ര ഭയാനകമാണെന്ന്​ തെളിയിക്കുകയാണ്​ ഈ സംഭവം" ക്രിസ്റ്റൽ ലീറി പറയുന്നു. 

എന്തായാലും ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള മോഷ്‌ടാവിനും കാറിനുമായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് ഒറിഗോണിലെ ബ​വേർട്ടൻ പൊലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍. 

click me!